- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേയറുടെ വിശദീകരണത്തിലും തൃപ്തിയില്ല; രാജിക്കായി മുറവിളി കൂട്ടി പ്രതിപക്ഷം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും യുവമോർച്ചയും; കരാർ നിയമന കത്ത് വിവാദത്തിൽ പുകഞ്ഞ് തിരുവനന്തപുരം കോൽപ്പറേഷൻ; സ്ഥലത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ താൽകാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ അയച്ചുവെന്ന് പറയുന്ന കത്ത് പുറത്തുവന്നതിന് പിന്നാലെ പതിഷേധവുമായി കോൺഗ്രസും ബിജെപിയും. മേയറുടെ നടപടി സത്യപ്രതിഞ്ജാ ലംഘനമാണെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറി. പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി.
പ്രതിഷേധക്കരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി കൗൺസിലർമാർ ഡെപ്യൂട്ടി മേയറെ തടഞ്ഞു.മേയറെ സിപിഎം പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാർ ചെയ്യുന്ന വൃത്തികേടുകളാണ് മേയറിലൂടെ പുറത്തുവന്നതെന്നും പിഎസ് സി വഴിയെത്തുന്ന ചെറുപ്പക്കാർക്ക് അവസരം നിഷേധിക്കുകയാണ് ഇത്തരം നടപടിയെന്നും സതീശൻ പറഞ്ഞു. പിൻവാതിൽ നിയമനം വ്യാപകമാണെന്നും ഇതെല്ലാം പാർട്ടിയുടെ അറിവോടെയുമാണ്. മേയർ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ പാർട്ടി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആര്യാരാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് വിവി രാജേഷും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപറേഷനിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ഒഴിവുണ്ടെങ്കിൽ അതു നികത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറി ആണോയെന്നും സുരേന്ദ്രൻ ചോദിച്ചു. സത്യപ്രതിഞ്ജാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയർക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ല. എല്ലായിടത്തും സിപിഎം പ്രവർത്തകരായാൽ മാത്രം ജോലി എന്ന പിണറായി സർക്കാരിന്റെ നയം തന്നെയാണ് തിരുവനന്തപുരം കോർപറേഷനും പിന്തുടരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ആര്യാ രാജേന്ദ്രന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. മേയറുടെ അഭിപ്രായം അറിയട്ടെ. മേയറെ വിളിച്ചെങ്കിലും കിട്ടിയില്ല. കത്ത് വ്യാജമാണെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും കത്ത് വ്യാജമെങ്കിൽ കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മാധ്യമങ്ങളിൽ വന്നപ്പോഴാണ് കത്ത് കണ്ടത്. മേയറുമായി സംസാരിച്ച ശേഷം പൊലീസിൽ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കും. ലെറ്റർ പാഡ് ഒറിജിനൽ ആണോയെന്ന് അറിയില്ല. മേയറുമായി ഇതുവരെ സംസാരിക്കാനായില്ല. മേയറാണ് ഇതേക്കുറിച്ച് പറയേണ്ട്. മേയറെ വിളിച്ചെങ്കിലും കിട്ടിയില്ല'- ആനാവൂർ നാഗപ്പൻ പറഞ്ഞു.
കത്ത് അയച്ചിട്ടില്ലെന്നായിരുന്നു ആര്യാ രാജേന്ദ്രന്റെ പ്രതികരണം.കത്തയച്ച ഒന്നാം തിയതി 'എവിടെ എന്റെ തൊഴിൽ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ ഡൽഹിയിൽ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം.കരാർ നിയമനത്തിന് പാർട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്താണ് വിവാദത്തിലായത്.
ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റർ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂർ നാഗപ്പനും വിശദീകരിച്ചപ്പോൾ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയർക്കെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് പ്രതിപക്ഷം.
കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നൽകണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്. കത്തിനെ കുറിച്ച് അറിയില്ലെന്ന് മേയർ പ്രതികരിച്ചു.
എന്നാൽ, കത്ത് എഴുതിയാലും ഇല്ലെങ്കിലും വൻ ക്രമക്കേട് നടന്നെന്നും ഭരണ സമിതി പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭരംഗത്താണ്.
മറുനാടന് മലയാളി ബ്യൂറോ