കറാച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനും (പിഎസ്എല്‍) കനത്ത തിരിച്ചടി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ബ്രോഡ്കാസ്റ്റ് സംഘത്തിലെ ഇന്ത്യക്കാരെ ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നിര്‍ബന്ധിതരായതോടെ, ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണം അവതാളത്തിലായി. പിസിബിയുടെ ടീമിലെ പ്രൊഡക്ഷന്‍, ബ്രോഡ്കാസ്റ്റ് ജീവനക്കാരെയാണ് മാറ്റുന്നത്. എന്‍ജിനീയര്‍മാര്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍, ക്യാമറക്കാര്‍, പ്ലെയര്‍ ട്രാക്കിങ് വിദഗ്ധര്‍ തുടങ്ങിയവരില്‍ ഏറെയും ഇന്ത്യക്കാരാണ്. പരിചയസമ്പന്നരായ ഇവര്‍ക്കു പകരം ആളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പി എസ് എല്‍ അധികൃതര്‍.

ഇന്ത്യക്കാര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്നു പാക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ പിസിബി ടീമിലെ ഇന്ത്യന്‍ ജീവനക്കാര്‍ പാക്കിസ്ഥാന്‍ വിടും വരെ അധികം പുറത്തിറങ്ങാതെ നോക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാര്‍ക്കു പകരം അനുയോജ്യരായ പകരക്കാരെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കം.

അതേ സമയം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മത്സരങ്ങള്‍ ഡ്രീം ഇലവന്‍ ഫാന്റസി ക്രിക്കറ്റ് ലീഗ് ഒഴിവാക്കി. ഓരോ മത്സരങ്ങളിലെയും ഇലവന്‍ തെരഞ്ഞെടുത്ത് അവരുടെ മികവിനനുസരിച്ച് ആരാധകര്‍ക്ക് പരസ്പരം കളിക്കാനുള്ള അവസരമാണ് ഡ്രീം ഇലവന്‍ ഒരുക്കിയിരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഡ്രീം ഇലവന്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. കോടിക്കണക്കിന് രൂപയുടെ സമ്മാനമാണ് ഡ്രീം ഇലവനില്‍ ഉണ്ടാകാറുള്ളത്.

അതിനിടെ, ഇന്ത്യയില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്ന കായിക വെബ്‌സൈറ്റായ ഫാന്‍കോഡ്, ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ സൈറ്റില്‍നിന്ന് നീക്കി. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഫാന്‍കോഡിന്റെ നീക്കം. ഇന്ത്യയില്‍ പിഎസ്എല്‍ മത്സരങ്ങള്‍ ഔദ്യോഗികമായി സംപ്രേക്ഷണം ചെയ്യുന്ന വെബ്‌സൈറ്റുകളില്‍ ഒന്നാണ് ഫാന്‍കോഡ്. പിഎസ്എലിലെ ആദ്യ 13 മത്സരങ്ങള്‍ അവര്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

ഇനി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യില്ലെന്ന് ഫാന്‍കോഡ് തന്നെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. പിഎസ്എല്ലുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഒറ്റ രാത്രി കൊണ്ട് ആപ്പില്‍ നിന്നും വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി. മത്സരത്തിന്റെ വീഡിയോകളോ ഹൈലൈറ്റ്‌സുകളോ നോക്കാന്‍ ശ്രമിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് '403 ഫോര്‍ബിഡന്‍' എന്ന് മാത്രമാണ് കാണാനാകുന്നത്.

ഏപ്രില്‍ 11 മുതല്‍ മെയ് 18 വരെയാണ് പിസിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. ആദ്യമായാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന അതേ സമയത്ത് പിസിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍, ഐപിഎല്ലിന്റെ താരപ്പകിട്ടിലും ജനകീയതയിലും മുങ്ങിപ്പോയ പിസിഎല്‍ ടൂര്‍ണമെന്റ് അന്താരാഷ്ട്ര സംപ്രേക്ഷണ ശ്രദ്ധ നേടുന്നതില്‍ പെടാപാടു പെടുകയാണ്.

അതേസമയം, കശ്മീരിലെ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മൗനം തുടരുകയാണ്. എന്നാല്‍, ഏപ്രില്‍ 23ന് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ ഇരുടീമുകളിലെയും താരങ്ങള്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകളോടുള്ള ആദരസൂചകമായി കറുത്ത ആംബാന്‍ഡ് ധരിച്ചിരുന്നു. മത്സരത്തിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു.