തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി ആയതിന് ശേഷം പി എസ് സിയുടെ ചെയർമാനും അംഗങ്ങളും ആയവർക്കെല്ലാം കോളടിക്കാൻ സാധ്യത. രാഷ്ട്രീയ നിയമനങ്ങളാണ് പി എസ് സിയിൽ നടക്കുന്നത്. പി.എസ്.സി. ചെയർമാനും അംഗങ്ങളും ഭരണഘടനാപദവി വഹിക്കുന്നവരായതിനാൽ കേന്ദ്രസർക്കാരിൽ സമാന തസ്തികയുമായി ചേർന്നുപോകുന്നതാകണം ശമ്പളവും ആനുകൂല്യങ്ങളുമെന്ന വാദവുമായി ശമ്പള പരിഷ്‌കരണത്തിനാണ് നീക്കം. വിലയ തോതിൽ ശമ്പളം കൂടും. 2016മുതൽ ഇത് പ്രാബല്യത്തിലും വരും. ഫലത്തിൽ പിണറായി അധികാരത്തിലെത്തിയ ശേഷം പി എസ് സിയിൽ അംഗങ്ങളായ എല്ലാവർക്കും കോളടിക്കും. 21 അംഗങ്ങളാണ് പി എസ് സിക്കുള്ളത്. അതുകൊണ്ട് തന്നെ വലിയ സാമ്പത്തിക ബാധ്യതയായി ഈ പരിഷ്‌കരണം കേരളത്തിന്റെ ഖജനാവിന് മാറുകയും ചെയ്യും.

കേന്ദ്ര സംവിധാനമായ യു.പി.എസ്.സി.യിൽ ഒമ്പത് അംഗങ്ങളുള്ളപ്പോൾ കേരള പി.എസ്.സി.യിൽ 21 പേരുണ്ട്. പി.എസ്.സി. അംഗങ്ങൾ രാഷ്ട്രീയാടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. കേരളത്തോളം അംഗങ്ങൾ മറ്റൊരു സംസ്ഥാനത്തേയും പിഎസ് സിക്കില്ല. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് ജംബോ പി എസ് സിയിൽ നിറയുന്നത്. അതുകൊണ്ട് തന്നെ ശമ്പള വർദ്ധന എല്ലാ അർത്ഥത്തിലും ഖജനാവിന് ദോഷമുണ്ടാക്കും. പ്പെടുന്നതും. അറ്റൻഡർ മുതൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുവരെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന പി.എസ്.സി. അംഗങ്ങളാകാൻ പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ല. പാർട്ടികൾ തീരുമാനിക്കുന്നവർ അംഗങ്ങളാകും. പി.എസ്.സി.യിൽ വൻശമ്പളവർധനയ്ക്കുള്ള നീക്കം നടക്കുമ്പോഴും പി എസ് സി നിയമനം കുറയുന്നുവെന്നതാണ് വസ്തുത.

പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും വലിയതോതിൽ ശമ്പളവും പെൻഷനും വർധിപ്പിക്കുന്നത് സംബന്ധിച്ച ശുപാർശ മന്ത്രിസഭയുടെ പരിഗണനയിലാണ്. ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്‌കെയിലും കേന്ദ്രനിരക്കിലുള്ള ഡി.എ.യും നൽകണമെന്നാണ് ആവശ്യം. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഇക്കാര്യം പരിഗണനയ്ക്ക് വന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി കാരണം തീരുമാനം എടുത്തില്ല. നിലവിൽ ചെയർമാന് 2.24 ലക്ഷവും അംഗങ്ങൾക്ക് 2.19 ലക്ഷവുമാണ് പ്രതിമാസശമ്പളം. പുതിയ ശുപാർശയിൽ ചെയർമാന് നാലുലക്ഷവും അംഗങ്ങൾക്ക് 3.75 ലക്ഷവും ശമ്പളമായി നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. പെൻഷനിലും വർധനയുണ്ട്. ചെയർമാന് ലഭിക്കുന്ന പെൻഷനായ 1.25 ലക്ഷംരൂപ 2.5 ലക്ഷവും അംഗങ്ങൾക്കുള്ള 1.20 ലക്ഷം 2.25 ലക്ഷവും ആക്കണമെന്നാണ് ശുപാർശ. അതായത് ഇരട്ടിയുടെ വർദ്ധന.

പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും ഏകീകരിച്ച ശമ്പളം നൽകി ഡി.എ. ഒഴിവാക്കണമെന്ന് ധനവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്രനിരക്കിൽ ജില്ലാ ജഡ്ജിമാർക്ക് ശമ്പളത്തോടൊപ്പം ഡി.എ.യും നൽകുന്നതുപോലെ പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും നൽകാവുന്നതാണെന്ന 2007-ലെ സർക്കാർ ഉത്തരവ് ബാധകമാക്കാവുന്നതാണെന്ന മറുവാദവും ഉയരുന്നു. ഡി.എ. ഉൾപ്പെടെ നൽകിയാൽ പ്രതിവർഷം നാലുകോടി രൂപയുടെ അധികബാധ്യത കേരളത്തിന് വരും.

പി. എസ്. സി വിജ്ഞാപനങ്ങളും റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങളും ഓരോ വർഷവും കുറയുമ്പോഴാണ് ഇവർ ശമ്പള വർദ്ധന ആവശ്യപ്പെടുന്നത്. കേന്ദ്ര നിരക്കിൽ ഡി.എയും സെൻട്രൽ ജുഡിഷ്യൽ കമ്മിഷൻ അംഗങ്ങളുടെ അലവൻസുകളും വേണമെന്നാണ് പി എസ് സിയെ നയിക്കുന്നവരുടെ ആവശ്യം. നിലവിൽ ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയും മെമ്പർമാരുടേത് 70,000 രൂപയും ആണ്. ബത്തകൾ ചേരുമ്പോൾ ചെയർമാന്റെ മൊത്തം ശമ്പളം 2.26 ലക്ഷമാണ്. കൂടാതെ കാറും ഫ്‌ളാറ്റും.

നിലവിൽ ചെയർമാന്റെയും അംഗങ്ങളുടെയും വാർഷിക ശമ്പളം 5.59കോടിയാണ്. വർദ്ധന അംഗീകരിച്ചാൽ 9.48 കോടിയാവും. ചീഫ് സെക്രട്ടറിയുടെ എല്ലാ ആനുകൂല്യങ്ങളും ചെയർമാനും അംഗങ്ങൾക്കുമുണ്ട്. കുടുംബാംഗങ്ങളുടെ ചികിൽസ ഉൾപ്പെടെ സൗജന്യമാണ്.