കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട വിചാരണ നടപടികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടക്കമായി. കോടതിയുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്, നടന്‍ ദിലീപ്, പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരായിരുന്നു. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടന്നത്. പ്രതികകളുടെ വിസ്താരം നാളെയും തുടരും. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരം പ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന നടപടിയാണ് തുടങ്ങിയത്. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പ്രതികളെ കേട്ടതിന് ശേഷം അടുത്ത ഘട്ടം വിചാരണയിലേക്ക് കോടതി കടക്കും.

അതേ സമയം കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കെ പ്രോസിക്യൂഷന്‍ വീണ്ടും കോടതിയില്‍. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഭാഗം സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയെന്ന് രേഖാമൂലം കോടതിയെ അറിയിച്ചിട്ടില്ല.

ഇക്കാര്യം കോടതി പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഈ നടപടി പൂര്‍ത്തിയാക്കാത്തത് പിന്നീട് വിചാരണയിലെ വീഴ്ചയായി മേല്‍കോടതികള്‍ കണക്കാക്കും. അനുബന്ധ കുറ്റപത്രം നല്‍കിയതിന് പിന്നാലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഇരുഭാഗത്തിനും കഴിയും. പ്രതിഭാഗം സാക്ഷിവിസ്താരം കഴിഞ്ഞെന്നോ, ഇല്ലെന്നോ ഇത് വരെ കോടതിയെ അറിയിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

സെപ്റ്റംബര്‍ 17നായിരുന്നു നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി. ഏഴര വര്‍ഷത്തിന് ശേഷമായിരുന്നു സുനിക്ക് ജാമ്യം അനുവദിച്ചത്. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കര്‍ശന ഉപാദികളോടെയാണ് ജാമ്യം നല്‍കിയത്.

നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കല്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്തിമവാദം കേള്‍ക്കാന്‍ ഇരിക്കെയാണ് പള്‍സര്‍ സുനി ജയില്‍ മോചിതനാകുന്നത്. ഇതിന് പുറമേ തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

അതേസമയം കഴിഞ്ഞ ദിവസം മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപിന്റെ താല്‍പര്യമെന്തെന്ന് ചോദിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നതില്‍ സംസ്ഥാന സര്‍ക്കാരിനില്ലാത്ത എതിര്‍പ്പ് എട്ടാംപ്രതിക്ക് എന്തിനാണെന്നും കോടതി ആരാഞ്ഞു. അതിജീവിതയുടെ ഹര്‍ജിയില്‍ എട്ടാം പ്രതിയായ ദിലീപിനെ എതിര്‍കക്ഷിയായല്ല കക്ഷി ചേര്‍ത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രധാന കേസിലെ വിചാരണയും മെമ്മറി കാര്‍ഡിലെ അന്വേഷണവും സമാന്തരമായി മുന്നോട്ട് പോകണമെന്നും ഹൈക്കോടതി പറഞ്ഞു. അതിജീവിതയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.