കൊച്ചി: പലവിധത്തിലുള്ള നികുതികൾ മൂലം ജനങ്ങളെ പിഴിയാൻ തന്നെയാണ് പിണറായി സർക്കാറിന്റെ തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ പലവിധത്തിലുള്ള നികുതി വർധനവ് പ്രാബല്യത്തിൽ വരും. വീടുകൾ തോറും കയറി ഇറങ്ങി അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തി പിഴഇടാൻ സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു ഇതിന് പുറമേ മറ്റു നികുതികളുടെ വഴിയിലാണ് സർക്കാറിന്റെ പോക്ക്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ പണം കണ്ടെത്താൻ വേണ്ടി ഫ്‌ളാറ്റ് സമുച്ചയങ്ങളിലേക്കും തിരിഞ്ഞിരിക്കയാണിപ്പോൾ.

ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ പാർക്കിങ് മേഖലയിലേക്കുള്ള 'ഡ്രൈവ് ഇൻ' ഏരിയ കൂടി ഉൾപ്പെടുത്തി ഫ്‌ളാറ്റുകളുടെ നികുതി നിർണയിക്കാൻ റവന്യു വകുപ്പിന്റെ നിർദ്ദേശം പോയി കഴിഞ്ഞു. ഫ്‌ളാറ്റുടമകൾ കെട്ടിട നികുതിക്കു പുറമേ വർഷം തോറും ആയിരക്കണക്കിനു രൂപ ആഡംബര നികുതിയും ഇതുമൂലം അടയ്‌ക്കേണ്ടി വന്നേക്കാം. അധിക നികുതി വലയിൽപ്പെടുന്ന ഫ്‌ളാറ്റുകൾ ഏറിയ പങ്കും കൊച്ചിയിലാണ്. ഈ തീരുമാനം വഴി നല്ലൊരു തുക വരുമാനവും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

ഫ്‌ളാറ്റുകളുടെ തറ വിസ്തീർണത്തിനു പുറമേ പൊതു ഉപയോഗത്തിനുള്ള സ്റ്റെയർ കെയ്‌സ്, ജനറേറ്റർ, വരാന്ത, ലിഫ്റ്റ്, സെക്യൂരിറ്റി മേഖലകളുടെ വിസ്തീർണത്തിന്റെ നിശ്ചിത അനുപാതം കൂടി ചേർത്താണു നികുതി ഈടാക്കിയിരുന്നത്. ഡ്രൈവ് ഇൻ ഏരിയയുടെ പങ്ക് അധികം വരുന്നതോടെ പല ഫ്‌ളാറ്റുകളും കൂടിയ നികുതി നൽകേണ്ട പ്രീമിയം വിഭാഗത്തിലേക്കു മാറാനിടയുണ്ട്.

തദ്ദേശ സ്ഥാപനങ്ങൾക്കു നൽകേണ്ട കെട്ടിട നികുതിയാണു ഫ്‌ളാറ്റുകൾക്കു പൊതുവേയുള്ള കെട്ടിട നികുതി. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള ഒറ്റത്തവണ സെസും റവന്യു വകുപ്പിലേക്കുള്ള ഒറ്റത്തവണ നികുതിയും വേറെയുണ്ട്. 278.7 ചതുരശ്ര മീറ്റർ (3000 ചതുരശ്ര അടി) വിസ്തൃതിക്കു മുകളിലുള്ള വീടുകളും ഫ്‌ളാറ്റുകളും ആഡംബര വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇത്തരം ഫ്‌ളാറ്റുകൾക്ക് വലുപ്പം അനുസരിച്ച് ഓരോ വർഷവും റവന്യു വകുപ്പിൽ ആഡംബര നികുതി അടയ്ക്കണം.

ഫ്‌ളാറ്റുകളുടെ ഡ്രൈവ് ഇൻ ഏരിയയുടെ നികുതി നിർണയം സംബന്ധിച്ചു വ്യക്തത വരുത്തി കഴിഞ്ഞ വർഷം അവസാനം ഇറക്കിയ ഉത്തരവ് സംസ്ഥാനമൊട്ടാകെ ബാധകമാണ്. പഞ്ചായത്ത് മേഖലകളിൽ പോലും ഫ്‌ളാറ്റുകൾ ഏറെയുള്ള എറണാകുളം പോലെയുള്ള ജില്ലകളിൽ പ്രത്യാഘാതം ഏറും. 250 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതും നിലവിൽ ആഡംബര നികുതിക്കു പുറത്തുള്ളതുമായ ഒട്ടേറെ ഫ്‌ളാറ്റുകൾ പുതിയ ഉത്തരവു വഴി ആഡംബര നികുതി പരിധിയിലായേക്കാം.

278.7 ചതുരശ്ര മീറ്ററിനു മുകളിൽ 464.50 ചതുരശ്ര മീറ്റർ വരെ 5000 രൂപയും 696.75 ചതുരശ്ര മീറ്റർ വരെ 7500 രൂപയും 929 ചതുരശ്ര മീറ്റർ വരെ 10000 രൂപയും അതിനു മുകളിൽ 12500 രൂപയും പ്രതിവർഷം ആഡംബര നികുതി നൽകണം. ഓരോ ഫ്‌ളാറ്റിനും 200 ചതുരശ്ര അടിയെങ്കിലും സ്ഥലം പാർക്കിങ് ഏരിയയായി തറ വിസ്തീർണത്തിൽ ഉൾപ്പെടുന്നുണ്ട്. 50 അപ്പാർട്‌മെന്റുകൾ ഉണ്ടെങ്കിൽ അൻപതിൽ ഒന്ന് വിഹിതമാകും ഒരു അപ്പാർട്‌മെന്റിന്റെ ഉടമയ്ക്കു ബാധകമാകുക.

അതേസമയം, ഉത്തരവിനു മുൻപ് നികുതി നിർണയം പൂർത്തിയായ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ കാര്യത്തിൽ റീഅസസ്‌മെന്റ് സാധ്യതയില്ലെന്നാണു സൂചന. നേരത്തെ കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമ്മിതികളും കൂട്ടിച്ചേർക്കലുകളും കണ്ടെത്തിയാൽ പിഴ ചുമത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ചട്ടം ലംഘിച്ച് വീടുകളിൽ നടത്തുന്ന അധിക നിർമ്മാണ പ്രവൃത്തികൾ മെയ്‌ 15നു മുൻപ് ഉടമ സ്വമേധയാ തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിച്ചില്ലെങ്കിൽ പിഴ ഈടാക്കാനാണ് തീരുമാനം.

തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ നടത്തിയ എല്ലാ അനധികൃത നിർമ്മാണങ്ങളും കണ്ടെത്താൻ സർക്കാർ പരിശോധന നടത്തും. ഇത്തരത്തിലുള്ള അധിക നിർമ്മാണ പ്രവൃത്തികൾ കണ്ടെത്താൻ ഫീൽഡ് ഓഫിസർമാർ വീടുകൾതോറും നടത്തുന്ന ഈ പരിശോധനയിൽ നിന്നുള്ള വിവരങ്ങൾ സോഫ്റ്റ് വെയറിൽ അപ്‌ഡേറ്റ് ചെയ്യും. പരിശോധന ജൂൺ 30ന് പൂർത്തിയാക്കി നടപടികളിലേക്ക് കടക്കാനാണ് നിർദ്ദേശം.

കെട്ടിട നികുതി നിർണയിച്ച ശേഷം കെട്ടിടത്തിന്റെ തറ വിസ്തീർണത്തിലോ ഉപയോഗ രീതിയിലോ മാറ്റം വരുത്തിയാൽ 30 ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കണമെന്നാണ് ചട്ടം. ഇല്ലെങ്കിൽ ആയിരം രൂപയോ, പുതുക്കിയ നികുതിയോ പിഴയായി ചുമത്തും. കെട്ടിടം വിറ്റാൽ 15 ദിവസത്തിനുള്ളിൽ അറിയിക്കണം. ഇല്ലെങ്കിൽ 500 രൂപയാണ് പിഴ.