ന്യുഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിന് പ്രിയ വർഗീസിന് യോഗ്യതയുണ്ടെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെട്ടേക്കും. വിഷയത്തിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി നിയമോപദേശം തേടിയിരുന്നു. ആ വിധിക്കെതിരെ അപ്പീൽ നൽകണമെന്ന നിയമോപദേശമാണ് യുജിസിക്ക് ലഭിച്ചത്. കേരള ഹൈക്കോടതി വിധി നിലവിൽ വരുന്നതോടുകൂടി 2018ലെ യുജിസി ചട്ടങ്ങളിലെ മൂന്ന്, ഒന്ന് വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസറുടെ നിയമനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അസാധുവാകുമെന്നാണ് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്.

യുജിസി വ്യവസ്ഥകൾ പ്രകാരം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ഏറ്റവും കുറഞ്ഞത് എട്ടുവർഷത്തെ അദ്ധ്യാപന പരിചയം വേണം എന്നതാണ്. എന്നാൽ കോളജിന് പുറത്തു നടത്തിയ പ്രവർത്തനങ്ങളെ അദ്ധ്യാപന പരിചയമായി കണക്കാക്കുകയാണ് കേരള ഹൈക്കോടതി ചെയ്തത്. ഇത് യുജിസി ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും നിയമോപദേശത്തിൽ പറയുന്നു.

കേരള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച് മറ്റ് പലരും ഭാവിയിൽ ഈ രീതിയിൽ അസോസിയേറ്റ് പ്രൊഫസറാകാൻ ശ്രമിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും യുജിസി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് വിധിക്കെതിരെ അപ്പീൽ നൽകാനുള്ള യുജിസിയുടെ തീരുമാനം.

അതേസമയം സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രിം കോടതിയിൽ തടസഹർജി സമർപ്പിച്ച പ്രിയ വർഗീസ് നേരത്തെ രംഗത്തു വന്നിരുന്നു. നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഫയൽ ചെയ്യുന്ന ഹർജികളിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നാണ് ആവശ്യം.

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുടെ നിയമനം ശരിവെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പ്രിയ വർഗീസ് കോടതിയെ സമീപിച്ചത്. നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഫയൽ ചെയ്യുന്ന ഹർജികളിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ ഹർജി. അഭിഭാഷകരായ കെ ആർ സുഭാഷ് ചന്ദ്രൻ, ബിജു പി രാമൻ എന്നിവർ മുഖേനയാണ് തടസ ഹർജി ഫയൽ ചെയ്തത്.

കണ്ണൂർ സർവകലാശാലയിലെ മലയാളി വാർത്ത വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തിലെ റാങ്ക് പട്ടികയിലെ പ്രിയയുടെ അദ്ധ്യാപകനെ പരിചയം യുജിസി ചട്ടങ്ങൾക്ക് വിധേയമല്ലെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാൽ ഡിവിഷൻ ബെഞ്ച് പിന്നീട് ഈ വിധി റദ്ദാക്കുകയായിരുന്നു.

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു പ്രിയാ വർഗീസ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. യുജിസി ചട്ടപ്രകാരം യോഗ്യതയുണ്ടെന്നും ഇത് സിംഗിൾ ബഞ്ച് പരിശോധിച്ചില്ലെന്നുമാണ് അപ്പീലിലെ വാദം. പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോസ്യേറ്റ് പ്രൊഫസർ നിയമനത്തിനു വേണ്ട അദ്ധ്യാപന പരിചയം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കാൻ നവംബർ 16 ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയിരുന്നത്.