- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിസ്ഥാന ശമ്പളം 76,450 രൂപയും ഡി.എ. 1,55,194 രൂപയും വീട്ടുവാടക അലവൻസ് 10,000 രൂപ; രാഷ്ട്രീയ നിയമനത്തിലൂടെ പി എസ് സി ചെയർമാനായാൽ കിട്ടുക പ്രതിമാസം 2.41 ലക്ഷം; വിരമിച്ചാൽ പെൻഷനും; അംഗത്തിന് ശമ്പളം 2.27 ലക്ഷം; പാവങ്ങളെ പിഴിഞ്ഞ് സെസ് ഈടാക്കുന്നത് ഇതു പോലുള്ളവരെ ആവശ്യത്തിന് നിയമിക്കാൻ; കേരളത്തിന് 21 പി എസ് സി അംഗങ്ങൾ അനിവാര്യമോ?
തിരുവനന്തപുരം: 21 പി എസ് സി അംഗങ്ങൾ. ഇന്ത്യയിൽ ഒരിടത്തും സർക്കാരിലേക്ക് റിക്രൂട്ട്മെന്റിനായുള്ള പബ്ലിക് സർവീസ് കമ്മിഷനിൽ ഇത്രയും അംഗങ്ങളില്ല. എല്ലാം രാഷ്ട്രീയ നിയമനങ്ങൽ. ശമ്പളത്തിനൊപ്പം ചെലവും പെൻഷനുമെല്ലാം കൂടിയാകുമ്പോൾ വലിയ ബാധ്യതാണ് കേരളത്തിന്. ഇതിനൊപ്പം പല രാഷ്ട്രീയ നിയമനങ്ങൾ. ഇവർക്ക് വേണ്ടിയാണ് പാവപ്പെട്ടവരുടെ കീശ കൊള്ളയടിക്കുന്ന നികുതി നിർദ്ദേശങ്ങൾ.
കേരളത്തിൽ പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കുമായി പ്രതിമാസം ചെലവിടുന്നത് 41 ലക്ഷം രൂപ. പി.എസ്.സി. ചെയർമാന് 2.41 ലക്ഷം രൂപയാണ് ശമ്പള ഇനത്തിൽ ലഭിക്കുന്നത്. അടിസ്ഥാന ശമ്പളം 76,450 രൂപയും ഡി.എ. 1,55,194 രൂപയും വീട്ടുവാടക അലവൻസ് 10,000 രൂപയും ഉൾപ്പെടെയാണിത്. പി.എസ്.സി.യിൽ ഇപ്പോൾ 17 അംഗങ്ങളാണ് ഉള്ളത്. 21 പേരെ വരെ നിയമിക്കാം. ഇക്കാര്യത്തിൽ ഉടൻ രാഷ്ട്രീയ തീരുമാനം വരും.
ഒരംഗത്തിന് പ്രതിമാസം 2.27 ലക്ഷം രൂപ ശമ്പളം ലഭിക്കും. വീട്ടുവാടക അലവൻസ് 10,000 രൂപയും യാത്രാബത്ത 5,000 രൂപയും ഇതിലുൾപ്പെടും. ആറു വർഷം അല്ലെങ്കിൽ 62 വയസ്സ് ഏതാണോ ആദ്യം അതുവരെയാണ് ഒരംഗത്തിന്റെ കാലാവധി. പൊതുപ്രവർത്തകൻ സെബാസ്റ്റ്യൻ പാലക്കത്തറക്ക് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് പി.എസ്.സി.യുടെ നടത്തിപ്പിനായി സർക്കാർ ചെലവിടുന്ന കണക്കിന്റെ വിശദ വിവരങ്ങളുള്ളത്. ശമ്പളത്തിനൊപ്പം എല്ലാ വിരമിച്ച അംഗങ്ങൾക്ക് പെൻഷനുമുണ്ട്.
കേന്ദ്ര സർക്കാരിന്റെ നിയമനങ്ങൾക്കുള്ള യുപിഎസ് സിയിൽ പോലും കേരളത്തിന്റേതിന് മൂന്നിൽ ഒന്ന് അംഗങ്ങൾ മാത്രമേ ഉള്ളൂ. മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി അതു തന്നെ. ഇതെല്ലാം പൊതു സമൂഹം ചർച്ച ചെയ്ത കാര്യങ്ങളാണ്. രാഷ്ട്രീയ സ്വാധീനമുള്ളവരുടെ ഭാവി സുരക്ഷിതമാക്കാനാണ് ഇത്തരം നിയമനങ്ങൾ നൽകുന്നത്. ഇത്തരം ചെലവുകളാണ് കേരളാ ഖജനാവിന്റെ നടുവൊടിക്കുന്നത്.
ചെയർമാനും അംഗങ്ങൾക്കും പുറമേ 1,737 സ്ഥിരം ജീവനക്കാരും 81 താത്കാലിക ജീവനക്കാരും ഒരു കരാർ ജീവനക്കാരനും പി.എസ്.സി.ക്ക് ഉണ്ട്. 35 കാറുകൾ ഉൾപ്പെടെ 43 വാഹനങ്ങളുമുണ്ട്. ആസ്ഥാനമന്ദിരം, തിരുവനന്തപുരം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ ജില്ലാ ഓഫീസുകൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മലപ്പുറം, കണ്ണൂർ ജില്ലാ ഓഫീസുകളും കോഴിക്കോട് മേഖല, ജില്ലാ ഓഫീസുകളും അതതിടത്തെ സിവിൽ സ്റ്റേഷനുകളിലും പ്രവർത്തിക്കുന്നു.
എന്നാൽ, കൊല്ലം ജില്ലാ-മേഖല, ഓഫീസും എറണാകുളം ജില്ല, മേഖലാ ഓഫീസും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, കാസർകോട്, വയനാട് ജില്ലാ ഓഫീസുകളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തൃശ്ശൂരിലെ ഓൺലൈൻ പരീക്ഷാ കേന്ദ്രവും കാസർകോട് ഓൺലൈൻ പരീക്ഷാ കേന്ദ്രവും വാടക കെട്ടിടത്തിലാണ്. എറണാകുളം ജില്ല, മേഖലാ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് ഏറ്റവും കൂടുതൽ പ്രതിമാസ വാടക- 3.65 ലക്ഷം രൂപ.
ആലപ്പുഴ ജില്ലാ ഓഫീസ് കെട്ടിടത്തിനാണ് കുറഞ്ഞ വാടക 63,840 രൂപ. തൃശ്ശൂർ ജില്ലാ ഓഫീസിന് 1.65 ലക്ഷം രൂപയും ഇവിടുത്തെ ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന് പ്രതിമാസം 69,620 രൂപയും വാടക കൊടുക്കണം. കാസർകോട് ജില്ലാ ഓഫീസിന് 1.17 ലക്ഷം രൂപയും വാടക കൊടുക്കണം. ഇവിടത്തെ ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന്റെ വാടക പ്രതിമാസം 1.12 ലക്ഷം രൂപയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ