തിരുവനന്തപുരം:പുസ്തക മേളയിൽ നിന്നും വാങ്ങിയ നോവലിന്റെ ഉള്ളടക്കം ശ്രദ്ധിച്ചപ്പോൾ എവിടെയോ കണ്ട് മറന്നതുപോലെ.ഒന്നുകൂടി ഇരുത്തിയൊന്നു ആലോചിച്ചപ്പോഴാണ് സുധാകർ മംഗളോദയത്തിന്റെ ഒറ്റക്കൊലുസെന്ന പുസ്തകം തന്നെയാണ് മറ്റൊരു പേരിൽ ഇറങ്ങിയിരിക്കുന്നതെന്ന് സത്യം മനസ്സിലാക്കുന്നത്.വണ്ണപ്പുറം വായനശാലയുടെ പ്രവർത്തകൻ ജേക്കബ് ജോണിനുണ്ടായ അനുഭവമാണ് ഇത്.

തൊടുപുഴയിൽ നടന്ന ലൈബ്രറി കൗൺസിലിന്റെ പുസ്തകമേളയിൽനിന്നാണ് വണ്ണപ്പുറത്തെ ഗ്രന്ഥശാലാ പ്രവർത്തകർ സുധാകർ മംഗളോദയത്തിന്റെ പെരുമഴ തോർന്ന സന്ധ്യയിൽ പുസ്തകം വാങ്ങിയത്.വായനശാലയിൽ കൊണ്ടുവന്ന് കെട്ടുപൊട്ടിച്ചു നോക്കിയപ്പോൾ ഒറ്റക്കൊലുസ് എന്ന പുസ്തകംതന്നെയല്ലേ അതെന്ന് സംശയം തോന്നിയത്.തുടർന്ന് രണ്ടു പുസ്തകങ്ങളുമെടുത്ത് വായിച്ചപ്പോഴാണ് പ്രസാധന രംഗത്തും ഇന്ന് നടക്കുന്ന തട്ടിപ്പിനെ കുറിച്ചുള്ള കാര്യങ്ങൾ വ്യകത്മാകുന്നത്.

കള്ളനോട്ടടി പോലെ ലാഭമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമായി ഇന്ന് പുസ്തക പ്രസാധന രംഗം മാറിയിരിക്കുന്നു എന്നതിന്റെ തളിവാണ് മേൽപ്പറഞ്ഞ അനുഭവം.അബദ്ധം തിരിച്ചറിഞ്ഞ് പ്രസാധകരുടെ വിലാസം തപ്പിയപ്പോൾ സ്വരലയ തിരുവനന്തപുരം എന്നുമാത്രമാണ് ഉണ്ടായിരുന്നത്.ഫോൺ നമ്പരും ഇല്ല. മറ്റൊരു പ്രസാധകരുടെ സ്റ്റാളിൽനിന്നാണ് പുസ്തകം വാങ്ങിയത്.തുടർന്ന് അവരെ വിളിച്ചപ്പോൾ പണം തിരികെ തരാമെന്നായിരുന്നു മറുപടി.

എന്നാൽ പണമല്ല കാര്യം, കള്ളനോട്ടടിപോലെ പുസ്തകങ്ങൾ ഇങ്ങനെ അടിച്ചിറക്കുന്ന പ്രവണതയ്ക്കാണ് തടയിടേണ്ടതെന്മാണ് പുസ്തകങ്ങലേയും സാഹിത്യത്തേയും സ്‌നേഹിക്കുന്നവർക്ക് പറയുവാനുള്ളത്.ഒറ്റഭാഗമായി തീർക്കാവുന്ന പുസ്തകങ്ങൾ ഫോണ്ട് വലുതാക്കി രണ്ടു ഭാഗമാക്കുന്ന പ്രവണതയും ഇപ്പോൾ കണ്ടുവരുന്നുണ്ട്.വായനശാലകൾക്കും വായനക്കാർക്കും നഷ്ടവും പ്രസാധകർക്ക് ലാഭവും ഉണ്ടാക്കുന്ന ഈ പ്രവണതയ്ക്കും തടയിടേണ്ടതാണെന്നും വായനശാലാ പ്രവർത്തകർ പറയുന്നു.

എറണാകുളത്തെ സിഐ.സി.സി. പ്രസാധകരാണ് സുധാകർ മംഗളോദയത്തിന്റെ ഒറ്റക്കൊലുസ് പ്രസിദ്ധീകരിച്ചത്. ''ഒരു എഡിഷനാണ് ഞങ്ങൾ കരാർ വെച്ചത്.സുധാകർ മംഗളോദയം ഇപ്പോൾ ജിവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ അവകാശികൾ ഇനിയാർക്കെങ്കിലും കോപ്പിറൈറ്റ് കൊടുത്തോ എന്നറിയില്ല. അങ്ങനെയായാൽപ്പോലും പേരുമാറ്റുന്നത് വായനക്കാരോട് ചെയ്യുന്ന അനീതിയാണ്.

കേരളത്തിൽ പത്തോ പതിനഞ്ചോ പ്രസാധകർക്കേ സ്വന്തമായി ഷോറൂമോടുകൂടിയുള്ള വിൽപ്പനശാലയുള്ളൂ. അവിടെനിന്നാണ് വാങ്ങുന്നതെങ്കിൽ തിരികെ കൊടുക്കാം. പക്ഷേ, പലപ്പോഴും മേളകളിലാണ് ഇത്തരം പുസ്തകങ്ങൾ വിറ്റുവരുന്നത്. ജനപ്രിയനോവലുകളും മാന്ത്രികനോവലുകളുമെല്ലാമാണ് കൂടുതലായും ഇങ്ങനെ കണ്ടുവരുന്നത്. ഇതിനു തടയിടാൻ എന്തെങ്കിലും സംവിധാനം വേണം''-സിഐ.സി.സി.യുടെ ടി.ജയചന്ദ്രൻ ആവശ്യപ്പെടുന്നു.സമാനമായ രീതിയിൽ ഇന്ന് ഒട്ടേറെ തട്ടിപ്പ് സംഘങ്ങളാണ് പ്രസാധന രംഗത്തുള്ളതെന്നും ഇവർ വ്യക്തമാക്കുന്നു.