- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിലെ കൂപ്പണ്‍ ഉദ്ഘാടനത്തിന് ദിലീപിന് ക്ഷണം; പോസ്റ്റര്‍ ഇറങ്ങിയതോടെ പ്രതിഷേധം കനത്തു; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീലിന് ഒരുങ്ങവേ കരുതലെടുക്കാന് സര്‍ക്കാര്‍
എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിലെ കൂപ്പണ്‍ ഉദ്ഘാടനത്തിന് ദിലീപിന് ക്ഷണം
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ നടന്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നതില്‍ വിവാദം കനത്തു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു. ജനുവരിയില്‍ ആരംഭിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനത്തിനായാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്.
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് ശേഷം പൊതുപരിപാടികളില്‍ സജീവമാകാനുള്ള നടന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനും തീരുമാനിച്ചിരുന്നത്. ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തില്‍ ദിലീപിനെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതിന്റെ പോസ്റ്റര്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം കനത്തത്. ചൊവ്വാഴ്ച വൈകീട്ട് ആറരയ്ക്ക് നിശ്ചയിച്ച പരിപാടിയാണ് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയത്.
നോട്ടീസ് പുറത്തായതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നത്. ആര്‍ക്കാണ് ദിലീപിനെ ക്ഷണിക്കാന്‍ ധൃതിയെന്ന ചോദ്യമാണ് ഉയരുന്നത്. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ തന്നെ അപ്പീലിന് പോകാന്‍ ഒരുങ്ങവേയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ദിലീപിലേക്ക് പാലമിട്ടത്. ഇതിന് പിന്നില്‍ ആരെന്ന ചോദ്യവും ഉയരുന്നുണ്ട. കേസില്‍ അപ്പീല്‍ നല്‍കുമെന്ന് നിയമമന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിധിപുറപ്പെടുവിച്ച വിചാരണകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അതിജീവിതയുടെ ആദ്യ പ്രതികരണം. വിചാരണ കോടതിയില്‍ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടുവന്നും നിയമത്തിന് മുന്നില്‍ ആരും തുല്യരല്ലെന്ന് ബോധ്യപ്പെട്ടുവെന്നും അതിജീവിത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രതികരിച്ചു. അതിജീവിതയ്ക്ക് പിന്തുണയുമായെത്തിയ നടി മഞ്ജു വാര്യര്‍ നീതിയുറപ്പാക്കാന്‍ പുറത്തുള്ള ആസൂത്രകരും ശിക്ഷിക്കപ്പെടണമെന്ന് പ്രതികരിച്ചു.
വേദനാജനകമായ എട്ടു വര്‍ഷം, ഒന്‍പത് മാസം, 23 ദിവസങ്ങളും കടന്ന് വെളിച്ചത്തിന്റെ നേരിയ ഒരു കണിക കാണുന്നുവെന്ന് വ്യക്തമാക്കിയാണ് അതിജീവിതയുടെ ആദ്യ പ്രതികരണം. തനിക്കുണ്ടായ ദുരനുഭവം കള്ളക്കഥയെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ആറു പ്രതികള്‍ക്കുള്ള ശിക്ഷ. വിധിയില്‍ അദ്ഭുതമില്ലെന്നും വിചാരണക്കോടതിയുടെ അന്യായ നീക്കങ്ങള്‍ 2020ല്‍ ബോധ്യപ്പെട്ടുവെന്ന് അതിജീവിത കുറിപ്പില്‍ വ്യക്തമാക്കുന്നു. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോളാണ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയില്‍ മാറ്റമുണ്ടായത്. അങ്ങനെ സംശയിക്കാനുണ്ടായ കാരണങ്ങളും അതിജീവിത കുറിപ്പില്‍ അക്കമിട്ട് നിരത്തുന്നു.
കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡ്, കോടതി കസ്റ്റഡിയില്‍ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്ന് പരിശോധിച്ചത് തന്റെ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ്. ഇതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. വിചാരണകോടതി ശത്രുതപരമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചു. ഈ കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് അവര്‍ തന്നോട് വ്യക്തമാക്കി. ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ പ്രതി ഭാഗം ഇതേ ജഡ്ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടതും സംശയം ബലപ്പെടുത്തി.
ആശങ്കയോടെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനടക്കം കത്തയച്ചു. കേസിന്റെ നടപടികള്‍ ഓപ്പണ്‍ കോടതിയില്‍ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാന്‍ കഴിയുന്ന രീതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും നിരാകരിച്ചു. ഉയര്‍ന്ന നീതി ബോധമുള്ള ന്യായിധിപന്‍മാര്‍ ഉണ്ടാകുമെന്ന് വിശ്വാസം പങ്കുവെച്ചാണ് അതിജീവിതയുടെ കുറിപ്പ് അവസാനിക്കുന്നത്. ഒന്നാംപ്രതിയായ സുനി തന്റെ ഡ്രൈവറോ ജീവനക്കാരനോ ആയിരുന്നില്ലെന്നും അതിജീവിത വ്യക്ത വരുത്തി.
അതിജീവിതയുടെ കുറിപ്പിന് പിന്നാലെയാണ് ആസൂത്രകര്‍ ഇപ്പോളും പുറത്താണെന്ന് വ്യക്തമാക്കിയുള്ള മഞ്ജു വാര്യരുടെ പ്രതികരണം. ആസൂത്രകര്‍ പുറത്താണെന്നുള്ളത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണെന്നും പൊലീസിലും നിയമവ്യവസ്ഥയിലും വിശ്വാസം ദൃഡമാക്കാന്‍ ആസൂത്രകരെ കണ്ടെത്തണമെന്നും മഞ്ജു ആവശ്യപ്പെട്ടു. അന്നും ഇന്നും എന്നും അവള്‍ക്കൊപ്പമാണെന്ന് മഞ്ജു ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് ശേഷം ആദ്യമായാണ് മഞ്ജുവിന്റെ പ്രതികരണം.




