ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി ഒളിംപിക്‌സ് താരവും രാജ്യാന്തര മെഡൽ ജേതാവും രാജ്യസഭാ എംപിയുമായ പി.ടി. ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തു. സുപ്രീം കോടതി മുൻ ജഡ്ജ് എൽ.നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ ഒദ്യോഗികമായി തിരഞ്ഞെടുത്തത്. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് 58-കാരിയായ പി.ടി.ഉഷ.

95 വർഷത്തെ ചരിത്രമുള്ള ഐഒഎയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാണ് പി ടി ഉഷ. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐഒഎ പ്രസിഡന്റുമാരായത്. 1938 മുതൽ 1960 വരെ ഐഒഎ അധ്യക്ഷനായിരുന്ന യാദവീന്ദ്ര സിങ് മഹാരാജാവ് 1934ൽ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ കളിച്ചിരുന്നു എന്നതുമാത്രമാണ് ഇതുവരെയുള്ള ഐഒഎ പ്രസിഡന്റുമാരിലെ ഏക കായികബന്ധം. ഇതുവരെയുള്ള ചരിത്രങ്ങൾ മാറ്റിയെഴുതി ഇന്ത്യൻ അത്ലറ്റിക്സിലെ വേഗറാണി പി.ടി. ഉഷ ഇനി രാജ്യത്തിന്റെ കായികരംഗത്തെ നയിക്കും.

അത്ലറ്റിക് കരിയറിൽ നൂറിലേറെ ദേശീയ- അന്താരാഷ്ട്ര മെഡലുകൾ വാരിക്കൂട്ടിയ കോഴിക്കോട് പയ്യോളിയിലെ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ ട്രാക്കിൽനിന്ന് വിരമിച്ചശേഷം യുവതാരങ്ങൾക്ക് പരിശീലനം നൽകിവരുകയായിരുന്നു. ട്രാക്കിൽ റെക്കോഡുകൾ പിറക്കുന്നതുപോലെയായി ഉഷയുടെ സ്ഥാനലബ്ധി. ഉഷയ്ക്കെതിരേ മത്സരിക്കാൻ മറ്റാരും മുന്നോട്ടുവന്നിരുന്നില്ല. ഐ.ഒ.എ.യുടെ മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ പലരും രംഗത്തുണ്ടുതാനും.

ഒളിമ്പിക്സിൽ പങ്കെടുത്ത ഒരാൾ തിരഞ്ഞെടുപ്പിലൂടെ അസോസിയേഷന്റെ തലപ്പത്തെത്തുന്നത് ആദ്യം. ഒരു വനിത ഈ സ്ഥാനത്തെത്തുന്നതും നടാടെ. മുൻകാലത്ത് അസോസിയേഷനിൽ അംഗമാകാൻതന്നെ വനിതകൾക്ക് പ്രയാസമായിരുന്നു. ഐ.ഒ.എ.യുടെ പ്രസിഡന്റായാവരുടെ പട്ടിക പരിശോധിച്ചാൽ രാജകുടുംബാംഗങ്ങളെയും വൻ ബിസിനസുകാരെയുമൊക്കെയാണ് കാണാൻകഴിയുക. ആ സ്ഥാനത്താണ് നാട്ടിൻപുറത്തുകാരിയായ പി.ടി. ഉഷ എത്തുന്നത്.

പയ്യോളി എക്സ്പ്രസ് എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഉഷയ്ക്ക് 1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസ് മത്സരത്തിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് വെങ്കലമെഡൽ നഷ്ടമായത്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒട്ടേറെ മെഡലുകൾ നേടി. 1985-ലും 1986 -ലും ലോക അത്ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷകപദവി വഹിച്ചിരുന്നു. 2022 ജൂലായിലാണ് രാജ്യസഭാംഗമായത്.

താരമായും പരിശീലകയായും 46 വർഷം കായികമേഖലയ്ക്കായി ഉഴിഞ്ഞുവച്ചതാണ് പി.ടി.ഉഷയുടെ സമർപ്പിത ജീവിതം. അത്‌ലറ്റിക്‌സിൽ നൂറിലേറെ രാജ്യാന്തര മെഡലുകൾ നേടുകയും 2 ഒളിംപ്യന്മാരടക്കം 8 രാജ്യാന്തര കായികതാരങ്ങളെ വളർത്തിയെടുക്കുകയും ചെയ്ത ഉഷയെ ജൂലൈയിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. അർജുന അവാർഡും പത്മശ്രീ പുരസ്‌കാരവും പതിറ്റാണ്ടുകൾക്കു മുൻപേ ഉഷയെ തേടിയെത്തിയിരുന്നു. അത്ലറ്റിക്‌സിലെ സമഗ്രസംഭാവനയ്ക്കു ലോക അത്‌ലറ്റിക്‌സ് ഫെഡറേഷൻ നൽകുന്ന 'വെറ്ററൻ പിൻ' അംഗീകാരത്തിന് ഉഷ അർഹയായത് 3 വർഷം മുൻപാണ്. ഒളിംപിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായ പി.ടി.ഉഷ, രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടം കൂടി സ്വന്തം പേരിലാക്കിയിരുന്നു.

ഒളിംപിക്‌സ് മെഡൽ കയ്യെത്തുംദൂരത്താണെന്ന ആത്മവിശ്വാസം പിൻഗാമികളുടെ മനസ്സിൽ പതിപ്പിക്കാൻ ഉഷയ്ക്കു സാധിക്കുകയും ചെയ്തു. ഒന്നാം സ്ഥാനക്കാരെ മാത്രമേ ചരിത്രം ഓർമിക്കൂവെന്ന സങ്കൽപം തിരുത്തിയാണ് ഉഷ അന്നുമുതൽ രാജ്യത്തിന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. അന്ന് ഉഷ നടത്തിയ 55.42 സെക്കൻഡ് പ്രകടനം വനിതകളുടെ 400 മീറ്റർ ഹർഡിൽസിലെ ദേശീയ റെക്കോർഡായിരുന്നു. ആ റെക്കോർഡ് ഇളക്കമില്ലാതെ ഇന്നും ഉഷയോടൊപ്പം സഞ്ചരിക്കുന്നു.

ഒളിംപിക്‌സ് മെഡൽ നഷ്ടമായെങ്കിലും ട്രാക്കിൽ ഉഷ കൈവരിച്ച മറ്റു നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലുമായി 19 സ്വർണമടക്കം 33 മെഡലുകൾ നേടി. തുടർച്ചയായ 4 ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലീറ്റായി. 1985ലെ ജക്കാർത്ത ഏഷ്യൻ അത്ലറ്റിക് മീറ്റിൽ ഉഷ ഇന്ത്യയ്ക്കുവേണ്ടി നേടിയത് 5 സ്വർണമടക്കം 6 മെഡലുകളായിരുന്നു. അത്ലറ്റിക്‌സിൽ ഇതൊരു റെക്കോർഡാണ്.

ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്സിനു തുടക്കമിടുന്നത് 2002ൽ ആണ്. തനിക്കു ലഭിക്കാതെപോയ ഒളിംപിക്‌സ് മെഡൽ ശിഷ്യരിലൂടെ സാക്ഷാൽക്കരിക്കുമെന്ന നിശ്ചയദാർഢ്യമായിരുന്നു അതിനുപിന്നിൽ. വലിയ വാഗ്ദാനങ്ങൾ നൽകി മറ്റു സംസ്ഥാനങ്ങൾ ക്ഷണിച്ചെങ്കിലും പരിശീലനക്കളരിക്കു തുടക്കമിടാൻ കോഴിക്കോട്ടെ നാട്ടിൻപുറത്തേക്കാണ് ഉഷ വന്നത്. കോഴിക്കോട് കിനാലൂരിൽ പ്രവർത്തനത്തിന്റെ 20 വർഷം പിന്നിടുന്ന ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിലെ താരങ്ങൾ ഇതുവരെ 79 രാജ്യാന്തര മെഡലുകളാണ് ഇന്ത്യയ്ക്കു നേടിക്കൊടുത്തത്. ദേശീയ മത്സരങ്ങളിൽനിന്നു നേടിയത് അറുനൂറിലധികം മെഡലുകളും. ദേശീയതലത്തിൽ സിലക്ഷൻ ട്രയൽസിലൂടെ കണ്ടെത്തുന്ന അത്‌ലീറ്റുകൾക്കൊപ്പം കിനാലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികൾക്കും ഈ സ്‌കൂളിൽ സൗജന്യ പരിശീലനം നൽകിവരുന്നു.