- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിങ്കൊടി കാണിച്ചതിനു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; പിന്നാലെ നവകേരള സദസിലെ 'രക്ഷാപ്രവര്‍ത്തന' പ്രസ്താവന; കുറ്റകൃത്യം തുടരാനുള്ള പ്രേരണയായെന്ന് പരാതി; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ആ ജീവന്‍രക്ഷാ രീതിയാണു ഡിവൈഎഫ്‌ഐക്കാര്‍ സ്വീകരിച്ചത്, ആ രീതികള്‍ തുടര്‍ന്നു പോകണം
തിരുവനന്തപുരം: നവകേരള സദസിലെ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. നവകേരള സദസിനിടയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടക്കം വളഞ്ഞിട്ട് മര്‍ദ്ദിച്ച ഡി.വൈ. എഫ്.ഐ. പ്രവര്‍ത്തകരെ ന്യായികരിച്ച് നടത്തിയ പ്രസ്താവനയിലാണ് അന്വേഷണം. ഇതിനെ രക്ഷാപ്രവര്‍ത്തനം എന്ന രീതിയിലാണ് മുഖ്യമന്ത്രി പലയിടത്തും പരാമര്‍ശിച്ചത്. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി വ്യക്തമാക്കി.
ഇത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണ് എന്ന രീതിയില്‍ എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം സി.ജെ.എം. കോടതി എറണാകുളം സെന്‍ട്രല്‍ പോലീസിന് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ നവംബറില്‍ നവകേരള സദസ്സിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവന.
എറണാകുളം സെന്‍ട്രന്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് എറണാകുളം സിജെഎം കോടതിയുടെ ഉത്തരവ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്നായിരുന്നു പരാതി.
കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിക്കുനേരെ പഴയങ്ങാടിയില്‍ കരിങ്കൊടി കാണിച്ചതിനു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമര്‍ദനത്തിന് ഇരയാക്കിയതിനെയാണ് മുഖ്യമന്ത്രി പിന്നീട് ന്യായീകരിച്ചത്.
ഇതു പിന്നീട് നിയമസഭയിലും ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിനെ 'രക്ഷാപ്രവര്‍ത്തനം' എന്ന് സിപിഎം പറഞ്ഞതു കൊണ്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതെന്നാണ് പ്രതിപക്ഷ അംഗം സഭയില്‍ പറഞ്ഞത്. വാഹനത്തിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.''ഞാന്‍ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും. ബസിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാകും. പിന്നീട് അവിടെ എന്തു സംഭവിച്ചുവെന്ന് ഞാന്‍ കാണുന്നില്ലല്ലോ'' മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത്: ''എന്താണു നടക്കുന്നതെന്നു ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ? ഒരാള്‍ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാര്‍ അങ്ങോട്ടു പിടിച്ചു തള്ളി മാറ്റുകയാണ്. അതു ജീവന്‍ രക്ഷിക്കാനല്ലേ? അതൊരു അക്രമമാണോ? ഒരു തീവണ്ടി വരുന്നു. ഒരാള്‍ അവിടെ കിടന്നുപോയി. രക്ഷിക്കാന്‍ വേണ്ടി അയാളെ എടുത്തെറിയില്ലേ? എറിഞ്ഞാല്‍ അയാള്‍ക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക? അയാളുടെ ജീവന്‍ രക്ഷിക്കലല്ലേ പ്രധാനം? ആ ജീവന്‍രക്ഷാ രീതിയാണു ഡിവൈഎഫ്‌ഐക്കാര്‍ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികള്‍ തുടര്‍ന്നു പോകണം.''