തിരുവനന്തപുരം: വെറും മൂന്ന് മിനിറ്റേ വേണ്ടി വന്നുള്ളു പാസാക്കാൻ. 150 മണിക്കൂറിലേറെ ചർച്ച നടത്തിയെന്ന് ആരോഗ്യമന്ത്രി അവകാശപ്പെട്ട സുപ്രധാനമായ പൊതുജനാരോഗ്യ ബില്ലിന്റെ ഗതി ഇങ്ങനെയായിരുന്നു. എട്ടുദിവസത്തെ സഭാ നടപടികൾ 31 മിനിറ്റിൽ പൂർത്തിയാക്കിയപ്പോൾ അതിൽ അദ്ഭുതമില്ല. സുപ്രധാനമായ ബി്ൽ നിയമമാക്കും മുമ്പ് നിയമസഭയിൽ വിശദമായ ചർച്ച വേണ്ടിയിരുന്നു. വിശേഷിച്ചും ചില വ്യവസ്ഥകൾ വിവാദമായ പശ്ചാത്തലത്തിൽ. ആരോഗ്യമന്ത്രി ഇതിന് പഴിക്കുന്നത് പ്രതിപക്ഷ പ്രതിഷേധത്തെയാണ്. എന്തായാലും ആയുഷ് വിഭാഗത്തിന്റെ ആശങ്കകൾ പരിഹരിച്ചുകൊണ്ടാണ് പൊതുജനാരോഗ്യ ബിൽ പാസാക്കിയിരിക്കുന്നത്.

ആയുഷിന് ആശ്വാസം

പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച് വലിയ പ്രതിഷേധം ഉയർന്നത് രോഗമുക്തി സർട്ടിഫിക്കറ്റ് സംബന്ധിച്ച തർക്കമായിരുന്നു. പകർച്ചവ്യാധികളുടെ ചികിത്സക്കും, സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം അലോപ്പതി ഡോക്ടർമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയാണ് സെലക്ട് കമ്മറ്റിക്ക് വിട്ട ബില്ല് തയ്യാറാക്കിയിരുന്നത്. ചെങ്കണ്ണും ചിക്കൻ പോക്‌സും ഉൾപ്പടെ മുപ്പതോളം രോഗങ്ങളുടെ ചികിത്സയിൽ ആയുഷിനെ വിലക്കുന്ന ബില്ലിന് എതിരെ ആയുർവേദ -ഹോമിയോ ഡോക്ടർമാരുടെ സംഘടനകൾ ശക്തമായ എതിർപ്പാണ് ഉയർത്തിയത്.

സെലക്ട് കമ്മിറ്റിയിൽ ഉണ്ടായിരുന്ന അഞ്ചു പ്രതിപക്ഷ അംഗങ്ങളും ഇതിൽ വിയോജന കുറിപ്പെഴുതി. ഇതോടെയാണ് ഈ വിവാദമായ നിർദ്ദേശം ഒഴിവാക്കി രജിസ്ട്രേഡ് ആരോഗ്യപ്രവർത്തകർക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകാമെന്ന് നിയമത്തിൽ ഉൾപ്പെടുത്തിയത്. അവരവരുടെ ഇഷ്ടപ്രകാരമുള്ള ഏത് ചികിത്സാരീതിയും സ്വീകരിക്കാം. അത് അംഗീകൃത ചികിത്സയും രജിസ്ട്രേഡ് ആരോഗ്യപ്രവർത്തകരും ആയിരിക്കണം എന്ന് ഉറപ്പാക്കണം എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. അതായത് രോഗ മുക്തി സർട്ടിഫിക്കറ്റ് ഇനി ആയുഷ് വിഭാഗങ്ങൾക്കും നൽകാം.

നേരത്തെ ആയുഷിനെ തഴഞ്ഞ്, അലോപ്പതി വിഭാഗത്തിന് പ്രാമുഖ്യം നൽകുന്ന പരാമർശങ്ങളും വ്യവസ്ഥകളുമായിരുന്നു കരട് ബില്ലിലുണ്ടായിരുന്നത്. മാർച്ച് 13ന് ചേർന്ന അവസാന സെലക്ട് കമ്മിറ്റി യോഗം ആയുഷിനുമേൽ അലോപ്പതിക്ക് അധികാരം നൽകുന്ന വിവാദ നിർദ്ദേശങ്ങൾ ഒഴിവാക്കുകയായിരുന്നു.

അലോപ്പതി-ആയുഷ് പോര്

ബില്ലിൽ ആയുഷിനെ ഒഴിവാക്കണമെന്ന് അലോപ്പതി ഡോക്ടർമാരുടെ സംഘടനകൾ സർക്കാരിന് കത്ത് നൽകിയിരുന്നു. അതേസമയം, ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സംഘടനകൾ സെലക്ട് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ മുഴുവൻ എംഎ‍ൽഎ മാരെയും കണ്ട് ബില്ലിന്റെ എല്ലാ വശങ്ങളും ബോദ്ധ്യപ്പെടുത്തി. ഓരോ ത്രിതല പഞ്ചായത്തിലെയും സാംക്രമിക, അസാംക്രമിക രോഗങ്ങളും പ്രതിരോധവും ചികിത്സയും ചർച്ച ചെയ്തു പദ്ധതികൾ തയ്യാറാക്കുന്നതിൽ തങ്ങളെ പങ്കാളികളാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ആയുഷിനു കീഴിൽ ആയുർവേദം, ഹോമിയോ, യുനാനി, സിദ്ധ, നാച്ചുറോപ്പതി, അക്യുപങ്ചർ, സുജോക്ക് എന്നിവയാണ് ഉള്ളത്. സർക്കാരിന്റെ ആയുഷ് സ്ഥാപനങ്ങൾ തന്നെ 2500 എണ്ണമള്ളപ്പോൾ ബില്ലിലെ മുൻ വ്യവസ്ഥകൾ ന്യായമായിരുന്നു എന്നുപറയുക വയ്യ. കരട് ബിൽ പ്രകാരം 25 സാംക്രമിക രോഗങ്ങളുടെയും 11 ജീവിത ശൈലീരോഗങ്ങളുടെും ചികിത്സയ്ക്കുള്ള നിയമപരമായ അവകാശം അലോപ്പതിക്ക് മാത്രമായിരുന്നു. പകർച്ച വ്യാധി മാറിയെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം അലോപ്പതി ഡോക്ടർമാർക്ക് മാത്രമായിരുന്നു. പകർച്ച വ്യാധികളിൽ സംസ്ഥാന അധികാരി പ്രഖ്യാപിക്കുന്ന പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സ അലോപ്പതിക്കാർക്ക് മാത്രമായിരുന്നു.സാംക്രമിക രോഗങ്ങൾ കണ്ടെത്തിയാൽ അലോപ്പതി വിഭാഗത്തിന് റിപ്പോർട്ട് ചെയ്ത് കൈമാറണമെന്നുമുണ്ടായിരുന്നു.

ഇത് കടുത്ത വിവേചനമാണ് എന്നായിരുന്നു ആയുഷ് വിഭാഗങ്ങളുടെ എതിർപ്പിന് കാരണം. സർക്കാർ അംഗീകരിച്ച ചികിത്സാരീതികളെ അവഗണിക്കുന്നത് ശരിയല്ലെന്നും ചികിത്സിക്കാനും രോഗം ഭേദമായവർക്ക് സർട്ടിഫിക്കറ്റ് നൽകാനുമുള്ള അധികാരം നിഷേധിക്കരുതെന്നുമാണ് ആയുഷ് വിഭാഗങ്ങൾ ആവശ്യപ്പെട്ടത്. ബില്ലിൽ തുല്യപരിഗണന ഉറപ്പാക്കണമെന്നും ഒരു തരം ചികിത്സ മാത്രം അടിച്ചേൽപ്പിക്കുന്നത് സ്വേച്ഛാധിപത്യമാണെന്നും അവർ വാദിച്ചു. എന്തായാലും അവ,ാനത്തെ സെലക്ട് കമ്മിറ്റിയോഗം വിവാദ വ്യവസ്ഥകൾ ഒഴിവാക്കാൻ തീരുമാനിച്ചു. ഇതോടെ, ഏത് വ്യക്തിക്കും ഏത് അംഗീകൃത ചികിത്സ രീതിയും സ്വീകരിക്കാം. ചികിത്സിക്കുന്ന ഡോക്ടർക്കുതന്നെ രോഗമുക്തി സർട്ടിഫിക്കറ്റും നൽകാമെന്ന് ബില്ലിലുണ്ട്.

പൊതുവായി നിയമത്തിൽ പറയുന്നത്

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കേരളത്തിന് പൊതുവായ നിയമം ഇല്ലെന്നിരിക്കെ ഈ പ്രശ്നം പരിഹരിക്കാനാണ് ബിൽ രൂപപ്പെടുത്താൻ സർക്കാർ മുന്നോട്ടുവന്നത്. കോവിഡ്, നിപ തുടങ്ങി മഹാമാരികളെ നേരിട്ടപ്പോൾ ഏകീകൃത നിയമം ഇല്ലാത്തത് തിരിച്ചടിയായിരുന്നു.
2021 ൽ ഓർഡിനൻസായി കൊണ്ടുവന്നതാണ് പൊതുജനാരോഗ്യ നിയമം. സംസ്ഥാനത്ത് 1955ലെ ട്രാവൻകൂർ കൊച്ചിൻ ആക്ടും 1939ലെ മദ്രാസ് ഹോസ്പിറ്റൽ ആക്ടുമാണുണ്ടായിരുന്നത്. ഇവ രണ്ടും ഉൾപ്പെടുന്ന ഏകീകൃത നിയമം വേണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് 2021 ഫെബ്രുവരിയിൽ ഓർഡിനൻസ് പുറപ്പെടുവിച്ചത്. സമഗ്രഭേദഗതിയാണ് സെലക്ട് കമ്മിറ്റി നിർദ്ദേശിച്ചത്. എന്നാൽ, ഇതൊന്നും ചർച്ച ചെയ്യാതെയാണ് ബിൽ പാസാക്കിയത്. ബില്ലിൽ ഗവർണർ ഒപ്പിടുന്നതോടെ 2023ലെ പൊതുജനാരോഗ്യ നിയമം നിലവിൽവരും

പകർച്ച വ്യാധികൾ തടയുന്നതിനും ചികിത്സയ്ക്കുമുള്ള മാർഗങ്ങൾ, കാലാവസ്ഥ വ്യതിയാനം, മനുഷ്യമൃഗസമ്പർക്കം, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പൊതുജനാരോഗ്യ സമിതികൾ, എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ബില്ലിൽ ഉള്ളത്. ആരോഗ്യമന്ത്രി വീണ ജോർജ് ചെയർപേഴ്സണായ 16 അംഗ സെലക്ട് കമ്മറ്റി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായി ആറ് യോഗങ്ങൾ ചേരുകയും പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ആരോഗ്യരംഗത്തെ വിവിധ സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്തു. ഇവ വിശദമായി ചർച്ച ചെയ്താണ് ബില്ലിന്റെ കരട് തയ്യാറാക്കിയത്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സ്ത്രീ ലിംഗത്തിൽ ഒരു നിയമം തയ്യാറാക്കി എന്ന പ്രത്യേകതയും കേരള പൊതുജനാരോഗ്യ ബില്ലിനുണ്ട്. സാധാരണ പുരുഷലിംഗത്തിൽ അഭിസംബോധന ചെയ്യുകയും അതിൽ സ്ത്രീലിംഗം കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന് കണക്കാക്കുകയും ആണ് ചെയ്തിരുന്നത്.