കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലുടെ കേരളം കടന്നുപോവുന്ന സമയമാണിത്. വയനാട് ചൂരല്‍മല- മുണ്ടക്കെയിലായി മുന്നൂപേര്‍ മരിക്കുകയും, ഏതാണ്ട് 200 ഓളം പേരെ കാണാതാവുകയും ചെയ്ത മഹാദുരന്തത്തില്‍പെട്ട് കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോഴും, ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒക്കും, യുവജന വിഭാഗമായ സോളിഡാരിറ്റിക്കുമൊക്കെ തിരക്ക്, 4000 കിലോമീറ്റര്‍ അകലെ ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് എന്ന ഭീകര സംഘടനയുടെ തലവനായ ഇസ്മായില്‍ ഹനിയ എന്ന കൊടുംഭീകരന്‍ കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതിനാണ്! ഹനിയ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവന്നതോടെ, ഈ പെരുമഴയെ അവഗണിച്ചും കേരളത്തില്‍ പലയിടത്തും ചെറുതും വലതുമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ഹിജാബ് ധരിച്ച സ്ത്രീകള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'ഇസ്മായില്‍ ഹനിയ അസ്സലാം, ഇല്ലാ ഇല്ലാ മരിക്കുന്നില്ല, വിശുദ്ധമണ്ണിന്‍ വിമോചനത്തിന് പോരാട്ടത്തില്‍ പാതയില്‍ മുന്നില്‍ നയിച്ച നേതാവെ…' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വികാരഭരിതമായിട്ടാണ് പല പ്രകടനങ്ങളും. ഇതിന്റെ വീഡിയോകള്‍ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. കേരളവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ഭീകരന്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍, എന്തിനാണ് ഇവിടെ പ്രതിഷേധമെന്നാണ് ചോദ്യം.

പക്ഷേ പൊളിറ്റിക്കല്‍ ഇസ്ലാമിനെക്കുറിച്ചോ, പൊട്ടന്‍ഷ്യല്‍ ജിഹാദിസത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്തവരുടെ സംശയമാണ് ഇതെന്നാണ് എക്സ് മുസ്ലീമും, സ്വതന്ത്രചിന്തകനുമായ ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നത്. "ഇസ്ലാം ഒരു പൊളിറ്റിക്കല്‍ ആശയം കൂടിയാണ്. അതിന്റെ ഒരു ചെറിയ രൂപമാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ ഏതൊരു കോണിലും ഇസ്ലാമിനെ ബാധിക്കുന്ന വിഷയം ഉണ്ടാവുമ്പോള്‍, അത് തങ്ങളെ ബാധിക്കുന്നതാണ് എന്ന് തോന്നിപ്പിക്കാന്‍ ഇസ്ലാമിന് കഴിയും. അത് അപകടരമാണ്. അങ്ങനെയാണ് ബിന്‍ലാദനു വരെ ഈ നാട്ടില്‍ ആരാധകര്‍ ഉണ്ടാവുന്നതെന്ന് ആരിഫ് ചൂണ്ടിക്കാട്ടുന്നു.

ഹമാസ് തലവന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും, കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ വലിയ നിലവിളിയാണ് നടത്തുന്നത്. ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ വര്‍ഷത്തെ ആക്രമണത്തെ തുടര്‍ന്ന് ഹമാസിനെ നിശ്ശേഷം ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു. നിരവധി വധശ്രമങ്ങളെ അതിജീവിച്ച ഹനിയ ഇറാനില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്. ഖത്തറിലെ സുരക്ഷിത കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയതോടെയാണ് മൊസാദ് ഹനിയയെ വകവരുത്തിയത്.

ഇസ്രയേലിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടും ഭീകരനാണ് ഹനിയ. ഗസ്സയില്‍ ഈ രീതിയില്‍ മതം കലര്‍ത്തി, ചാവേറുകളെ സൃഷ്ടിക്കുകയും, ജൂതസമൂഹത്തെ മുച്ചുടും മുടിക്കുമെന്ന് പ്രതിജ്ഞയെടുത്തയാളുമാണ് ഹനിയ. കഴിഞ്ഞ സെപ്റ്റംമ്പറിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന്റെയടക്കം തലച്ചോറുകളിലൊന്നായി അവര്‍ കാണുന്നത്, ഇസ്മായില്‍ ഹനിയയെ കൂടിയാണ്.

ശതകോടീശ്വരന്‍ കൂടിയാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ഇസ്ലാമിക സംഘടന ഇപ്പോള്‍ ഹമാസാണ്. ഇസ്രയേലിന്റെ കൊടിയ ആക്രമണത്തില്‍ വിറങ്ങലിച്ച് ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകുപ്പില്ലാതെ, ഗസ്സക്കാര്‍ ദുരിത ജീവിതം നയിക്കുമ്പോള്‍, അവരുടെ മൃതദേഹങ്ങള്‍ 'വിറ്റ്' കോടീശ്വരരായ ഹമാസ് നേതാക്കള്‍ സുഖജീവിതം നയിക്കയാണെന്നാണ്, വേള്‍ഡ് ടുഡെ ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ ഒരു ഭീകരനുവേണ്ടിയാണ് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത, കേരളത്തിലിരുന്ന് ഒരു വിഭാഗം ആളുകള്‍ തിളയ്്ക്കുന്നത്.