- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഷയ്ക്ക് ജോലി നഷ്ടം നാല് സെക്കന്റിന്റെ അനാസ്ഥയിലെങ്കിൽ ഒരു കണ്ണിന് കാഴ്ചയില്ലാത്ത സൈജുവിന് ഒരു മിനിറ്റിൽ ജോലി നഷ്ടം! സൈജു ഉൾപ്പെട്ട എൽഡി ക്ലാർക്ക് സപ്ലിമെന്ററി ലിസ്റ്റ് 2018 മാർച്ച് 31 രാത്രി 12ന്; തിരുവനന്തപുരം നഗരകാര്യ വകുപ്പിൽനിന്ന് ഒഴിവ് റിപ്പോർട്ട് ചെയ്തത് 12.01നും; ഉദ്യോഗസ്ഥ അലംഭാവം ഉദ്യോഗാർഥികളെ വീണ്ടും കണ്ണീരു കുടുപ്പിക്കുന്നു
തൃപ്പൂണിത്തുറ: സർക്കാർ ജോലിനേടാനുള്ള ഉദ്യോഗാർഥികളുടെ ആഗ്രഹത്തിന് എങ്ങനെയാണ് ഉദ്യോഗസ്ഥർ വിലങ്ങു തടിയാകുന്നത് എന്ന വാർത്തകളാണ് കുറച്ചു ദിവസങ്ങളായി കേരളം ശ്രദ്ധിക്കുന്നത്. ഉദ്യോഗസ്ഥ അലംഭാവം കൊ്ണ്ട് ഒരു സെക്കന്റിൽ ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന്റെ കഥ നാം അറിഞ്ഞു കഴിഞ്ഞു. സമാനമായ അനുഭവമുള്ള നിരവധി പേർ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഉദയംപേൂർ സ്വദേശിയായ സൈജുവിന് ഒരു മിനിറ്റിലാണ് തൊഴ്ിൽനഷ്ടം ഉണ്ടായത്.
സൈജു ഉൾപ്പെട്ട എൽഡി ക്ലാർക്ക് സപ്ലിമെന്ററി ലിസ്റ്റ് 2018 മാർച്ച് 31 രാത്രി 12 നാണ് അവസാനിച്ചത്. എന്നാൽ, തിരുവനന്തപുരം നഗരകാര്യ വകുപ്പിൽനിന്ന് ഒഴിവ് റിപ്പോർട്ട് ചെയ്തത് 12.01ന്. ഒരു മിനിറ്റിൽ ജോലി നഷ്ടമായെന്ന് ചുരുക്കം. സമാനമായ സാഹചര്യമായിരുന്നു നിഷയക്കും. ഒരു കണ്ണിനു കാഴ്ച ഇല്ലാത്ത സൈജുവിന്റെ 20 വർഷത്തെ കഷ്ടപ്പാടാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കു മുൻപിൽ വീണുടഞ്ഞത്. റാങ്ക് ലിസ്റ്റിലെ ഒൻപതാമനായിരുന്ന സൈജു ലിസ്റ്റ് അവസാനിക്കുന്ന മാർച്ച് 31നു മുൻപു ജില്ലാ പിഎസ്‌സി ഓഫിസിലെ സ്ഥിരം സന്ദർശകനായിരുന്നു. ഓരോ തവണ വരുമ്പോഴും അറിയിപ്പ് ലഭിക്കും എന്നു പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിവാക്കി വിടും.
ഒടുവിൽ മാർച്ച് 31 നാണ് എട്ടാം റാങ്ക് വരെയുള്ളവരെയാണു പരിഗണിച്ചിരുന്നത് എന്നും എട്ടാം റാങ്കുകാരനായ എടവനക്കാട് സ്വദേശി തനിക്ക് ഈ ജോലി വേണ്ടെന്നു രണ്ടാഴ്ച മുൻപ് എഴുതി കൊടുത്തിട്ടുണ്ടെന്നും സൈജു അറിയുന്നത്. അപ്പോൾ, ഏതാനും മണിക്കൂർ മാത്രമേ ലിസ്റ്റിനു കാലാവധിയുള്ളൂ. അതു തീരും മുൻപ് എട്ടാം റാങ്കുകാരനെ കണ്ടെത്തി തനിക്കു ജോലി വേണ്ടെന്ന കത്ത് തിരുവനന്തപുരം നഗരകാര്യ വകുപ്പിൽ എത്തിക്കണമെന്നും നഗരകാര്യ വകുപ്പിൽനിന്നു തന്നെ ഔദ്യോഗികമായി ഒഴിവ് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്നും ഉദ്യോഗസ്ഥർ നിലപാടെടുത്തു.
ഇതനുസരിച്ച് എട്ടാം റാങ്കുകാരനെ കണ്ടെത്തി വൈകിട്ട് 6.30നു തന്നെ തിരുവനന്തപുരം നഗരകാര്യ വകുപ്പിൽ ഇമെയിൽ വഴി കത്തു നൽകി. കത്തു വകുപ്പിൽ ലഭിച്ചെന്ന അറിയിപ്പു കിട്ടിയെന്നും സൈജുവിന്റെ ഭാഗത്തുനിന്നുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായെന്നും അഡൈ്വസ് മെമോ ലഭിക്കുമ്പോൾ വന്നാൽ മതിയെന്നും പിഎസ്‌സി ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
ജോലി ലഭിക്കുമെന്ന ആകാംക്ഷയിൽ പിറ്റേദിവസം വീണ്ടും പിഎസ്‌സി ഓഫിസിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ തകിടംമറിഞ്ഞത്. നഗരകാര്യ വകുപ്പിൽനിന്നുള്ള അറിയിപ്പ് 12.01 നാണ് ലഭിച്ചതെന്നും ലിസ്റ്റ് 12നു തന്നെ റദ്ദായതായും ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്ത ദിവസം തന്നെ തിരുവനന്തപുരം നഗരകാര്യ വകുപ്പിൽ നേരിട്ടു പോയി പരാതി നൽകി. സാങ്കേതിക പിഴവായി ഇതിനെ കണക്കാക്കണമെന്നും ഒഴിവിലേക്കു നിയമനം നടത്തണമെന്നും നഗരകാര്യ ഡയറക്ടർ പിഎസ്‌സി ജില്ലാ ഓഫിസർക്കു കത്തയച്ചെങ്കിലും പിഎസ്‌സി ഉദ്യോഗസ്ഥർ കനിഞ്ഞില്ല.
പരിമിതമായ കാഴ്ചയുമായി ഉദയംപേരൂർ നടക്കാവിൽ സ്റ്റേഷനറി കട നടത്തുന്ന സൈജുവിന്റെ 20 വർഷത്തെ കഠിനാധ്വാനമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാഴായത്. തുടർന്നു അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ഒഴിവുകൾ ഉണ്ടെങ്കിൽ നിയമനം നടത്തണം എന്ന വിധി സമ്പാദിച്ചെങ്കിലും സാങ്കേതികത്വം പറഞ്ഞു അതും പിഎസ്‌സി തള്ളി.
മറുനാടന് മലയാളി ബ്യൂറോ