കൊല്ലം: വീണ്ടും ചോദ്യപേപ്പർ ചോർച്ച. പുനലൂരിൽ വിഎച്ച്എസ്ഇ ഒന്നും രണ്ടും വർഷത്തെ ചോദ്യപേപ്പറാണ് പുറത്തായി. കൊല്ലം ജില്ലയിലെ പുനലൂർ ഇടമൺ വിഎച്ച്എസ് സ്‌കൂളിലാണ് 28, 30 തീയതികളിൽ നടക്കാനിരിക്കുന്ന പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ പുറത്തായത്. സാധാരണഗതിയിൽ ചോദ്യപേപ്പർ മാറി പൊട്ടിച്ചാൽ വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടറെ വിവരം അറിയിക്കണമെന്നാണ് ചട്ടം. എന്നാലിത് സ്‌കൂളിൽതന്നെ ഒതുക്കി തീർത്തു. അതുകൊണ്ടു ദിവസങ്ങൾക്ക് ശേഷമാണ് സംഭവം പുറത്തു വരുന്നത്. കുറ്റക്കാർക്കെതിരെ നടപടിയൊന്നും ആരും എടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

28നു നടക്കാനിരിക്കുന്ന ഒന്നാം വർഷ ഓൺട്രുപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റിന്റെയും 30ന് നടക്കാനിരിക്കുന്ന വൊക്കേഷനൽ തിയറിയുടെയും ചോദ്യപേപ്പർ ഫെബ്രുവരി 10ന് നടന്ന പരീക്ഷയ്ക്കു മാറി നൽകുകയായിരുന്നു. ഫെബ്രുവരി 10ന് രാവിലെ 9.30ന് നൽകിയ ചോദ്യപേപ്പർ ഏകദേശം ഒരു മണിക്കൂറിനു ശേഷമാണു മാറിപ്പോയെന്ന് അദ്ധ്യാപകർ അറിയുന്നത്. ചോദ്യപേപ്പർ ലഭിച്ച വിദ്യാർത്ഥികൾ ക്ലാസിൽ നിന്ന അദ്ധ്യാപകരോടു സംശയം ചോദിക്കാൻ തുടങ്ങിയതോടെയാണ് അബന്ധം തിരിച്ചറിഞ്ഞത്.

ഉടൻതന്നെ സ്‌കൂൾ പ്രിൻസിപ്പൽ കൂടിയായ ചീഫ് എക്‌സാം സൂപ്രണ്ടും ഡപ്യൂട്ടി എക്‌സാം സൂപ്രണ്ടും ചോദ്യപേപ്പർ തിരികെ വാങ്ങുകയും യഥാർഥ ചോദ്യപേപ്പർ വിദ്യാർത്ഥികൾക്കു നൽകുകയും ചെയ്തു. അദ്ധ്യാപകർ ഇത് അതീവ രഹസ്യമായി സൂക്ഷിച്ചു. എന്നാൽ കുട്ടികളിലൂടെ ഇത് പുറത്തെത്തി. ഇതോടെ മാർച്ച് 13ന് വിഎച്ച്എസ്ഇ കൊല്ലം മേഖല അസിസ്റ്റന്റ് ഡയറക്ടർ സ്‌കൂളിൽ എത്തി. സ്‌കൂൾ പ്രിൻസിപ്പൽ ഇല്ലാത്തതിനാൽ ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന അലമാരയും മുറിയും പൂട്ടി തിരികെ പോയി.

14ന് അസിസ്റ്റന്റ് ഡയറക്ടറിനൊപ്പം എക്‌സാം സെക്രട്ടറിയും സ്‌കൂളിലെത്തി. അതിന് ശേഷം പ്രിൻസിപ്പലിനെയും ഡപ്യൂട്ടി സൂപ്രണ്ടിനെയും പരീക്ഷ ചുമതലയിൽനിന്നും മാറ്റിനിർത്തി. പകരം കൊല്ലം, അഞ്ചൽ എന്നിവിടങ്ങളിൽനിന്നുള്ള അദ്ധ്യാപകരെ ചുമതലപ്പെടുത്തി. തീയതി നോക്കാതെ ചോദ്യപേപ്പർ പൊട്ടിച്ചതാണു കാരണമെന്നാണു പ്രിൻസിപ്പൽ നൽകിയ മറുപടി. രണ്ട് ദിവസത്തെയും ചോദ്യപേപ്പർ തമ്മിൽ ഒന്നും രണ്ടും വർഷത്തെ വിഷയങ്ങൾ തമ്മിലുള്ള മാറ്റം മാത്രമാണുള്ളത്. വിഷയം നോക്കി പൊട്ടിച്ചപ്പോൾ തീയതി നോക്കിയില്ലെന്നത് വീഴ്ചയാണ്. പക്ഷേ ആർക്കെതിരേയും നടപടിയില്ല.

സാധാരണ ചീഫ് സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും ചേർന്നാണു ചോദ്യ പേപ്പർ പൊട്ടിക്കുന്നത്. ഇവിടെ ചീഫ് സൂപ്രണ്ട് മാത്രമാണു പൊട്ടിച്ച ചോദ്യപേപ്പറിന്റെ കവറിന് മുകളിൽ ഒപ്പിട്ടിരിക്കുന്നതെന്നും പരാതിയുണ്ട്. അങ്ങനെ എല്ലാം അട്ടിമറിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതായിരുന്നു. അതും സംഭവിച്ചില്ല.