തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് പിൻവാതിൽ നിയമനങ്ങളും പാർട്ടി ബന്ധുക്കളുടെ നിയമനങ്ങളും തന്നെ. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നടത്തിയ താൽക്കാലിക നിയമനങ്ങൾക്ക് കണക്കായി 1.18 ലക്ഷം പേർ. ഇത്രയും താൽക്കാലികക്കാർ ജനുവരിയിൽ ശമ്പളം കൈപ്പറ്റിയെന്നാണ് ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിലെ കണക്ക്. അതായത് സംസ്ഥാന സർക്കാർ ജീവനക്കാരുടെ എണ്ണത്തിന് അടുത്തു താൽകാലികക്കാർ. പാർട്ടിക്കാരെ തിരുകി കയറ്റാനാണ് ഈ നിയമനങ്ങൾ.

സംസ്ഥാനത്തു 122 സർക്കാർ വകുപ്പുകളിലായി 11,145 താൽക്കാലിക ജീവനക്കാരെന്നാണ് ഇത്തവണത്തെ ബജറ്റ് രേഖ പറയുന്നത്. സ്പാർക്കിലെ കണക്കും ബജറ്റ് രേഖയും തമ്മിൽ 1.07 ലക്ഷം താൽക്കാലികക്കാരുടെ വ്യത്യാസം ഉണ്ട്. അതുകൊണ്ട് തന്നെ സുതാര്യത ഇല്ലാ എന്ന് വ്യക്തം. എന്നാൽ 2017 മുതലാണു സർക്കാർ വകുപ്പുകളിലെ താൽക്കാലികക്കാരുടെ ശമ്പളം സ്പാർക്കുമായി ബന്ധപ്പെടുത്തിയത്. എന്നിട്ടും എന്തുകൊണ്ടാണ് ഇതു ബജറ്റ് രേഖയിൽ ഉൾപ്പെടുത്താത്തതെന്നു വ്യക്തമല്ല. ഇത് ദുരൂഹമായി തുടരുകയാണ്.

സർക്കാർ ഉത്തരവു പ്രകാരം സൃഷ്ടിച്ച താൽക്കാലിക തസ്തികകളുടെ ലിസ്റ്റാണ് ബജറ്റ് രേഖകളിൽ വരികയെന്നും വിവിധ വകുപ്പുകളിൽ താൽക്കാലികമായി ജോലി ചെയ്യുന്നവരുടെ എണ്ണവും അവരുടെ ശമ്പള വിതരണവും കൃത്യമായ രേഖപ്പെടുത്താനായി തയാറാക്കിയ കണക്കാണു വിവരാവകാശ നിയമ പ്രകാരം നൽകിയതെന്നും ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. അങ്കണവാടി ജീവനക്കാർ അടക്കം ഈ താൽക്കാലിക ജീവനക്കാരുടെ പട്ടികയിൽ വരുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ജലവിഭവ വകുപ്പിൽ സ്ഥിരം ജീവനക്കാരെക്കാൾ (3793) കൂടുതൽ താൽക്കാലിക ജീവനക്കാരെന്നാണു (4112) ബജറ്റ് രേഖ പുറത്തു വന്നിരുന്നു. 60515 ജീവനക്കാരുള്ള പൊലീസ് വകുപ്പിൽ 1291 താൽക്കാലികക്കാർ. 593 സ്ഥിരം ജീവനക്കാരുള്ള വിജിലൻസ് വകുപ്പിൽ 564 താൽക്കാലികക്കാർ. 1,71,187 ജീവനക്കാരുള്ള പൊതു വിദ്യാഭ്യാസ വകുപ്പിലും 30,985 ജീവനക്കാരുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിലും 37,815 ജീവനക്കാരുള്ള ആരോഗ്യ വകുപ്പിലും താൽക്കാലിക ജീവനക്കാരില്ലെന്നാണ് ബജറ്റ് രേഖ. എന്നാൽ ഇത് കള്ളമാണെന്ന സൂചനകളുമുണ്ട്.

ഗസ്റ്റ് ഹൗസുകളിൽ അടക്കം താൽക്കാലികക്കാർ ഉള്ളപ്പോൾ ടൂറിസം വകുപ്പിലും സ്ഥിരം ജീവനക്കാർ മാത്രമേയുള്ളൂവെന്നാണു രേഖ. ഇതും വിചിത്രമാണ്. ഇതിനിടെയാണ് പുതിയ വസ്തുതകളും എത്തുന്നു. നേരത്തെ പത്തുകൊല്ലം പൂർത്തിയായ താൽകാലികക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ ശ്രമിച്ചിരുന്നു. പിൻവാതിൽ നിയമനങ്ങളെ അംഗീകരിക്കാനുള്ള ഈ നീക്കം കോടതി ഇടപെടലോടെ തടസ്സപ്പെട്ടു. വീണ്ടും ഈ നീക്കം അണിയറയിൽ നടക്കുന്നുവെന്നാണ് സൂചന.

പി എസ് സി വഴി പരീക്ഷ എഴുതി ജോലി തേടി ഇരിക്കുന്നവരുടെ സാധ്യതകളെയാണ് ഇത് ബാധിക്കുന്നത്. റാങ്ക് ലിസ്റ്റുകൾ ഉള്ള തസ്തികയിൽ പോലും പിൻവാതിൽ നിയമനങ്ങൾ നടക്കുകയാണ്.