തിരുവല്ല: മദ്യപിച്ച് ലക്കുകെട്ട് എസ്ഐ ഓടിച്ച കാർ വഴി വക്കിൽ ഇരുന്ന സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. സ്‌കൂട്ടറിൽ കാറിടിച്ച വിവരമൊന്നും അറിയാതെ പോയ എസ്ഐയെ പിന്തുടർന്ന നാട്ടുകാർ വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പിടികൂടി. വിവരം അറിഞ്ഞിട്ടും ഭരണ കക്ഷി ഇടപെടലിനെ തുടർന്ന് നടപടി എടുക്കാതെ മേലധികാരികൾ.

പുളിക്കീഴ് സ്റ്റേഷനിലെ എസ്ഐയും ചെങ്ങരൂർ സ്വദേശിയുമായ സാജൻ പീറ്ററിനെയാണ് നാട്ടുകാർ വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്ന പിടികൂടി പുളിക്കീഴ് പൊലീസിനെ തന്നെ ഏൽപ്പിച്ചത്. ശനിയാഴച വൈകിട്ട് മൂന്നിനാണ് സംഭവം.

സഹപ്രവർത്തകന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം ഉണ്ടാക്കിയത്. കുടുംബശ്രീ പ്രവർത്തകയുടെ സ്‌കൂട്ടറാണ് ഇടിച്ച് തെറിപ്പിച്ചത്. ഇങ്ങനെ ഒരു അപകടം നടന്നത് പോലും എസ്ഐയുടെ ശ്രദ്ധയിൽ വന്നില്ല. പതിവായി സന്ദർശിക്കാറുള്ള, നിരണം ഡക്ക്ഫാമിന് സമീപമുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് എസ്ഐ പോയത്.

അപകട ശേഷം നിർത്താതെ പോയ കാറിന് പിന്നാലെ എത്തിയ പ്രദേശ വാസികൾ ചേർന്ന് സാജൻ പീറ്ററെ പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. വിവരം ഉടൻ തന്നെ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ സാജന് വേണ്ടി ഭരണപ്പാർട്ടിയിൽ നിന്ന് ഇടപെടലും ഉണ്ടായി. ഇതു കാരണം യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രണ്ടു വർഷമായി ഇയാൾ പുളിക്കീഴ് സ്റ്റേഷനിൽ ജോലിക്ക് വന്നിട്ട്. അതിന് ശേഷം പരിചയപ്പെട്ട സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.