തൊടുപുഴ: ചെയ്യാത്ത തെറ്റിന്റെ പേരില്‍ മൂന്നാര്‍ ഗവ.കോളജ് ഇക്കണോമിക്‌സ് വിഭാഗം തലവനായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥന്‍ വേദനയില്‍ കഴിഞ്ഞത് നീണ്ട 11 വര്‍ഷങ്ങള്‍. ഐഎസ് ആര്‍ ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ നേരിട്ടതിന് സമാനമായിരുന്നു പ്രഫ ആനന്ദ് വിശ്വനാഥിന്റെ കഥയും. ഐഎസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനോട് സര്‍ക്കാര്‍ മാപ്പു പറഞ്ഞ് നഷ്ടപരിഹാരം നല്‍കി. നിയമ പോരാട്ടത്തിലൂടെയായിരുന്നു ഇതെല്ലാം. എന്നാല്‍ ആനന്ദ് വിശ്വനാഥന് അത്തരമൊരു നീതി സര്‍ക്കാര്‍ കൊടുക്കുമോ? ഇതുവരെ ഈ കേസില്‍ പ്രതികരിക്കാന്‍ പോലും സര്‍ക്കാരോ സിപിഎമ്മോ തയ്യാറായിട്ടില്ല. എംജി സര്‍വകലാശാലയുടെ വിജിലന്‍സ് സ്‌ക്വാഡ് കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന കോളജിലെ വിദ്യാര്‍ഥി സംഘടന നേതാവിന്റെ കോപ്പിയടി പിടിച്ചതിന്റെ വൈരാഗ്യമാണ് കേസിനാസ്പദമായ സംഭവത്തിലേക്ക് നയിച്ചതെന്ന് ആനന്ദ് വിശ്വനാഥന്‍ പറയുന്നു. ഈ കുട്ടി സഖാവ് ഇന്ന് നല്ല നിലയിലുമാണ്.

അതിനിടെ ആനന്ദ് വിശ്വനാഥന്‍ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഎം നേതാവ് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. പരാതിയുമായി തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയ ശേഷം തന്നെ സമീപിച്ചിരുന്നു. പരാതി നല്‍കിയതോടെ അധ്യാപകന്‍ ക്രൂരമായി പെരുമാറുന്നു എന്ന് പറഞ്ഞാണ് തന്നെ സമീപിച്ചത്. അത്തരം നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് അന്നത്തെ കോളേജ് പ്രിന്‍സിപ്പാളുമായി സംസാരിച്ചിരുന്നു. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിലെ വ്യാജപീഡന പരാതി തയാറാക്കിയത് എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ ആണന്ന് ആനന്ദ് വിശ്വനാഥന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സിപിഎം നേതാവ് രം?ഗത്തുവന്നിരിക്കുന്നത്.

പരീക്ഷാ ഹാളില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസിനെതിരേ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ജഡ്ജി ലൈജുമോള്‍ ഷെരീഫ് അധ്യാപകനെ കുറ്റവിമുക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതാണെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. 2014 ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ അഞ്ചിനും ഇടയില്‍ മൂന്നാര്‍ ഗവ. കോളജില്‍ നടന്ന ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ചു വിദ്യാര്‍ഥിനികളെ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ കൂടിയായ പ്രഫ. ആനന്ദ് വിശ്വനാഥന്‍ പിടികൂടിയിരുന്നു. സംഭവം സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്‍വിജിലേറ്ററെ ചുമതലപ്പെടുത്തിയെങ്കിലും നിര്‍ദേശം പാലിക്കപ്പെട്ടില്ല. എസ്എഫ്‌ഐ ഭാരവാഹികളായതിനാലാണ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇവിടെയാണ് ചതിയുടെ തുടക്കം. ഈ ഇന്‍വിജിലേറ്റര്‍ സിപിഎം സംഘടനാ ഭാരവാഹിയായിരുന്നു.

ഇതിനിടെ കോപ്പിയടി പിടികൂടിയ വിദ്യാര്‍ഥിനികള്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. ഇതേത്തുര്‍ന്ന് കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പരീക്ഷാ ഹാളില്‍ അധ്യാപകന്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും കോപ്പിയടി കേസില്‍ കുടുക്കുമെന്നും ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നായിരുന്നു വിദ്യാര്‍ഥികള്‍ നല്‍കിയ പരാതി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പോലീസ് അധ്യാപകനെതിരേ കേസെടുക്കുകയായിരുന്നു. ദേവികുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച നാലു കേസില്‍ രണ്ടെണ്ണത്തില്‍ അധ്യാപകനെ വെറുതേ വിട്ടു. രണ്ടു കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്നു വര്‍ഷം തടവും 5000 രൂപ പിഴയും ചുമത്തി ശിക്ഷിച്ചു. ഇതിനെതിരേ അധ്യാപകന്‍ 2021ല്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് വെറുതേ വിട്ടത്.

കോപ്പിയടി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടായതിനെ തുടര്‍ന്നാണ് മൂന്നാര്‍ ഗവ. കോളജിലേക്ക് തിരികെ എത്താനായതെന്നും ആനന്ദ് വിശ്വനാഥന്‍ പറഞ്ഞു. 2014 ഓഗസ്റ്റില്‍ നടന്ന എം എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്. പീഡന കേസില്‍ കുടുക്കി പക വീട്ടാനുള്ള ശ്രമമാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയതെന്ന് കോടതി വിമര്‍ശിച്ചു. ഇതിന് കോളജ് പ്രിന്‍സിപ്പല്‍ കൂട്ടുനിന്നെന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നെന്നും കോടതി നിരീക്ഷിച്ചു. കോപ്പിയടിക്ക് പിടിച്ചത് എസ്എഫ്‌ഐ അനുഭാവികളായ വിദ്യാര്‍ഥികളെയാണ്. ഈ പെണ്‍കുട്ടികള്‍ മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച് തയ്യാറാക്കിയ പരാതിയില്‍ കഴമ്പില്ല എന്ന് സര്‍വകലാശാല അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു.