തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കർ എഎൻ ഷംസീറിന്റെ ഓഫീസിന് മുന്നിൽ യുഡിഎഫ് എംഎൽഎമാർ സത്യാഗ്രഹം തുടങ്ങി. ഇവരെ തടയാൻ വാച്ച് ആൻഡ് വാർഡ് എത്തിയതോടെ ബഹളമായി. സ്പീക്കർക്ക് എതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ പ്രതിഷേധത്തിൽ ഭരണപക്ഷത്തെ അംഗങ്ങൾ ഇടപെട്ടതോടെ വാക്‌പോരും അരങ്ങേറി. സഭയിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് സ്പീക്കർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം.

പോത്തൻകോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം അരങ്ങേറിയത്. സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.

സ്പീക്കർ നിക്ഷ്പക്ഷമായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്കെതിരെ ബാനറുകൾ ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. സ്പീക്കർ എ.എൻ ഷംസീറിന് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കയറാൻ പറ്റാത്ത വിധത്തിൽ തടസ്സം സൃഷ്ടിച്ചായിരുന്നു ഓഫീസിനു മുന്നിലെ പ്രതിഷേധം.

പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ഇവർ കുറ്റപ്പെടുത്തി. സ്പീക്കർ ഇതുവരെയും ഓഫീസിലേക്ക് വന്നിട്ടില്ല. അതിനിടെ വാച്ച് ആൻഡ് വാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം എൽ എമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിൻ ദേവ് , അൻസലൻ എന്നിവർ ഓഫിസിന് മുന്നിലെത്തിയിട്ടുണ്ട്.

അതിനിടെ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ അംഗങ്ങളെ ഓരോരുത്തരെയായി ബലം പ്രയോഗിച്ച് മാറ്റി. വാച്ച് ആൻഡ് വാർഡ് സനീഷ് കുമാർ എംഎൽഎ കൈയേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലെ ഡോക്ടർമാർ ഇദ്ദേഹത്തെ പരിശോധിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്പീക്കറുടെ ഓഫീസിന് മുന്നിലേക്ക് എത്തിയിട്ടുണ്ട്.

സംഘർഷത്തിനിടെ കോൺഗ്രസ് എംഎൽഎ ടി.ജെ.സനീഷ് കുമാർ ജോസഫ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാച്ച് ആൻഡ് വാർഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

 നിയമസഭയിൽ ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്. 

പ്രതിപക്ഷ എംഎൽഎമാരുടെ അവകാശങ്ങൾ സ്പീക്കർ നിരന്തരം നിഷേധിക്കുന്നെന്ന് ആരോപിച്ചായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. ഉപരോധം അവസാനിപ്പിച്ച ശേഷം പ്രതിപക്ഷ അംഗങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഓഫിസിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു.

 അടിയന്തര സ്വഭാവം നോട്ടിസിന് ഇല്ലാത്തതിനാൽ ആദ്യ സബ്മിഷനായി ഉമാ തോമസിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു. സെക്രട്ടേറിയറ്റിനു മൂക്കിനു താഴെ സ്ത്രീകൾക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇതു ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. തുടർന്ന്, പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. സ്പീക്കർ നീതി പാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കണമെന്നും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.

നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേൾക്കരുതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിൽ ഭരണപ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം. 'നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്'മന്ത്രി സ്പീക്കറോടായി പറഞ്ഞു.