- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവേഷണ തീസീസിന് ഇലക്ട്രോണിക്‌സ് സയൻസ് ഡിവിഷന്റെ സ്വർണ മെഡൽ കിട്ടിയ പ്രഫസർ; ബംഗ്ലൂർ ഐഐടിയിലെ എംടെക്കും ഗവേഷണ ബിരുദവും; ചെയർമാനായി സിഇടി അദ്ധ്യാപകനെത്തുമ്പോൾ പ്രതീക്ഷിക്കുന്നത് അടിമുടി മാറ്റം; പരീക്ഷകളെല്ലാം ഓൺലൈനാകും; വിവരണാത്മക പരീക്ഷയും അട്ടിമറി കുറയ്ക്കും; പി എസ് സിയിൽ ഇനി ഡോ എംആർ ബൈജുവിന്റെ വിപ്ലവം
തിരുവനന്തപുരം: ഇനി പരീക്ഷയിൽ കോപ്പി അടിച്ചു ചോദ്യ പേപ്പർ ചോർത്തി പുറത്തെത്തിച്ചും സർക്കാർ ജീവനക്കാരാകാനുള്ള ശ്രമങ്ങൾ നടക്കില്ല. പി എസ് സിയുടെ പുതിയ ചെയർമാൻ അടിമുടി മാറ്റങ്ങൾക്ക് ശ്രമിക്കുകയാണ്. പിഎസ്‌സി പരീക്ഷകളിൽ പകുതിയും ഒരു വർഷത്തിനകം ഓൺലൈൻ രീതിയിലാകും. പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ തുടങ്ങി വച്ച പരിഷ്‌കരണങ്ങൾക്ക് ഇനി അസാധാരണ വേഗം കൈവരും. പുതിയ ചെയർമാൻ ഡോ. എം.ആർ.ബൈജു ഇതിനുള്ള പഠനങ്ങൾ തുടങ്ങി കഴിഞ്ഞു.
ക്രമക്കേടുകൾക്ക് ഇടനൽകാത്ത വിധമാണ് ഓരോ പരീക്ഷയും പിഎസ്‌സി നടത്തുന്നത്. എന്നിട്ടും, സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിലുണ്ടായ ക്രമക്കേട് ഏറെ വിഷമിപ്പിച്ചുവെന്ന് സ്ഥാനമൊഴിയുന്ന പി എസ് സി ചെയർമാൻ പറയുന്നു. പരീക്ഷാകേന്ദ്രത്തിലെ ജാഗ്രതക്കുറവുമൂലം അനർഹരായ ചിലർ ലിസ്റ്റിൽ കടന്നുകൂടി. ഇത്തരം ക്രമക്കേട് ആവർത്തിക്കാതിരിക്കാൻ ഇൻവിജിലേറ്റർമാരും ഉദ്യോഗാർഥികളും സഹകരിക്കണമെന്നായിരുന്നു അഭ്യർത്ഥന. ഇതിനൊപ്പമാണ് ഓൺലൈൻ പരീക്ഷയിലൂടെ അതിവഗ ഫലപ്രഖ്യാപനവും അട്ടിമറികളും തടയാനുള്ള നീക്കങ്ങൾ പി എസ് സിയിൽ നടക്കുന്നത്. പരീക്ഷകളുടെ വിശ്വാസ്യത ഇതോട കൂടുമെന്നാണ് വിലയിരുത്തൽ.
ബൈജു നിലവിൽ പിഎസ്‌സി അംഗമാണ്. 2017 ജനുവരി 9നാണ് പിഎസ്‌സി അംഗമായി ചുമതലയേറ്റത്. തിരുവനന്തപുരം അമ്പലമുക്ക് താമസിക്കുന്ന ബൈജു വക്കം സ്വദേശിയാണ്. എംടെക് ബിരുദധാരിയായ ബൈജു, എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തിരുവനന്തപുരം ഗവ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ പ്രഫസറായിരിക്കെയാണ് പിഎസ്‌സി അംഗമായി നിയമിതനായത്. സി.ഇ.ടിയിൽ നിന്നു ബി.ടെക്കും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് എം.ടെക്കും ഗവേഷണ ബിരുദവും നേടി. ഗവേഷണ തീസിസിന് ഇലക്ട്രോണിക്‌സ് സയൻസ് ഡിവിഷന്റെ സ്വർണ മെഡൽ ലഭിച്ചിരുന്നു. ഗവേഷണത്തിന് ഐ.ഇ.ടി.ഇയുടെ ബിമൽ ബോസ് അവാർഡും ലഭിച്ചിട്ടുണ്ട്. അമ്പലമുക്കിലാണ് താമസം. രാഷ്ട്രീയ നിയമനത്തിന് അപ്പുറമുള്ള അക്കാദമിക് മികവ് ബൈജുവിനുണ്ട്. അത് പി എസ് സിയെ പുതിയ തലത്തിലേക്ക് എത്തിക്കും.
ഉയർന്ന തസ്തികകളിലേക്കുള്ള എല്ലാ പരീക്ഷകളും വിവരണാത്മക രീതിയിലാകാനാണ് അലോചന. ഉത്തരക്കടലാസ് സ്‌കാൻ ചെയ്ത് കംപ്യൂട്ടർ സ്‌ക്രീനിൽ ലഭ്യമാക്കിയുള്ള ഓൺസ്‌ക്രീൻ മാർക്കിങ് മൂല്യനിർണയത്തിലേക്കു മാറുകയും ചെയ്യും. ഒറ്റ വാക്കിൽ ഉത്തരം നൽകുന്ന ഒഎംആർ രീതിയിലൂടെ ഉദ്യോഗാർഥിയുടെ എഴുതാനുള്ള ശേഷിയും മറ്റും വിലയിരുത്താനാകില്ല. മനഃപാഠം പഠിച്ചെഴുതുന്നവർക്ക് ജയിക്കാൻ എളുപ്പവുമാണ്. ഈ സാഹചര്യത്തിലാണ് എല്ലാ പ്രധാന തസ്തികകളിലെയും പരീക്ഷകൾ വിവരണാത്മക രീതിയിലേക്കു മാറ്റുന്നത്. ഇത് പിഎസ് സിയുടെ കൂട്ടായ തീരുമാനമാണ്.
ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചായിരിക്കും ഏതൊക്കെ പരീക്ഷകൾ ഈ രീതിയിലേക്കു മാറ്റണമെന്നു തീരുമാനിക്കുക. അദ്ധ്യാപക തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് പഠിപ്പിക്കാനുള്ള കഴിവുണ്ടോയെന്നുകൂടി വിലയിരുത്തുന്ന രീതിയിലാകും വിവരണാത്മക പരീക്ഷ. പല തസ്തികകളിലേക്കും ലക്ഷക്കണക്കിന് അപേക്ഷകരുള്ളതിനാൽ പ്രാഥമിക പരീക്ഷകൾക്ക് തുടർന്നും ഒഎംആർ രീതി തുടരും. ഓൺസ്‌ക്രീൻ മാർക്കിങ് രീതിയിലൂടെ വിവരണാത്മക പരീക്ഷകളുടെ മൂല്യനിർണയം വേഗം നടത്താം. ആക്ഷേപങ്ങളുണ്ടാകില്ല. ഇരട്ട മൂല്യനിർണയത്തിലൂടെ വിശ്വാസ്യതയും ഉറപ്പാക്കാം.
പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും പരീക്ഷാകേന്ദ്രത്തിൽവച്ച് കുറ്റമറ്റ രീതിയിൽ അപ്‌ലോഡ് ചെയ്യാനും അതനുസരിച്ചു പ്രശ്‌നരഹിതമായി മൂല്യനിർണയം വേഗത്തിലാക്കാനും സാധിക്കുന്ന സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. പിഎസ്‌സിക്ക് 7 ജില്ലകളിൽ ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളുണ്ട്. മറ്റു ജില്ലകളിലും സ്ഥാപിക്കും. 50 എൻജിനീയറിങ് കോളജുകളും ഓൺലൈൻ പരീക്ഷയ്ക്ക് ഉപയോഗിക്കുന്നു. ചില തസ്തികകളിൽ ഇപ്പോഴേ ഓൺലൈൻ പരീക്ഷയാണ്. ഓൺലൈൻ പരീക്ഷകളിലൂടെ അതിവേഗ ഫലപ്രഖ്യാപനം നടക്കും. ഇതിലൂടെ ഉദ്യോഗാർത്ഥികൾത്ത് അതിവേഗം ജോലിയും കിട്ടും.
പി.എസ്.സി ചെയർമാനായി ഡോ. എം.ആർ. ബൈജുവിനെ നിയമിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകിയിരുന്നു. ഡൽഹിയിലുള്ള ഗവർണർക്ക് ഇന്നലെ ഇ-മെയിലിൽ നൽകിയ ശുപാർശയിൽ അദ്ദേഹം ഓൺലൈനായി ഒപ്പുവച്ചു. ് പി.എസ്.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ എം.ആർ. ബൈജു സ്ഥാനമേൽക്കും. സ്ഥാനമൊഴിയുന്ന ചെയർമാൻ എം.കെ. സക്കീർ സത്യവാചകം ചൊല്ലിക്കൊടുക്കും.
മറുനാടന് മലയാളി ബ്യൂറോ