- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തുവിന്റെ പല്ലിന് തകരാർ സംഭവിച്ചത് ചെറുപ്പത്തിലുണ്ടായ വീഴ്ചയിൽ; പണമില്ലാത്തതിനാൽ ചികിത്സിച്ചു നേരെയാക്കാനായില്ലെന്നും ആദിവാസി യുവാവ്; ഉന്തിയ പല്ലുള്ളവർക്ക് യൂണിഫോം തസ്തികകളിൽ ജോലിയില്ല; ഒന്നും ചെയ്യാനില്ലെന്ന് പി.എസ്.സിയും; സർക്കാർ ജോലി നിഷേധിച്ചതിൽ കേസെടുത്ത് എസ്.സി എസ്.ടി കമ്മീഷൻ
ഇടുക്കി: ഉന്തിയ പല്ലിന്റെ പേരിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ സ്വമേധയ കേസെടുത്ത് എസ്സി എസ്ടി കമ്മീഷൻ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ. വനംവന്യജീവ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, പി എസ് സി സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് എസ്.സി എസ്.ടി കമ്മീഷൻ നിർദ്ദേശിച്ചു.
പല്ല് ഉന്തിയതിന്റെ പേരിൽ ആദിവാസി യുവാവാവിന് പി.എസ്.സി ജോലി നിഷേധിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ഉദ്യോഗമാണ് നിരതെറ്റിയ പല്ലിന്റെ പേരിലാണ് ആനവായി ഊരിലെ മുത്തുവിന് നഷ്ടമാകുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരിൽ തഴഞ്ഞെന്നായിരുന്നു പരാതി. ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് മുത്തുവിന്റെ പല്ലിന് തകരാർ വന്നത്. പണമില്ലാത്തതുകൊണ്ടാണ് പല്ല് ചികിത്സിച്ചു നേരെയാക്കാതിരുന്നത് എന്ന് മുത്തു പ്രതികരിച്ചു.
'വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സ്പെഷൽ റിക്രൂട്മെന്റ് ഒഴിവിലേക്ക് ഞാൻ അപേക്ഷിച്ചിരുന്നു. പരീക്ഷയും കായികക്ഷമതയും പാസായി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെ ഘട്ടത്തിൽ ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് എനിക്ക് ജോലി നിഷേധിച്ചു. പണമില്ലാത്തതുകൊണ്ടാണ് അത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാതിരുന്നത്, ഹൃദയം നുറുങ്ങുന്ന വേദനയോടെ മുത്തു പറഞ്ഞു.
അട്ടപ്പാടി പൂതൂർ പഞ്ചായത്തിലെ ആനവായി ഊരിലെ, വെള്ളിയുടെ മകനാണ് മുത്തു. സെപ്റ്റംബറിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ എഴുത്ത് പരീക്ഷയും, ഈ മാസം ആദ്യം കായിക ക്ഷമത പരീക്ഷയും വിജയിച്ചു. എന്നാൽ, ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടർ ഉന്തിയ പല്ല് സർട്ടിഫിക്കറ്റിൽ എടുത്ത് എഴുതിയത് വിനയായി. നിരതെറ്റിയ പല്ല് അയോഗ്യതയെന്ന് വിജ്ഞാപനത്തിലുണ്ടെന്നാണ് പി എസ് സി നൽകുന്ന വിശദീകരണം.
കാടിനെ ആശ്രയിച്ച് ജീവിക്കുന്ന മുത്തുവിന്റെ കുടുംബത്തിന്റെ സ്വപ്നമാണ് നിരതെറ്റിയ പല്ലിന്റെ പേരിൽ തകർന്നുപോയത്. മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് പി എസ് സി ആണെന്നും വനംവകുപ്പ് നിസ്സഹായരാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്നും ശക്തമായ നടപടി വേണമെന്നും എൻ. ഷംസുദ്ദീൻ എംഎൽഎ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രാകൃതമായ നടപടി മറ്റാരെയെങ്കിലും സഹായിക്കാനാകുമെന്നും പി.എസ്.സി ചെയർമാന്റെ ശ്രദ്ധയിൽ വിഷയം എത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഉന്തിയ പല്ലുള്ളവർക്ക് യൂണിഫോം തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ സർക്കാർ നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നാണ് പി എസ് സി അധികൃതർ വിഷയത്തിൽ വിശദീകരിക്കുന്നത്. പി എസ് സിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന് പിഎസ്സി വൃത്തങ്ങൾ നൽകുന്ന വിവരം.
നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണോ എന്നത് സർക്കാർ വിവിധ വകുപ്പുകളുമായി ആലോചിച്ച് എടുക്കുന്ന നയപരമായ തീരുമാനമാണ്. ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചാൽ പി എസ് സി യുമായും കൂടിയാലോചിക്കും. പി എസ് സി യോഗം ചേർന്ന് സർക്കാരിനെ നിലപാട് അറിയിക്കും. അതു സ്വീകരിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചന അധികാരമാണ്.
നിയമന ചട്ടങ്ങളിൽ ഭേദഗതി വേണമെന്ന് പി എസ് സി സർക്കാരിനോട് ആവശ്യപ്പെടാറില്ല. ആദിവാസികൾക്കു മാത്രമായുള്ള ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷിച്ച മുത്തു എന്ന ഉദ്യോഗാർഥി ഉന്തിയ പല്ലുള്ളതിനാൽ അയോഗ്യനായെന്ന് വാർത്തകൾ വന്നിരുന്നു. ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടക്കുകയാണ്.
യൂണിഫോം തസ്തികളിൽ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസറിൽനിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥിയുടെ യോഗ്യത നിശ്ചയിക്കുന്നത്. നിയമന ചട്ടങ്ങളിൽ നിഷ്കർഷിക്കുന്ന വിധം വേണം മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ.
യൂണിഫോം തസ്തികകളിൽ പറയുന്ന ശാരീരിക യോഗ്യതകൾ ഓരോ കണ്ണിനും പൂർണമായി കാഴ്ച ശക്തി ഉണ്ടായിരിക്കണം. കളർ ബ്ലൈൻഡ്നസ് അടക്കമുള്ള വൈകല്യങ്ങൾ അയോഗ്യതയായി കണക്കാക്കും. മുട്ടു തട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല് (മുൻപല്ല്), ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരശേഷിയിലുമുള്ള കുറവുകളും അയോഗ്യതയാണ്.
ശാരീരിക യോഗ്യതയും കണ്ണട കൂടാതെയുള്ള കാഴ്ച ശക്തിയും തെളിയിക്കുന്നതിന് സർക്കാർ സർവീസിലുള്ള അസി.സർജൻ അല്ലെങ്കിൽ ജൂനിയർ കൺസൾട്ടന്റിന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസറിൽനിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അസ്സൽ കായിക ക്ഷമതാ പരീക്ഷയുടെ സമയത്ത് ഹാജരാക്കണം.
ഉന്തിയ പല്ലുകൾ എന്ന് മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയാൽ അയോഗ്യനാക്കാതെ പി എസ് സിക്കു മറ്റു വഴികളില്ല. ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കായികക്ഷമതാ ബോർഡാണ് പരിശോധന നടത്തുന്നത്.
ഇതു കഴിഞ്ഞാലും, ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ ജോലിയിൽ കയറുന്നതിനു മുൻപ് വകുപ്പ് വീണ്ടും മെഡിക്കൽ പരിശോധന നടത്തും. ഈ ഘട്ടത്തിലും അയോഗ്യനാകാം. പി എസ് സി നിയമന ശുപാർശ കൊടുത്താലും വകുപ്പിന്റെ മെഡിക്കൽ പരിശോധനയും കഴിഞ്ഞാലേ പരിശീലനത്തിനു വിളിക്കൂ. വർഷങ്ങളായി ഈ നിയമമാണ് നിലനിൽക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ