- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിദ്യാഭ്യാസ മേഖലയില്‍ പരിചയസമ്പന്നരായ വിശ്വസനീയ ഏജന്‍സികള്‍ക്കേ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നതിന് അപേക്ഷിക്കാനാകൂ; സംസ്ഥാന ട്രഷറിയില്‍ 25 കോടി രൂപ കോര്‍പ്പസ് ഫണ്ടായി നിക്ഷേപിക്കണം; അനുമതിയ്ക്ക് വിദഗ്ധ സമിതിയുടെ ശുപാര്‍ശ വേണം; കേരളവും മാറ്റത്തിന്റെ വഴിയിലേക്ക്; സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി; വിദ്യാഭ്യാസ കച്ചവടത്തെ എതിര്‍ത്തത് കെകെ രമ മാത്രം
തിരുവനന്തപുരം: കേരളത്തിനും ആ മാറ്റത്തിന് വഴിയൊരുക്കുന്നു. സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി. സ്വകാര്യ സര്‍വകലാശാല ബില്‍ പാസായതോടെ ഇടതു സര്‍ക്കാരിന്റെ പ്രകടമായ നയം മാറ്റമാണ് പ്രാബല്യത്തില്‍ വരുന്നത്. ഇതിനോടകം തന്നെ രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ സര്‍വകലാശാലകള്‍ താത്പര്യം പ്രകടിപ്പിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. ഇതിന് പിന്നാലെ കിട്ടുന്ന അപേക്ഷകള്‍ പരിഗണിച്ച് സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കും. ഗവര്‍ണര്‍ ഉടന്‍ ബില്ലില്‍ ഒപ്പിടാനാണ് സാധ്യത.
സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ പുതിയ കാല്‍വയ്പ്പാണിത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. സ്വകാര്യ സര്‍വകലാശാല നടത്തിപ്പില്‍ കാലോചിതമായ മാറ്റങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ സ്വകാര്യ സര്‍വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കച്ചവടത്തിന് ഇടയാക്കുമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എങ്കിലും ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. അതേസമയം സ്വകാര്യ സര്‍വകലാശാല ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്ന് കെ.കെ.രമ എംഎല്‍എ നിലപാടെടുത്തു. പണമുള്ളവര്‍ക്ക് മാത്രം പഠിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാകും. വിദ്യാഭ്യാസത്തെ കച്ചവടക്കല്‍ക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും എംഎല്‍എ വിമര്‍ശനം ഉന്നയിച്ചു. ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്നും സ്വകാര്യ സര്‍വകലാശാലകള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും എങ്ങനെ ബാധിക്കും എന്ന് പഠിക്കണമെന്നും വി ഡി സതീശന്‍ വിശദീകരിച്ചിട്ടുണ്ട്.
'പൊതു മേഖലയിലെ സര്‍വകലാശാലകള്‍ക്ക് മുന്‍ഗണന നല്‍കണം. ഏതു കോര്‍പ്പറേറ്റുകള്‍ക്കും സര്‍വകലാശാല തുടങ്ങാമെന്ന അവസ്ഥ ഒഴിവാക്കണം. കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സികള്‍ക്ക് ഇത്തരം സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അവസരം നല്‍കണം. ഇത്തരം ഏജന്‍സികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായകമായ പങ്ക് വഹിച്ചവരാണ്. ബില്ല് നടപ്പാക്കുന്നതിന് മുമ്പ് ഗൗരവമായ പരിശോധന നടത്തണം', അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിമര്‍ശനമായി കാണരുത്, നിര്‍ദ്ദേശമായി എടുക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് സ്റ്റുഡന്റ് മൈഗ്രേഷന്‍ വ്യാപകമാണെന്നും ഈ നിയമം സ്റ്റുഡന്റ് മൈഗ്രേഷന്‍ തടയാന്‍ ഉതകുന്നതാണോയെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വിശദമായ പഠനം നടത്തിക്കൊണ്ട് മാത്രമേ ഈ ബില്ല് നടപ്പിലാക്കാനാകൂവെന്നും ഇപ്പോഴത്തെ സ്വകാര്യ കോളേജുകളും സ്ഥാപനങ്ങളും യൂണിവേഴ്സിറ്റിയായി മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് പ്രശസ്തരായ യൂണിവേഴ്സിറ്റികളുടെ ക്യാമ്പസ് സംസ്ഥാനത്ത് കൊണ്ടുവരാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. പത്തേക്കര്‍ സ്ഥലവും 25 കോടി എന്നതും ഉയര്‍ന്ന മാനദണ്ഡമാണെന്നും ഈ മാനദണ്ഡവും പുനഃപരിശോധിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍വകലാശാല ബില്ലില്‍ പ്രതിപക്ഷത്തിന്റെ പ്രധാന ഭേദഗതി നിര്‍ദ്ദേശം നിയമസഭ വോട്ടിനിട്ട് തള്ളിയിരുന്നു. സാമ്പത്തിക, സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫീസ് ഇളവും സ്‌കോളര്‍ഷിപ്പും നല്‍കണം എന്നതായിരുന്നു ഭേദഗതി. ബില്‍ സാമൂഹിക നീതി ഉറപ്പാകും എന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് അതിന് സഹായകരമാകുന്ന നിര്‍ണായക നിര്‍ദേശം ഭരണപക്ഷം തള്ളിയത്. സാമൂഹ്യ നീതി ഉറപ്പാക്കും. സ്വകാര്യ സര്‍വ്വകലശാല അനുവദിക്കുന്നതിന് ന്യായമായി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന വാചകം ആണിത്. ഇന്നലെ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് സംസാരിച്ചപ്പോഴും ഉന്നത വിദ്യാഭ്യാസ മന്ത്രി മുഖ്യമായും ഊന്നിയതും ഇതില്‍ തന്നെ.
ഉമ്മന്‍ ചാണ്ടി സര്ക്കാര് ആദ്യമായി സ്വകാര്യ സര്‍വകലാശാലക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഇടതുപക്ഷം സമരത്തിന് ഇറങ്ങിയത്തിന്റെ കാരണവും സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഇല്ലാത്തത് ആണെന്നും ഭരണപക്ഷം വാദിച്ചു. എന്നാല് സാമൂഹിക നീതി ഉറപ്പാക്കാന്‍ അനിവാര്യമായ പ്രതിപക്ഷം കൊണ്ടുവന്ന രണ്ട് ഭേദഗതി നിര്‍ദേശങ്ങളാണ് ഭരണപക്ഷത്തിന്റെ പിന്തുണയോടെ നിയമസഭ വോട്ടിനിട്ട് തള്ളിയത്. സാമ്പത്തിക, സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫീസ് ഇളവുകളും സ്‌കോളര്‍ഷിപ്പുകളും അനുവദിക്കുമെന്ന് സത്യവാങ്മൂലം നല്‍കണം എന്നാണ് പിസി വിഷ്ണുനാഥ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ കൊണ്ടുവന്ന ഭേദഗതിയില്‍പറയുന്നത്. നിരാശ്രയരായ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് പോലും ഉറപ്പുവരുത്താതെ എങ്ങനെ സാമൂഹിക നീതി ഉറപ്പാക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുകയാണ് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞിട്ടുണ്ട്. സ്വകാര്യ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണമുണ്ടാകും. ബില്‍ സാമൂഹ്യനീതി ഉറപ്പാക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. കേരളത്തിലെ സ്ഥിരം താമസക്കാര്‍ക്ക് സര്‍വകലാശാലകളില്‍ 40 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യും. സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ സംവരണ നയം പാലിക്കും. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഫീസിളവുകള്‍ നല്‍കും. വിദ്യാഭ്യാസ മേഖലയില്‍ പരിചയസമ്പന്നരായ വിശ്വസനീയ ഏജന്‍സികള്‍ക്കേ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നതിന് അപേക്ഷിക്കാനാകൂ. റെഗുലേറ്ററി ബോഡികള്‍ നിശ്ചയിച്ച മാര്‍ഗനിര്‍ദേശം അനുസരിച്ച് സ്വന്തമായി ഭൂമി വേണം. സംസ്ഥാന ട്രഷറിയില്‍ 25 കോടി രൂപ കോര്‍പ്പസ് ഫണ്ടായി നിക്ഷേപിക്കണം. വിദഗ്ധ സമിതിയുടെ ശുപാര്‍ശപ്രകാരമാണ് അനുമതി നല്‍കുക.
ഗവേണിങ് കൗണ്‍സിലില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നയാളും അംഗമാകും. വിദ്യാര്‍ഥി യൂണിയന്‍ ഉണ്ടായിരിക്കണം. യുഡിഎഫ് കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം നഷ്ടപ്പെടുത്തിയപ്പോഴാണ് സ്വകാര്യ സര്‍വകലാശാലകളെ എല്‍ഡിഎഫ് എതിര്‍ത്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുസര്‍വകലാശാലകളെ മികച്ചരീതിയില്‍ മാറ്റിയെടുത്തു. ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് രണ്ടുകാലില്‍ തന്റേടത്തോടെ നില്‍ക്കാനാകുന്ന അവസ്ഥയായി. ഇന്ത്യയിലെ ഏതു സര്‍വകലാശാലകളോടും കിടപിടിക്കാനാകുംവിധം പൊതുവിദ്യാഭ്യാസമേഖല വളര്‍ന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.