- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൂട്ടബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്‍ഷവും പരാമവധി ശിക്ഷ ജീവപര്യന്തം തടവും; പരമാവധി ശിക്ഷ ജീവപര്യന്തമാക്കി മാറ്റിയെന്നു മാത്രമല്ല ഇതിന് ഒരു വിവരണംകൂടി കൊടുത്ത നിര്‍ഭയ കാലം; ജീവപര്യന്തമെന്നാല്‍ ബലാത്സംഗ കുറ്റത്തില്‍ ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ ജയിലില്‍; കൊലക്കുറ്റത്തിനുപോലും ഈയൊരു നിര്‍വചനമല്ല. പക്ഷേ ഇവിടെ ജീവപര്യന്തം ആര്‍ക്കുമില്ല; പള്‍സറും കൂട്ടരും ആശ്വസിക്കുന്നത് എന്തുകൊണ്ട്?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ഒട്ടും പര്യാപ്തമല്ല എന്ന് വിചാരണക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. 1711 പേജുള്ള വിധിന്യായത്തിലാണ് ഒന്നാം പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്.
എന്നാല്‍ പള്‍സര്‍ സുനി അടക്കം ആറു പേരെ ശിക്ഷിക്കുകയും ചെയ്തു. പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ ഉന്നതമായ അന്തസ്സിനെ ഹനിക്കുന്നതാണ്. യാതൊരു അപകടഭീതിയുമില്ലാതെ യാത്ര ചെയ്യുകയായിരുന്ന അവള്‍ ആക്രമിക്കപ്പെട്ടു. പ്രതികള്‍ അതിജീവിതയെ കടുത്ത ഭയത്തിലേക്കും അപമാനത്തിലേക്കും നിസ്സഹായാവസ്ഥയിലേക്കുമാണ് തള്ളിവിട്ടതെന്നും അവര്‍ക്ക് കടുത്ത മാനസിക സംഘര്‍ഷമാണ് നേരിടേണ്ടി വന്നതെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകളെ ആക്രമിക്കുന്നത് സാമൂഹിക പുരോഗതിയെ ബാധിക്കുമെന്ന നിര്‍ഭയ കേസിലെ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും കോടതി പരാമര്‍ശിച്ചു. ശിക്ഷ വിധിക്കുമ്പോള്‍ പ്രതികളുടെ പ്രായവും (40 വയസ്സില്‍ താഴെ) കുടുംബ പശ്ചാത്തലവും ഒന്നാം പ്രതിയൊഴികെ മറ്റാര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ഘടകങ്ങള്‍ പരിഗണിച്ചാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കേണ്ടതില്ല എന്ന് കോടതി തീരുമാനിച്ചത്. ഇത് പള്‍സറിനും കൂട്ടര്‍ക്കും ആശ്വാസമാണ്. പരമാവധി ശിക്ഷയായ ജീവപര്യന്തം കൊടുത്തിരുന്നുവെങ്കില്‍ പ്രതികള്‍ക്ക് ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു.
കൂട്ടബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്‍ഷവും പരാമവധി ശിക്ഷ ജീവപര്യന്തം തടവുമാക്കി മാറ്റിയത് 2013 ലെ ഡല്‍ഹിയിലെ നിര്‍ഭയ കേസിനുശേഷമാണ്. ഇന്ത്യന്‍ പീനല്‍ കോഡില്‍ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച സമഗ്രമായ ഭേദഗതി വരുത്തിയതിനെത്തുടര്‍ന്നാണ് 376 ഡി എന്ന ഒരു വകുപ്പ് എഴുതിച്ചേര്‍ത്തത്. പരമാവധി ശിക്ഷ ജീവപര്യന്തമാക്കി മാറ്റിയെന്നു മാത്രമല്ല ഇതിന് ഒരു വിവരണംകൂടി കൊടുത്തിരുന്നു. ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ ജയിലിലായിരിക്കണം എന്നായിരുന്നു അത്. കൊലക്കുറ്റത്തിനുപോലും ഈയൊരു നിര്‍വചനമല്ല. പക്ഷേ ഇവിടെ ജീവപര്യന്തം ആര്‍ക്കുമില്ല. അതുകൊണ്ട് തന്നെ കേസില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കും. ദിലീപിനെ അടക്കം വെറുതെ വിട്ടതും പരിശോധിക്കും. രാജ്യചരിത്രത്തില്‍ത്തന്നെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത അത്യപൂര്‍വ കേസുകളില്‍ ഒന്നാണിത്. മാത്രമല്ല, ഒരുപാട് സവിശേഷതകളുള്ള കേസുമാണ്. ഈ കേസില്‍ പതിവിനു വിരുദ്ധമായി കൂട്ടബലാത്സംഗം ചെയ്തുവെന്ന് മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിക്കുകയും ചെയ്തു. അതിനു പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണ് ആരോപണം ഇത് തെളിയാത്തതും കേസിനെ സ്വാധീനിച്ചു. അപ്പീലില്‍ ഇരയ്ക്കു നീതി കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കരുതുന്നവരും ഉണ്ട്. സാധാരണ കൊലക്കുറ്റത്തിനു ലഭിക്കുന്ന ജീവപര്യന്തം തടവിനേക്കാള്‍ വലിയ തടവാണ് ഇതിലെ ജീവപര്യന്തം തടവ്.
ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനിയെപ്പോലെ തന്നെ ഗുരുതരമായ കുറ്റമാണ് മറ്റ് അഞ്ച് പ്രതികളും ചെയ്തതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (എസ്.പി.പി.) അഡ്വ. വി. അജകുമാര്‍ ചൂണ്ടിക്കാട്ടി. ഒന്നാം പ്രതി മാത്രമാണ് നേരിട്ട് ബലാത്സംഗം ചെയ്തതെങ്കില്‍, മറ്റ് പ്രതികള്‍ക്ക് അതേ ശിക്ഷ നല്‍കാനാവുമോ എന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു പ്രോസിക്യൂഷന്‍ നിയമപരമായ മറുപടി നല്‍കിയത്: ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളും കൂട്ടബലാത്സംഗക്കുറ്റമാണ് (IPC 376 D) ചെയ്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പരമാവധി ശിക്ഷ ലഭിക്കാന്‍ ഓരോ പ്രതിയും നേരിട്ട് ബലാത്സംഗം ചെയ്യണമെന്നില്ല. കുറ്റകൃത്യത്തിന്റെ വ്യാപ്തി: കുറ്റകൃത്യത്തിന്റെ മൊത്തത്തിലുള്ള വ്യാപ്തിയാണ് കോടതി പരിഗണിക്കേണ്ടത്. ഈ അഞ്ച് പ്രതികള്‍ വാഹനം തടഞ്ഞു നിര്‍ത്തി സഹായം നല്‍കിയതുകൊണ്ടാണ് അതിജീവിതയെ ബലാത്സംഗം ചെയ്യാന്‍ സുനിക്ക് സാധിച്ചത്. അതിനാല്‍ എല്ലാവര്‍ക്കും പരമാവധി ശിക്ഷ നല്‍കണം. സ്ത്രീകള്‍ പുരുഷന്‍മാരുടെ ഉപഭോഗവസ്തുക്കളല്ല. കുറ്റവാളികള്‍ക്ക് നല്‍കുന്ന പരമാവധി ശിക്ഷ സമൂഹത്തിനുള്ള ശക്തമായ സന്ദേശമാകണം എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ പ്രതികളുടെ പ്രതികരണങ്ങളും ശ്രദ്ധേയമായി. ജഡ്ജി ഹണി എം. വര്‍ഗീസിന്റെ ചോദ്യത്തിന്, 'വീട്ടില്‍ അമ്മ മാത്രമേയുള്ളൂ' എന്ന ഒറ്റ വാചകത്തില്‍ മറുപടി നല്‍കി പള്‍സര്‍ സുനി കൂസലില്ലാതെ നിന്നു. ഇളവ് വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടില്ല. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി വികാരാധീനനായി കരഞ്ഞു. 'ചെയ്യാത്ത തെറ്റിന് അഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളുള്ള മാതാപിതാക്കളുണ്ട്, ജയില്‍മോചിതനാക്കണം' എന്നും തൊഴുകൈയോടെ മാര്‍ട്ടിന്‍ അഭ്യര്‍ഥിച്ചു. ഭാര്യയും മക്കളുമുണ്ടെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു.
വിധിന്യായം വായിക്കണം: അഭിപ്രായം പറയാന്‍ താല്‍പ്പര്യമുള്ളവര്‍ ആദ്യം വിധിന്യായം വായിച്ചുനോക്കണമെന്ന് ജഡ്ജി നിര്‍ദേശിച്ചു. 'വിചാരണ നടക്കുമ്പോള്‍ സ്വാര്‍ഥ താല്‍പ്പര്യത്തോടെ കോടതിക്ക് അകത്തും പുറത്തും ഓരോരുത്തര്‍ ഓരോന്ന് ചെയ്തു, ഇനിയത് ആവര്‍ത്തിക്കണ്ട.' അതിജീവിതയുടെ നിസ്സഹായാവസ്ഥ പരിഗണിക്കണം. ഇത് സ്ത്രീയുടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും കാര്യമാണ്. 'സമൂഹത്തിനുവേണ്ടി വിധിന്യായം എഴുതണോ' എന്നും ജഡ്ജി ചോദിച്ചു. 'ജഡ്ജിയുടെ ഭൂതകാലവും ഭൗതിക സാഹചര്യങ്ങളും അന്വേഷിച്ചോളൂ, എന്നാല്‍ കോടതിയെ അപമാനിച്ചാലും ബുദ്ധിമുട്ടിച്ചാലും തെറ്റായി റിപ്പോര്‍ട്ട് ചെയ്താലും കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും' ജഡ്ജി ശക്തമായ മുന്നറിയിപ്പ് നല്‍കി.




