തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിനൊപ്പം സിപിഎം നേതാക്കളുടെ ബന്ധുക്കളെ മാനദണ്ഡങ്ങൾ പാലിക്കാതെ സർവകലാശാലകളിൽ നിയമിക്കുന്നുവെന്ന ഗവർണർ അടക്കമുള്ളവരുടെ ആരോപണങ്ങൾക്കു ശക്തി പകരുന്നതാണ് ഹൈക്കോടതി വിധി. സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് യോഗ്യതയുണ്ടെങ്കിൽ നിയമനം നടത്തുന്നതിൽ എന്താണ് തെറ്റ് എന്ന സർക്കാരിന്റെയും പാർട്ടിയുടെയും വാദങ്ങൾ അപ്രസക്തമായി. പ്രിയാ വർഗീസിന്റെ നിയമനത്തെ ശക്തമായി വിമർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇനിയുള്ള നീക്കം നിർണ്ണായകമാണ്. സർവ്വകലാശാല വിഷയങ്ങളിൽ ഇനിയും ഹർജികൾ കോടതിയുടെ പരിഗണനയിലുണ്ട്. ഇതിലെല്ലാം സർക്കാർ വാദങ്ങൾ പൊളിയാനാണ് സാധ്യത. ഒൻപത് സർവ്വകലാശാല വൈസ് ചാൻസലർമാർക്കും സ്ഥാനം നഷ്ടപ്പെടാനും സാധ്യത ഏറെയാണ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസർ നിയമത്തിന് ഒന്നാംറാങ്ക് നൽകിയത് ക്രിമിനൽക്കുറ്റമാണ്. സർവകലാശാല നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കണ്ണൂർ സർവകലാശാല വി സി. തന്നെ അവ ലംഘിച്ചു. ബോധപൂർവം കുറ്റംചെയ്ത അദ്ദേഹത്തിനെതിരേ ക്രിമിനൽക്കേസെടുക്കാൻ ചാൻസലർകൂടിയായ ഗവർണർ തയ്യാറാകണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിവിധി മാനിക്കുന്നുവെന്നും തുടർനടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പിയാ വർഗീസ് പ്രതികരിച്ചു. കേസിൽ വിധി പ്രസ്താവം നടത്തുന്നതിനിടെ ഈ വിഷയത്തിൽ ആരുടേയും പക്ഷം പിടിക്കുന്നില്ലെന്ന് സർക്കാർ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കേസിൽ അപ്പീൽ നൽകാൻ സർക്കാരുണ്ടാകില്ല. കണ്ണൂർ സർവ്വകലാശാലയോ പ്രിയയോ നൽകേണ്ടി വരും.

കണ്ണൂർ, സാങ്കേതിക, ഫിഷറീസ് സർവകലാശാലകളിലെ വി സി. നിയമനത്തിലെ ക്രമക്കേട് ചോദ്യംചെയ്ത് നിയമപോരാട്ടം നടത്തുന്ന സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് പ്രിയയുടെ നിയമനവും ചോദ്യംചെയ്തത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ നേരത്തേ പ്രിയാ വർഗീസിന്റെ നിയമനം സ്റ്റേചെയ്തിരുന്നു. ജോർജ് പൂന്തോട്ടമാണ് നിയമസഹായം നൽകുന്നത്. ഗവർണ്ണർ നിയമനം റദ്ദാക്കിയ ശേഷം കണ്ണൂർ സർവ്വകലാശാല ഹൈക്കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു. പ്രിയാ വർഗ്ഗീസും അങ്ങനെ പ്രതികരിച്ചു. ഇതിനിടെയാണ് ഡോ.ജോസഫ് സ്‌കറിയ ഹൈക്കോടതിയിൽ എത്തിയത്. ഇതാണ് നിർണ്ണായകമായി മാറിയത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു അദ്ധ്യാപന പരിചയമില്ലെന്നു കോടതി പറയുമ്പോൾ സർവകലാശാലാ വിവാദങ്ങൾക്കിടെ സർക്കാരിനും തിരിച്ചടിയാണ്. 2021 നവംബർ 18ന് ധൃതിവച്ചു നടത്തിയ ഓൺലൈൻ ഇന്റർവ്യൂവിൽ പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിന്റെ പാരിതോഷികമായാണ് 2021 നവംബർ 23ന് വിസി കാലാവധി അവസാനിച്ച ഡോ: ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയതെന്നു നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകി കൃത്യം ഒരു വർഷം കഴിഞ്ഞ ദിവസമാണ് കോടതി നിയമനം അസാധുവാക്കുന്നത്. കണ്ണൂർ വിസി അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലായി. ഈ നിയമനത്തിന്റെ പേരിലും വിസിക്കെതിരെ ഗവർണ്ണർ നടപടി എടുത്തേക്കാം. അടുത്ത മാസം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന് ആയുധം നൽകുന്നതായി കോടതി വിധി. കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചതുമുതൽ തിരക്കിട്ട നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.

കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോഷ്യേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നൽകി നിയമിച്ചതിലാണ് ഹൈക്കോടതി ഇടപെട്ടത്. പ്രിയ വർഗീസിനു മതിയായ അദ്ധ്യാപന പരിചയമില്ലാത്തതിനാൽ റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളജ് മലയാളം അദ്ധ്യാപകൻ ഡോ.ജോസഫ് സ്‌കറിയയാണ് ഹർജി ഫയൽ ചെയ്തത്. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയും നടപടിയെ ചോദ്യം ചെയ്തു. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ നേരത്തെ പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്തിരുന്നു. ഇതാണ് കോടതി അംഗീകരിക്കുന്നത്. ഗവർണ്ണറുടെ നടപടിയെ സിപിഎം ശക്തമായി എതിർത്തിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് ഗവർണ്ണർ ഇടപെട്ടതെന്നായിരുന്നു ആരോപണം.

കണ്ണൂർ സർവകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനുള്ള അപേക്ഷ 2021 നവംബർ 12 വരെയാണ് സ്വീകരിച്ചത്. 10 പേരാണ് അപേക്ഷ സമർപ്പിച്ചത്. ഡോക്ടറേറ്റ് ബിരുദവും എട്ടു വർഷത്തെ അദ്ധ്യാപന പരിചയവുമാണ് അസോഷ്യേറ്റ് പ്രഫസർക്കുള്ള യോഗ്യതയായി നിശ്ചയിച്ചിരുന്നത്. പിവിസിയുടെ അധ്യക്ഷതയിൽ സ്‌ക്രീനിങ് കമ്മിറ്റി കൂടി പ്രിയ വർഗീസ് ഉൾപ്പെടെ ആറുപേരെ അഭിമുഖത്തിനു ക്ഷണിച്ചു. നവംബർ 18ന് ഓൺലൈൻ ഇന്റർവ്യൂ നടത്തി ഒന്നാം റാങ്ക് പ്രിയ വർഗീസിനും രണ്ടാം റാങ്ക് എസ്.ബി. കോളജ് അദ്ധ്യാപകനായ ജോസഫ് സ്‌കറിയയ്ക്കും മൂന്നാം റാങ്ക് മലയാളം സർവകലാശാലയിലെ സി.ഗണേശനും നൽകി. 651 റിസർച്ച് സ്‌കോർ പോയിന്റ് ഉള്ള ജോസഫ് സ്‌കറിയയെയും 645 സ്‌കോർ പോയിന്റ് ഉള്ള സി.ഗണേശനെയും പിന്തള്ളിയാണ് 156 സ്‌കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത്.

2012 മാർച്ചിൽ തൃശൂർ കേരളവർമ കോളജിൽ അസി.പ്രഫസർ ആയി നിയമിതയായ പ്രിയ വർഗീസ് 2015 മുതൽ 18 വരെ മൂന്നു വർഷക്കാലം ഗവേഷണത്തിന് അവധിയിലായിരുന്നു. ഗവേഷണ കാലം പൂർത്തിയാക്കിയ പ്രിയ വർഗീസ് രണ്ടു വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ ജോലി ചെയ്തു. തുടർന്ന്, തിരുവനന്തപുരം ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ നിയമനം നേടി. ഗവേഷണ അവധിക്കാലവും കണ്ണൂർ സർവ്വകലാശാല സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ നിയമനവും ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടർ കാലവും അംഗീകൃത അദ്ധ്യാപക പരിചയമായി കണക്കിലെടുത്താണ് പ്രിയാ വർഗീസിനെ സ്‌ക്രീനിങ് കമ്മിറ്റി അഭിമുഖ പട്ടികയിൽ ഉൾപ്പെടുത്തിയത്. അനധ്യാപക തസ്തികയായ സ്റ്റുഡൻസ് ഡയറക്ടർ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നിവിടത്തെ കാലഘട്ടവും ഗവേഷണ കാലവും അദ്ധ്യാപക പരിചയമായി കണക്കുകൂട്ടാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കി.