- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പരീക്ഷയുണ്ടാകുമെന്നും നേരിട്ട് വരേണ്ടന്നും രൂപസാമ്യമുള്ള ആളെക്കൊണ്ട് എഴുതിക്കുമെന്നുമാണ് തട്ടിപ്പുകാര്‍; ഓഗസ്റ്റില്‍ വാട്സാപ്പിലൂടെ റാങ്ക്ലിസ്റ്റ് കിട്ടി; പിന്നാലെ നിയമന ഉത്തരവും; അതുമായി ശ്രീചിത്രയില്‍ എത്തിയവര്‍ ഇളഭ്യരായി; ജോലിക്ക് വേണ്ടി എന്തും ചെയ്യും നാട്! നിയമന തട്ടിപ്പ് മാഫിയ സജീവം; ബോണാമിയില്‍ സംഭവിച്ചത്
തിരുവനന്തപുരം: വീണ്ടും കേരളത്തില്‍ നിയമന തട്ടിപ്പ് മാഫിയ. പിഎസ്സിയുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്രയുടെയും വ്യാജ അഡൈ്വസ് മെമ്മോ ഉള്‍പ്പെടെ തയ്യാറാക്കി വമ്പന്‍ നിയമന തട്ടിപ്പ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരും നഴ്സുമാരുംമുതല്‍ അധ്യാപകര്‍വരെ ഇരകളായി. തട്ടിപ്പിനുപിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന. വ്യാജ നിയമന ഉത്തരവുമായി ഇവരില്‍ ചിലര്‍ ശ്രീചിത്രയില്‍ സെപ്റ്റംബര്‍ 12-ന് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് ചതി മനസ്സിലാകുന്നത്. ജോലി തട്ടിപ്പു സംബന്ധിച്ച പരാതി ആദ്യഘട്ടത്തില്‍ പോലീസ് അവഗണിച്ചു. പിഎസ്സി വഴി ജോലിനല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ ബോണാമി സ്വദേശികളായ കുടുംബം വാഗമണ്‍ പോലീസില്‍ ഒക്ടോബര്‍ 24-ന് പരാതി നല്‍കിയിരുന്നു. കേസെടുത്തെങ്കിലും അന്വേഷണം മുമ്പോട്ട് പോയില്ല.
മകനും മരുമകനും ജോലിനല്‍കാമെന്ന പേരില്‍ 15 ലക്ഷം രൂപ കബളിപ്പിച്ചെന്ന് കാണിച്ച് ഇടുക്കി ഏലപ്പാറ സ്വദേശികള്‍ പോലീസിന് പരാതി നല്‍കി. ശ്രീചിത്രയില്‍ 'പിഎസ്സി'യുടെ നിയമന ഉത്തരവുമായി അതേദിവസം അന്‍പതോളം പേരെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ശ്രീചിത്ര. ഇവിടെ പി എസ് എസി വഴി നിയമനം നടക്കാറില്ല. ഇത് പോലും അറിയാത്തവരെയാണ് തട്ടിപ്പിന് ഇരയാക്കിയത്. ഇതിനൊപ്പം സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും നിയമന തട്ടിപ്പു നടന്നു. വാഗമണ്‍ പുള്ളിക്കാനം സ്വദേശിയായ ഒരാള്‍ മകളുടെ അധ്യാപകജോലിക്കായി വീടു വിറ്റാണ് ഈ സംഘത്തിന് പണം നല്‍കിയത്. ബിജെപി നേതാവ് ബെന്നി പെരുവന്താനം, രാജേഷ്, ഫൈസല്‍, അഗസ്റ്റിന്‍ എന്നിവരാണ് തട്ടിപ്പ് നടത്തിയിതെന്നാണ് പരാതിയിലുള്ളത്.
തിരുവനന്തപുരം നേമത്തുള്ള രാജേഷിന്റെ വീട്ടില്‍ച്ചെന്നാണ് പണത്തിന്റെ പകുതി നല്‍കിയതെന്ന് പരാതിക്കാര്‍ പറഞ്ഞു. എന്നാല്‍, ഈ വീട് ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. ഇവരുടെയെല്ലാം മൊബൈല്‍ഫോണുകളും പ്രവര്‍ത്തന രഹിതം. ടാക്‌സി ഡ്രൈവറായ ഏലപ്പാറ സ്വദേശിയെ പറ്റിച്ചത് ബെന്നി പെരുവന്താനം ആണെന്നാണ് ആരോപണം. ആയുര്‍വേദ ഡോക്ടറായ മകന് ജോലിയ്ക്കു വേണ്ടിയായിരുന്നു ശ്രമം. ഇടുക്കി പാറേമാവ് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നിയമനമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് പട്ടത്തെ പിഎസ്സി ഓഫീസില്‍ വിളിച്ചുവരുത്തി. ഇവിടെ വച്ചാണ് പണം വാങ്ങിയത്. പിന്നീട് ശ്രീചിത്രയില്‍ മരുമകള്‍ക്ക് ജോലി കിട്ടാന്‍ വേണ്ടിയും പണം നല്‍കി. രണ്ടും തട്ടിപ്പായി.
പരീക്ഷയുണ്ടാകുമെന്നും എന്നാല്‍, നേരിട്ട് വരേണ്ടന്നും രൂപസാമ്യമുള്ള ആളെക്കൊണ്ട് എഴുതിക്കുമെന്നുമാണ് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. ഓഗസ്റ്റില്‍ വാട്സാപ്പിലൂടെ റാങ്ക്ലിസ്റ്റ് അയച്ചുകൊടുത്തു. പിന്നാലെ പിഎസ്സിയുടെ വ്യാജ നിയമനശുപാര്‍ശയും എത്തി. സര്‍ക്കാര്‍ സീലും ഒപ്പുകളും എല്ലാം ഉണ്ടായിരുന്നു. അങ്ങനെ ജോലിയ്ക്ക് വേണ്ടി എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ആരോപണത്തില്‍ പ്രതികരിക്കാതെ ബിജെപി നേതാവ് ബെന്നി പെരുവന്താനം ഒഴിഞ്ഞു മാറി. തിരുവനന്തപുരം സ്വദേശിയായ തട്ടിപ്പുകാരനുമായി ബന്ധപ്പെടുത്തിയത് ബെന്നിയാണെന്ന് ബോണാമി സ്വദേശിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ പണം കൈമാറിയത് ബെന്നിയുടെ സാന്നിധ്യത്തിലാണെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ബെന്നി പ്രതികരിച്ചില്ല. ഇടുക്കി ഡിസിസി മുന്‍ ജന.സെക്രട്ടറിയായിരുന്ന ബെന്നി പെരുവന്താനം കഴിഞ്ഞ വര്‍ഷം മേയിലാണ് ബിജെപിയില്‍ ചേര്‍ന്നത്.




