ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങ്ങ് എവിടെ എന്നത് ഇപ്പോഴും ദുരൂഹം. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഈ ഭീകരവാദി നേതാവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അമൃത്പാലിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇയാൾ പഞ്ചാബ് വിടാനുള്ള സാധ്യത കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചു.

പൊലീസിനെ വെട്ടിച്ചു കടക്കാൻ അമൃത്പാൽ ഉപയോഗിച്ച ബൈക്ക് ജലന്തറിലെ ദാരാപുർ ഗ്രാമത്തിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു. ജലന്തറിലെ ഫില്ലൗർ ഭാഗത്തേക്കാണ് ഇയാൾ പോയതെന്നാണു നിഗമനം. അമൃത്‌സറിലെ ജല്ലൂപുരിലുള്ള അമൃത്പാലിന്റെ വസതിയിലെത്തിയ പൊലീസ് അമ്മയെയും ഭാര്യയെയും ചോദ്യം ചെയ്തു. ഈ വിഷയത്തെച്ചൊല്ലി പഞ്ചാബ് നിയമസഭ ബഹളത്തിൽ മുങ്ങി. ക്രമസമാധാന നിലയെക്കുറിച്ച് ചർച്ചയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

അമൃത്പാലിനെതിരായ നടപടിയുടെ പേരിൽ നിരപരാധികളായ സിഖ് യുവാക്കളെ അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അകാലിദൾ എംപി: മൻപ്രീത് സിങ് അയാലി ആവശ്യപ്പെട്ടു. സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചിരുന്നു. പല വേഷത്തിലും രൂപത്തിലുമുള്ള അമൃത്പാലിന്റെ ചിത്രങ്ങളടങ്ങിയ നോട്ടിസുകൾ പഞ്ചാബിലുടനീളം പൊലീസ് പതിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ജലന്തറിൽ പൊലീസിനെ വെട്ടിച്ചു കാറിൽ കടന്ന അമൃത്പാൽ, പ്രദേശത്തുള്ള ഗുരുദ്വാരയിൽ ഒളിച്ചെന്നും പിന്നീടു വേഷം മാറി, അവിടെ നിന്നു ബൈക്കിൽ പോയെന്നും പഞ്ചാബ് ഐജി സുഖ്‌ചെയ്ൻ സിങ് ഗിൽ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ കാർ കണ്ടെടുത്തു. ഇതിൽനിന്ന് തോക്ക്, വാൾ തുടങ്ങിയവ ലഭിച്ചിരുന്നു.

അമൃത്പാലുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച പഞ്ചാബ്ഹരിയാന ഹൈക്കോടതി പൊലീസിനെ രൂക്ഷഭാഷയിലാണ് വിമർശിച്ചത്. 80,000 പൊലീസുകാരുണ്ടായിട്ടും അമൃത്പാൽ എങ്ങനെ കടന്നുകളഞ്ഞെന്നു ജഡ്ജി എൻ.എസ്.ശെഖാവത്ത് ചോദിച്ചു. ജി20 സമ്മേളനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾക്കു സുരക്ഷ ഒരുക്കുന്നതിന്റെ തിരക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് മറുപടി നൽകിയത്. അമൃത്പാലുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് നാലു ദിവസത്തിനകം സമർപ്പിക്കാൻ പൊലീസിനോടു കോടതി നിർദേശിച്ചിട്ടുണ്ട്.

അതസമയം അമൃത്പാൽ സിങ് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പാക്കിസ്ഥാനിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നെന്ന വിവരവും പുറത്തുവന്നു. ഇന്ത്യയിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിൽ അടക്കമാണ് ഈ സഹായം ലഭിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ആയുധങ്ങൾ വിതരണം ചെയ്യുന്നത്. അമൃത്സറിലെ ജല്ലുപുർ ഖേരയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഡി-അഡിക്ഷൻ സെന്ററുകൾ, ഗുരുദ്വാര എന്നിവിടങ്ങളിലാണ് ആയുധങ്ങൾ സൂക്ഷിക്കുന്നതെന്നും രഹസ്യാന്വോഷണ വൃത്തങ്ങൾ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. ലൈസൻസ് ഇല്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്.

'വാരിസ് പഞ്ചാബ് ദേ' സംഘടിപ്പിച്ച ഖൽസ വഹീർ പോലുള്ള പരിപാടികളിലൂടെ സമാഹരിച്ച പണത്തിന്റെ കണക്കില്ല. ഇത്തരം പണം ഖലിസ്ഥാന്റെ പേരിൽ ദുരുപയോഗം ചെയ്യുന്നുണ്ട്. ചെലവുകളുടെയും പണത്തിന്റെ ഉറവിടവും വ്യക്തമാക്കുന്നില്ല. അതേസമയം വിലകൂടിയ വാഹനങ്ങളുടെ ഒരു നിരതന്നെ അമൃത്പാലിനുണ്ട്. പഞ്ചാബിൽ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും സമൂഹത്തെ വർഗീയമായി വിഭജിക്കാനുമാണ് ശ്രമം. ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ സിഖ് ഇതര തൊഴിലാളികളോട് ഇവർ അസഹിഷ്ണുത കാണിക്കുകയാണ്. യുവാക്കളെ തോക്ക് സംസ്‌കാരത്തിലേക്കും തള്ളിവുടുകയാണ് ഇയാൾ.

ആയുധം ധരിക്കണമെന്ന ഗുരു ഗോവിന്ദ് സിങ്ങിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ്് യുവാക്കളെ വഴിതെറ്റിക്കുന്നത്. തൽക്ഷണ നീതി എന്ന ആശയം പ്രോത്സാഹിപ്പിച്ച് യുവാക്കളെ നിയമം കൈയിലെടുക്കാൻ പ്രേരിപ്പിക്കുന്നതായും രഹസ്യാന്വോഷണ വൃത്തങ്ങൾ വെളിപ്പെടുത്തി. അമൃത്പാലിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യയ്ക്ക് പുറത്ത് കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഞായറാഴ്ച ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിച്ചതിനുപിന്നാലെ പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

പ്രതിഷേധക്കാർ ദേശീയപതാക അഴിച്ചുമാറ്റിയതിനു പിന്നാലെ, ഹൈക്കമ്മിഷൻ അധികൃതർ കെട്ടിടത്തിനു കുറുകെ വലിയ ദേശീയപതാക സ്ഥാപിച്ചു. പ്രതിഷേധക്കാരെ ചെറുക്കാൻ 24 ബസുകളിൽ ലണ്ടൻ പൊലീസ് സജ്ജമായിരുന്നു. എന്നാൽ ബുധനാഴ്ച വൈകിട്ട് രണ്ടായിരത്തോളം പേർ സ്ഥലത്ത് എത്തുകയും ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാർ പൊലീസിനു നേരെ വെള്ളത്തിന്റെ കുപ്പികളും മഷിയും കളർപൊടികളും വലിച്ചെറിയുകയായിരുന്നു. ഇതുവരെ കാര്യമായ നടപടികളിലേക്ക് ലണ്ടൻ പൊലീസ് കടന്നിട്ടില്ല.