- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിനിമാ കളക്ഷനുകൾ പെരുപ്പിച്ചു കാണിക്കേണ്ട; താക്കീതുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ;
കൊച്ചി: മലയാള സിനിമയിലേക്ക് കള്ളപ്പണത്തിന്റെ കുത്തൊഴുക്കുണ്ടെന്ന ആരോപണങ്ങൾ കുറച്ചു കാലമായി തന്നെ നിലനിൽക്കുന്നതാണ്. ഇതിലേക്ക് ഇഡി അന്വേഷിക്കണമെന്ന ആവശ്യം എത്തിയതോടെ ബോക്‌സോഫീസിൽ വൻ വിജയമായി എന്ന് അവകാശപ്പെട്ട ചിത്രങ്ങളിൽ പലതും നേരെ യുടേൺ അടിച്ചു നഷ്ടത്തിലാണെന്ന് പറയുകയുണ്ടായി. ഇപ്പോഴിതാ സിനിമകളുടെ കളക്ഷൻ പെരുപ്പിച്ച് കാണിക്കുന്ന നിർമ്മാതാക്കൾക്കെതിരെ താക്കീതുമായി കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ശക്തമായ നിലപാടുമായി രംഗത്തുവന്നു.
മലയാള സിനിമയ്ക്ക് ഈ പ്രവണത ഗുണകരമല്ലെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അസോസിയേഷൻ അറിയിച്ചു. കൊച്ചിയിൽ ചേർന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭരണസമിതി യോഗത്തിലാണ് തീരുമാനം എടുത്തത്. കളക്ഷൻ പെരുപ്പിച്ച് കാണിക്കാൻ ഇടനിലക്കാരായി നിൽക്കുന്ന പി ആർ ഏജൻസിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.
കൂടാതെ സിനിമാ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികൾക്കെതിരെ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് നിഷ്‌കർഷിക്കുന്നതനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാനും യോഗം തീരുമാനിച്ചു. ചലച്ചിത്രങ്ങളുടെ ഒടിടി അവകാശം ജിയോ സിനിമയ്ക്ക് വിറ്റ് നൽകാം എന്ന വാഗ്ദാനത്തിന് മേൽ ചില ആളുകൾ നിർമ്മാതാക്കളെ ചൂഷണം ചെയ്തിരുന്നു. ഇത് സംബന്ധിച്ച ഒരു വിവരവും ജിയോ സിനിമയ്ക്ക് അറിയില്ല.
ഒടിടി അവകാശം വാങ്ങി നൽകാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എന്നാണ് ജിയോ സിനിമ നൽകിയ മറുപടി. ഈ വിഷയത്തിൽ നിലവിൽ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്തിയ സിനിമാക്‌സ് എന്ന സ്ഥാപനത്തിനെതിരെയും അതുമായി ബന്ധപ്പെട്ട വ്യക്തികൾക്കെതിരെയും നിയമപരമായ നടപടികൾ എടുക്കാൻ യോഗത്തിൽ തീരുമാനമായി.
അൻപതും നൂറും ഇരുന്നൂറും കോടികൾ എന്ന പേരിൽ വരുന്ന മലയാള സിനിമകളുടെ കളക്ഷൻ കള്ളക്കണക്കാണോ എന്ന സംശയം ശക്തമായത് 'മഞ്ഞുമ്മൽ ബോയ്‌സ്' വിവാദത്തിലൂടെയാണ്. ചിത്രം കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിക്ക് മേൽ അന്വേഷണം നടക്കുന്ന വേളയിൽ രണ്ടു നിർമ്മാതാക്കൾ കൂടി ഇ.ഡിക്ക് മുൻപാകെ വിവരങ്ങൾ സമർപ്പിച്ചിരുന്നു. കളക്ഷൻ യാഥാർഥ്യത്തെക്കാൾ മുകളിൽ ഉയർത്തിക്കാണിച്ചും, റേറ്റിങ് കൂടിയെന്ന നിലയിൽ വരുത്തിത്തീർത്ത് പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാനും ഒരു ലോബി പ്രവർത്തിക്കുന്നതായി ഇവർ കൈമാറിയ വിവരത്തിൽ ഉൾപ്പെടുന്നതായും വിവരങ്ങൾ പുറത്തു വരികയുണ്ടായി.
സിനിമ റിലീസാകും മുമ്പേ അവരുടെ കൈവശമെത്തുന്ന ലക്ഷക്കണക്കിന് രൂപയുടെ സൗജന്യ ടിക്കറ്റുകളിൽ തുടങ്ങുന്നു ലോബിയുടെ പ്രവർത്തനം. കള്ളപ്പണം വെളുപ്പിക്കൽ ഉദ്ദേശത്തിൽ എത്തുന്ന ചിത്രങ്ങളിൽ ഇവരുടെ പങ്കാളിത്തമുണ്ടാകും. ഇത്രയും സിനിമയുടേതായി വിറ്റുപോയ ടിക്കറ്റുകൾ എന്ന് കാണിക്കുന്നതാണ് അടുത്ത പടി. ലോബിയുമായി സഹകരിക്കാത്ത നിർമ്മാതാക്കളുടെ സിനിമകൾ തിയേറ്ററിൽ നിന്നും പുറത്താക്കാനും ശ്രമം നടക്കാറുണ്ട്.
ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളിലും കള്ളക്കളി നടക്കുന്നതായി ഇ.ഡിക്ക് മുൻപാകെ ലഭിച്ച പരാതിയിൽ പരാമർശമുണ്ട്. പ്രദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹൗസ്ഫുള്ളായി കാണിക്കുന്ന സ്‌ക്രീനുകൾ പകുതിയിലേറെ ഒഴിഞ്ഞു കിടക്കുന്ന ചിത്രങ്ങൾ സഹിതമാണ് പരാതി. ഇതും ലോബിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുമെന്നാണ് പരാമർശം.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി ടിക്കറ്റ് കളക്ഷൻ കണക്കുകൾ പെരുപ്പിച്ചുകാട്ടിയെന്ന ആരോപണത്തെ തുടർന്ന് 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമോപദേശം തേടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ നിർമ്മിച്ച എല്ലാ വിജയ ചിത്രങ്ങളുടെയും നിർമ്മാണച്ചെലവ് ഉൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി ഇപ്പോൾ.
കേരളത്തിലെ തിയേറ്റർ മേഖലയിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് രണ്ട് ചലച്ചിത്ര പ്രവർത്തകർ ഇഡിക്ക് വിവരങ്ങൾ നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു, ഇത് കൂടുതൽ അന്വേഷണങ്ങൾക്ക് ആരംഭം കുറിക്കുകയാണ്.