- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിട നികുതിയും കുത്തനെ ഉയരും; ഭൂമിയുടെ ന്യായവിലയ്ക്ക് ആനുപാതികമാക്കാൻ സർക്കാർ നീക്കം തുടങ്ങി; ആറാം ധനകമ്മിഷന്റെ ശുപാർശയിൽ നടപടികൾ കൈക്കൊള്ളാൻ സർക്കാർ; ഖജനാവു നിറയ്ക്കാൻ പുതുവഴി തേടി സർക്കാർ; മൂന്നു വർഷം നികുതി അടച്ചില്ലെങ്കിൽ വെള്ളവും വൈദ്യുതിയുമില്ല
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഓണാഘോഷം തന്നെ ഇക്കുറി കടമെടുത്തു കൊണ്ടാണ്. ഇതിനിടെ ഖജനാവിലേക്ക് പണം എത്താനുള്ള പുതുവഴിയിൽ കൂടി തേടുകയാണ് സർക്കാർ. ഇതിനായി കെട്ടിട നികുതിയും വർധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന കെട്ടിട നികുതി ഭൂമിയുടെ ന്യായവിലയ്ക്ക് ആനുപാതികമാക്കാൻ സർക്കാർ നീക്കം തുടങ്ങി.
ഇതുസംബന്ധിച്ച ആറാം ധനകമ്മിഷന്റെ ശുപാർശ പഠിക്കാൻ തീരുമാനിച്ചതായി നിയമസഭയിൽ സമർപ്പിച്ച നടപടി റിപ്പോർട്ടിൽ സർക്കാർ വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ വിസ്തീർണവും ഏതുതരം തദ്ദേശ സ്ഥാപനമെന്നതും നോക്കിയാണ് ഇപ്പോൾ കെട്ടിട നികുതി. ഭൂമി ന്യായവിലപ്രകാരം കെട്ടിട നികുതി നിശ്ചയിക്കുന്നതോടെ ഭൂമിക്കു വിലയേറിയ ഇടങ്ങളിൽ നികുതി കുതിച്ചുയരും. ഭൂമിവിലയുടെ എത്ര ശതമാനം കെട്ടിട നികുതിയായി നിശ്ചയിക്കണമെന്നു കമ്മിഷൻ ശുപാർശ ചെയ്തിട്ടില്ല.
കഴിഞ്ഞ ബജറ്റിനു മുൻപ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും സമാന നിർദ്ദേശം നൽകിയിരുന്നു. കെട്ടിട നികുതി ഓരോ വർഷവും 5 ശതമാനം കൂട്ടാനുള്ള ശുപാർശ കഴിഞ്ഞ ജൂണിൽ മന്ത്രിസഭ അംഗീകരിച്ചിരുന്നു. 50 ചതുരശ്ര മീറ്ററിലേറെ (538 ചതുരശ്ര അടി) വിസ്തീർണമുള്ള വീടുകളെ നികുതി പരിധിയിൽ കൊണ്ടുവരും. നിലവിൽ 60 ചതുരശ്ര മീറ്ററിൽ (645 ചതുരശ്ര അടി) കൂടുതലുള്ളവയ്ക്കാണു നികുതി.
ഡോക്ടർമാർ, അഭിഭാഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകേണ്ട പ്രഫഷനൽ നികുതി കൂട്ടണമെന്ന കമ്മിഷന്റെ നിർദേശവും സർക്കാർ അംഗീകരിച്ചു. പ്രഫഷനൽ നികുതിച്ചോർച്ച കണ്ടെത്താൻ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഡേറ്റാ ബേസ് തയാറാക്കും. ഇതിനായി തൊഴിൽ, ജിഎസ്ടി വകുപ്പുകളിൽനിന്നുള്ള ഡേറ്റയും വാങ്ങും.
മൂന്നു വർഷം തുടർച്ചയായി കെട്ടിട നികുതി അടച്ചില്ലെങ്കിൽ വൈദ്യുതി, വെള്ളം കണക്ഷനുകൾ വിച്ഛേദിക്കാൻ തദ്ദേശ സെക്രട്ടറിക്ക് അധികാരം നൽകും. കെട്ടിട ഉടമസ്ഥാവകാശ കൈമാറ്റം, വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ, ശുദ്ധജല കണക്ഷൻ, ആധാരം റജിസ്‌ട്രേഷൻ തുടങ്ങിയവയ്ക്കു കെട്ടിട നികുതി രസീത് ഹാജരാക്കൽ നിർബന്ധമാക്കും.
മറുനാടന് മലയാളി ബ്യൂറോ