- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിസിടിവി ഇല്ലാത്ത ഭാഗത്ത് വന്നാല്‍ നിന്നെയൊക്കെ കൊന്നു തള്ളും; ഭക്ഷണം കിട്ടാന്‍ വൈകിയതിന് കുറുപ്പുംപടി കരയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി കാട്ടിക്കൂട്ടിയത് വില്ലത്തരം; കേസെടുത്ത് പോലീസ്; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് വിലയിരുത്തല്‍; പള്‍സര്‍ സുനി വീണ്ടും ജയിലില്‍ ആകുമോ?
കൊച്ചി : പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ സാധ്യത ഏറെ. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തിയ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കെതിരെ പൊലീസ് കേസെടുത്തതോടെയാണ് ജാമ്യം റദ്ദാക്കാനുള്ള സാധ്യത കൂടിയത്.
ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്. ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തെന്നും എഫ്‌ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസില്‍ പ്രതിയാകുന്നത്. മറ്റൊരു കേസില്‍ പെടരുതെന്നാണ് ജാമ്യ വ്യവസ്ഥ. ഇത് ലംഘിക്കപ്പെട്ടു. അതുകൊണ്ട് തന്നെ പള്‍സര്‍ വീ്ണ്ടും ജയിലിലേക്ക് പോയേക്കും.
ഹോട്ടല്‍ ഡേവിഡസ് ലാഡര്‍ ഹോട്ടലിലായിരുന്നു അതിക്രമം. സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് വന്നാല്‍ ജീവനക്കാരെ കൊല്ലുമെന്ന് അടക്കം സുനി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പള്‍സര്‍ സുനി മാത്രമാണ് എഫ് ഐ ആര്‍ പ്രകാരം കേസിലെ പ്രതി. 250 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ് ഐ ആറില്‍ പറയുന്നു. രായമംഗലത്ത് കുറുപ്പുംപടി കരയില്‍ അകനാട് റോഡിലാണ് ഡേവിഡസ് ലാഡര്‍ എന്ന ഹോട്ടല്‍. ആക്രമത്തില്‍ പള്‍സറിനെ അറസ്റ്റു ചെയ്താല്‍ നടിയെ ആക്രമിച്ച കേസിലെ ജാമ്യവും റദ്ദാകും. ഇതോടെ വീണ്ടും പള്‍സര്‍ സുനിയ്ക്ക് ജയിലിലേക്ക് മടങ്ങേണ്ടിയും വരും.
ഹോട്ടലിലെത്തിയ സുനിയുടെ ഭക്ഷണ ഓര്‍ഡര്‍ എടുക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം. ഓര്‍ഡര്‍ എടുക്കാന്‍ വൈകിയതിന് പരാതിക്കാരനെ ബില്‍ കൗണ്ടറില്‍ വന്ന് തെറി വിളിച്ചു. അതിന് ശേഷം ഓര്‍ഡര്‍ എടുക്കാന്‍ വന്ന സപ്ലയറെ ചീത്ത വിളിച്ചു. ഗ്ലാസ് എറിഞ്ഞുടച്ചു. ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ജീവനക്കാരോട് സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് വന്നാല്‍ നിന്നെയൊക്കെ ശരിയാക്കി തരാമെന്ന് പറഞ്ഞ് വധ ഭീഷണി പെടുത്തിയെന്നും ആരോപണമുണ്ട്. ബിഎന്‍എസിലെ 296(b), 351(2), 324(4) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനി (എന്‍.എസ്. സുനില്‍) ഏഴരവര്‍ഷത്തിനുശേഷം ജയില്‍മോചിതനായത് കഴിഞ്ഞ സെപ്റ്റംബറിലാണ്. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വെള്ളിയാഴ്ച പള്‍സര്‍ സുനിയെ കര്‍ശനവ്യവസ്ഥകളോടെ ജയില്‍മോചിതനാക്കാന്‍ ഉത്തരവിട്ടത്. പ്രതിയുടെ സുരക്ഷ ഉറപ്പാക്കാന്‍ എറണാകുളം റൂറല്‍ എസ്.പി.ക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് നിര്‍ദേശം നല്‍കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത് എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
മറ്റു പ്രതികളെ ബന്ധപ്പെടരുത്, എറണാകുളം സെഷന്‍സ് കോടതി പരിധി വിട്ടുപോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, മൊബൈല്‍ ഫോണില്‍ ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ തുടങ്ങിയതാണ് ജാമ്യവ്യവസ്ഥകള്‍. ഇതിനൊപ്പം ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഇടപെടരുതെന്ന വ്യവസ്ഥയുമുണ്ടായിരുന്നു.