- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനംവകുപ്പിന്റെ ജീപ്പിന്റെ കാറ്റഴിച്ചു വിട്ടു; റീത്ത് വച്ച് വകുപ്പിന്റെ മരണം പ്രഖ്യാപിച്ച് വയനാട്ടുകാർ; കടുവ ആക്രമണത്തിൽ ഇന്നും പശു മരിച്ചു; ജനരോഷം അതിശക്തം; പോളിന്റെ മൃതദേഹവുമായി ജനക്കൂട്ടം പ്രതിഷേധത്തിൽ; ജീവിക്കാനുള്ള അവകാശം തേടി വയനാട്ടുകാരുടെ ഹർത്താൽ; ഒന്നിനും പരിഹാരമില്ലാതെ സർക്കാരും
വയനാട്: വന്യജീവി ആക്രമണത്തിൽ പൊറുതി മുട്ടിയ വയനാടുകാർ വലിയ പ്രതിഷേധത്തിൽ. പുൽപ്പള്ളിയിൽ വനം വകുപ്പുകാർക്കെതിരെ പ്രതിഷേധം അണപൊട്ടി. വനംവകുപ്പ് ജീപ്പ് തടഞ്ഞു വച്ച് കാറ്റഴിച്ചു വിട്ടു. അതിന് ശേഷം റീത്തും വച്ചു. വനംവകുപ്പിന് മരണമാണ് സംഭവിച്ചതെന്ന് വയനാട്ടുകാർ ആരോപിക്കുന്നു. വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. വയനാട്ടിന്റെ പലഭാഗത്തും പ്രതിഷേധം ശക്തമാണ്. ഹർത്താൽ പൂർണ്ണാണ്. കടകളൊന്നും തുറന്നില്ല. വാഹനവും ഓടുന്നില്ല. പൊലീസിനെതിരേയും മുദ്രാവാക്യം വിളി ഉയരുന്നു
വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയാണ് ഈ പ്രതിഷേധം. എൽ.ഡി.എഫും, യു.ഡി.എഫും ബിജെപി.യുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അതിനിടെ, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വയനാട്ടിൽ എത്തിച്ചിട്ടുണ്ട്. മൃതദേഹവുമായി പുൽപ്പള്ളി ബസ് സ്റ്റാന്റിൽ നാട്ടുകാർ വൻ പ്രതിഷേധം സംഘടിപ്പിച്ചു. പുൽപ്പള്ളിയിൽ ഇന്നും കടുവയാക്രമണത്തിൽ പശു ചത്തു. പശുവുമായും പുൽപ്പള്ളിയിൽ പ്രതിഷേധം നടക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ ആറുമണി മുതലാണ് ജില്ലയിൽ ഹർത്താൽ തുടങ്ങിയത്. ജില്ലാ കവാടമായ ലക്കിടി, മാനന്തവാടി തുടങ്ങി മിക്ക സ്ഥലങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി എന്നിവയൊന്നും നിരത്തിലിറങ്ങിയിട്ടില്ല. ആശുപത്രി ആവശ്യത്തിനായി പോകുന്ന സ്വകാര്യ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ഹർത്താലിൽ എല്ലാ രീതിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളി ബസ് സ്റ്റാൻഡിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കൊണ്ടുപോയ പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചതോടെ ആയിരുന്നു പ്രതിഷേധം. 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങളാണ് കുടുംബാംഗങ്ങൾ ഉന്നയിക്കുന്നത്. ഇത് അംഗീകരിച്ചതിന് ശേഷമായിരിക്കും സംസ്‌കാരചടങ്ങുകൾ എന്നാണ് വിവരം.
പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. രണ്ട് സംഘമായിട്ടായിരുന്നു ആദ്യം പ്രതിഷേധം നടന്നത്. ട്രാഫിക് ജംക്ഷനിലും ബസ് സ്റ്റാൻഡിലുമായിട്ടായിരുന്നു പ്രതിഷേധം നടന്നത്. നിലവിൽ ബസ് സ്റ്റാൻഡിൽ മൃതദേഹം വച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ആയിരക്കണക്കിനു പേരാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പുലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം നഗരത്തിൽനിന്നു വീട്ടിലേക്കു മാറ്റു എന്ന നിലപാടിലാണ് പ്രതിഷേധക്കാർ. പുൽപ്പള്ളി പഞ്ചായത്തിനു മുന്നിലും പ്രതിഷേധമുണ്ടായി. ചർച്ചയല്ല ആവശ്യം പരിഹാരമാണ് ഇനി വേണ്ടതെന്നാണ് നാട്ടുകാരുടെ ആവശ്യം.
എംഎൽഎ, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വെള്ളിയാഴ്ച പോളിന്റെ വീട് സന്ദർശിച്ചിരുന്നു. വനംവകുപ്പിന്റെ താത്കാലിക ജീവനക്കാരനായിരുന്ന പോളിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് വനംവകുപ്പിന് കീഴിലുള്ള കുറുവ വനസംരക്ഷണ സമിതി ഏറ്റെടുക്കുമെന്ന് അനൗദ്യോഗികമായ വിവരം ലഭിച്ചിരുന്നു. അതിനിടെ പോളിന്റെ ചികിത്സയിൽ പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മാനന്തവാടി ആശുപത്രി വെള്ളിയാഴ്ച വാർത്താകുറിപ്പ് പുറത്തുവിട്ടിരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ പോളിനെ ചികിത്സിച്ചിരുന്നു.
കാർഡിയോ വാസ്്കുലാർ ശസ്ത്രക്രിയ ആവശ്യമായ ഘട്ടത്തിലാണ് കോഴിക്കോടേക്ക് റഫർ ചെയ്തത്. അതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല, എന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലാണു പോളിന്റെ മൃതദേഹം പുൽപ്പള്ളിയിൽ ആംബുലൻസിൽ എത്തിച്ചത്. രാവിലെ 9.40 ഓടെയാണ് മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചത്. സംസ്‌കാരം വൈകിട്ടു മൂന്നുമണിക്ക് നടക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്തു വയനാട് കലക്ടറേറ്റിന് മുന്നിൽ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെ 9.15നും 9.30നും ഇടയിലാണു കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല ജംക്ഷനിൽ ഡ്യൂട്ടിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകൾക്കു ഗുരുതര പരുക്കേറ്റിരുന്നു. പോളിനെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചു ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പടമല ചാലിഗദ്ദയിൽ കർഷകൻ അജീഷിനെ, കർണാടക തുരത്തിയ മോഴയാന ചവിട്ടിക്കൊന്ന സ്ഥലത്തുനിന്ന് 7 കിലോമീറ്റർ മാത്രമകലെയാണ് പോൾ ആക്രമണത്തിനിരയായത്. ആനക്കൂട്ടത്തിൽ 5 ആനകളുണ്ടായിരുന്നു. ഇവയിലൊന്നാണ് പോളിനെ ആക്രമിച്ചത്.
മറുനാടന് മലയാളി ബ്യൂറോ