- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയൊഴിക്കപ്പെടാൻ പോകുന്നത് ആയിരങ്ങൾ; വികസനത്തിന്റെ ബുൾഡോസർ രാജിൽ വ്യാപാരികളും പെരുവഴിയിലാകും; കൃത്രിമ ജലപാത, നാലുവരിപാത സ്ഥലമെടുപ്പുകളിൽ വലഞ്ഞ് പാനൂരുകാർ; രാഷ്ട്രീയ കൊലപാതകങ്ങളുടെ അശാന്തിയിൽ ജീവിച്ചുവന്ന ജനതയ്ക്ക് ഇരുട്ടടിയായി പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികൾ
തലശേരി:പാനൂർ മേഖലയിലൂടെ കടന്നു പോകുന്ന രണ്ടു പാതകൾക്കെതിരെ സ്ഥലവും വീടും നഷ്ടപ്പെടുന്നവരും വ്യാപാരികളും ജീവന്മരണ പോരാട്ടത്തിൽ.വികസനത്തിന്റെ തേരോട്ടത്തിൽ നിരാലംബരായി മാറുകയാണ് ആയിരക്കണക്കിന് കുടുംബങ്ങളും നൂറുകണക്കിന് വ്യാപാരികളും.മാഹി-വളപട്ടണം നിർദിഷ്ട കൃത്രിമ ജലപാതയും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള കുറ്റ്യാടി മട്ടന്നൂർ നിർദിഷ്ട നാലുവരിപ്പാതയുമാണ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സ്ഥലം സർവേയുമായി ബന്ധപ്പെട്ടു വൻപ്രതിഷേധത്തിന് വഴിമരുന്നിടുന്നത്.
കണ്ണൂർ കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന പെരിങ്ങത്തൂർ പുഴയിൽ എത്തിച്ചേരുന്ന ജലപാതയ്ക്ക് മേക്കുന്ന്, പൂക്കോം, അണിയാരം, പന്ന്യന്നൂർ, ചമ്പാട് പ്രദേശങ്ങളിലെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടികൾ തുടങ്ങിയതോടെ കുടിയിറങ്ങേണ്ട അവസ്ഥയിലാണ് നൂറുകണക്കിന് കുടുംബങ്ങൾ.വൻതോതിലുള്ള പാരിസ്ഥിതിക പ്രശ്നവും പാത പ്രാബല്യത്തിലാക്കുന്നതിലെ പ്രയോഗിക പ്രശ്നവും ഉയർത്തിക്കാട്ടി ജലപാത പ്രതിരോധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ശക്തമായി നടത്തിവരികയാണ്.സമരസമിതിയുടെ നേതൃത്വത്തിൽ ജലപാതയ്ക്കെതിരെ 25ന് ജീവൻ രക്ഷാ യാത്ര നടത്തും.
കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയമായി പാത കടന്നു പോകുന്ന ഭാഗങ്ങളിൽ സർവേ നടത്തുന്നത് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.അതിർത്തി കുറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പാനൂർ നഗരസഭയിലെ കീഴ്മാടം കച്ചേരി മൊട്ടയിൽ സംഘർഷമുണ്ടാകുകയും സ്ത്രീകൾ ഉൾപ്പെടെ അറസ്റ്റിലാവുകയും ചെയ്തു. 24 മീറ്റർ പാതയുടെ രണ്ടു ഭാഗത്തും സ്ഥലം വിട്ടു നൽകുന്നതിലും വീടു നഷ്ടപ്പെടുന്നതുമായിരുന്നു പ്രധാന പ്രശ്നം.സ്പീക്കർ എ.എൻ ഷംസീറിന്റെയും കെ.പി.മോഹനൻ എംഎൽഎയുടെയും നേതൃത്വത്തിൽ ചൊക്ലിയിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും വ്യാപാരികളുടെയും യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു.
ആശങ്കകൾ അകറ്റി നാലുവരിപ്പാതയുടെ പ്രവർത്തനവുമായി സഹകരിക്കണമെന്നാണ് സ്പീക്കറും എംഎൽഎയും ആവശ്യപ്പെട്ടത്. എന്നാൽ ഇതിനു ശേഷവും വിട്ടു കൊടുക്കേണ്ട സ്ഥല നിർണയവുമായി ബന്ധപ്പെട്ട് കെആർഎഫ്ബി ഉദ്യോഗസ്ഥർ പാനൂർ ടൗണിലേക്കു പ്രവേശിച്ചപ്പോൾ വ്യാപാരികൾ പ്രതിഷേധവുമായെത്തി. രണ്ടു വ്യാപാരി സംഘടനകളും രംഗത്തുണ്ടായിരുന്നു. തുടർച്ചയായ 2 ദിവസങ്ങളിൽ വ്യാപാരികൾ കടകൾ അടച്ചു പ്രതിഷേധിച്ചെങ്കിലും പാതയുടെ ഭാഗമാകുന്ന സ്ഥലം അടയാളപ്പെടുത്തി. കഴിഞ്ഞ ദിവസം അടയാളപ്പെടുത്തൽ പൂർത്തിയായി. വിട്ടു നൽകേണ്ട സ്ഥലത്തിന്റെയും കടകളുടെയും വിവരം റവന്യൂ വകുപ്പിന് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വൈകാതെ അടുത്ത നടപടിയിലേക്കു പ്രവേശിക്കും. നാലുവരി പാതവരുന്നതോടെ പാനൂർ ടൗൺ തന്നെ ഇല്ലാതാകും. കൂനിന്മേൽ കുരുപോലെ വീണ്ടും തുടങ്ങിയ ജലപാതയുടെ തിരയിളക്കിൽ ഒലിച്ചു പോവുക ആയിരക്കണക്കിന് കുടുംബങ്ങളാണ്. ഇതുകൂടാതെദേശീയ പാത യാഥാർത്ഥ്യമായാൽ പാനൂർ ടൗൺ തന്നെ അപ്രത്യക്ഷമാകുന്ന തരത്തിൽ അരികുവൽക്കരിക്കപ്പെടുമെന്ന ഭീതിയിൽ നിൽക്കവെയാണ് ഇരുട്ടടി പോലെ മറ്റു രണ്ടു പാതകളുടെഭീഷണിയുയരുന്നത്.
ഭൂമി ഏറ്റെടുക്കുന്നവർക്ക് കിഫ്ബി ഫണ്ടിൽ നിന്നും നഷ്ടപരിഹാരം നൽകുമെന്ന് കെ.പി മോഹനൻ എംഎൽഎ പറയുന്നുണ്ടെങ്കിലും ഇവർ എങ്ങോട്ടു പോകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ബാങ്ക് വായ്പയെടുത്തും കൊവിഡിനു ശേഷം കനത്ത നഷ്ടത്തിലും ഇഴഞ്ഞു നീങ്ങുകയാണ് പാനൂരിലെ വ്യാപാരമേഖല. ഇവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ ഭാവിജീവിതത്തെ കുറിച്ചു ആർക്കും ഒരു നിശ്ചയവുമില്ല.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്