കോട്ടയം: ജീവിതം ചിലപ്പോൾ സിനിമക്കഥകളെപ്പോലും വെല്ലുന്നതാണെന്ന് പറയാറുണ്ട്.അത് വെറുംവാക്കല്ലെന്ന് തെളിയിക്കുന്ന ഒട്ടനവധി സംഭവങ്ങളും നമുക്ക് ചുറ്റും നടക്കുന്നുമുണ്ട്. അത്തരത്തിൽ ഒരു അദൃശ്യശക്തിയുടെ ഇടപെടലും അത് ഒരമ്മയുടെയും മകന്റെയും ജീവിതത്തെ മാറ്റിമറിച്ച കഥയുമാണ് കോട്ടയത്തെ പാലായിൽ നിന്നും പുറത്ത് വരുന്നത്. ഇതാകട്ടെ ഒരു സിനിമാകഥയെപ്പോലും വെല്ലുന്ന തരത്തിൽ എല്ലാ ഇമോഷനുകളും ചേരുന്ന യഥാർത്ഥ ജീവിതകഥയുമാണ്.

പതിനഞ്ച് വർഷം മുൻപ് മകനെ നഷ്ടപ്പെട്ട ഒരമ്മയ്ക്ക് വീണ്ടും തന്റെ മകനെ തിരികെ ലഭിച്ചിരിക്കുകയാണ്.മകനെ നേരത്തെ കണ്ടെത്തിയെങ്കിലും തന്റെ കരങ്ങൾക്കുള്ളില്ലേക്ക് അവനെ ചേർക്കാൻ ഈ അമ്മയ്ക്ക് നിയമ തടസ്സങ്ങൾ അനവധിയായിരുന്നു.പ്രതീക്ഷകൾ ഒക്കെ നശിച്ച സമയത്ത് അപ്രതീക്ഷിതമായ ഏതോ ഒരു ശക്തിയുടെ ഇടപെടലിൽ ആ തടസ്സങ്ങൾ മാറുകയും മകൻ അമ്മയുടെ സ്‌നേഹത്തണലിലേക്ക് എത്തുകയും ചെയ്തു.ആ കഥ ഇങ്ങനെ..

കോട്ടയം ജില്ലയിലെ പാലാ കടപ്ലാമറ്റത്താണ് അമ്മയും മകനും തമ്മിലുള്ള അപൂർവ സമാഗമത്തിന് വഴിയൊരുങ്ങിയത്.പാലാ സ്വദേശിനി പുഷ്പയും 18 കാരൻ അപ്പുവുമാണ് കഥയിലെ താരങ്ങൾ.പതിനഞ്ചോളം വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതിന് പിന്നാലെ സ്വന്തം വീട്ടിൽ നിന്നും ഇറക്കി വിട്ട പുഷ്പയ്ക്ക് മൂന്ന് വയസുള്ള മകനെയുമായി ജീവിക്കാൻ കഴിയാതെ വന്നു.ജീവിതം എങ്ങിനെയെങ്കിലും കരുപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുഷ്പ അഭയം തേടിയത് എറണാകുളത്തെ വുമൻസ് ഹോസ്റ്റലിലായിരുന്നു.

ഇവിടെ നിന്നും ജോലിക്ക് പോയിത്തുടങ്ങിയതോടെ മകനെ നോക്കുന്നതിൽ പുഷ്പയ്ക്ക് പ്രയാസങ്ങൾ അനുഭവപ്പെട്ട് തുടങ്ങി.മകനെ വിശ്വസിച്ച് ഏൽപ്പിക്കാൻ പോലും സ്ഥലമില്ലാതായതോടെ കുട്ടിയെ ചങ്ങനാശേരി അൽഫോൻസ സ്നേഹനിവാസിൽ ഏൽപ്പിച്ചു.ജീവിതം ഒരു കരപിടിച്ചതോടെ പുഷ്പ സ്‌നേഹ നിവാസിൽ മകനെത്തേടിയെത്തി. ഇതിനിടയിൽ പുഷ്പയുടെ ജീവിതത്തിലേക്ക് പുതിയൊരാൾകൂടി കടന്നുവന്നിരുന്നു.കുഞ്ഞപ്പൻ എന്ന പുഷ്പയുടെ ഇപ്പോഴത്തെ ഭർത്താവും മകനെത്തേടിയുള്ള യാത്രയിൽ പൂർണ്ണപിന്തുണ നൽകി.എന്നാൽ സ്‌നേഹ നിവാസ് എന്ന സ്ഥാപനം അടച്ചതായും കുട്ടികളെ മാറ്റിയതായുമാണ് പുഷ്പയക്ക് അറിയാൻ കഴിഞ്ഞത്.

എന്നാൽ ഇത് പുഷ്പയ്ക്ക് വലിയ ആഘാതമായിരുന്നു.മകൻ എവിടെയാണെന്ന് അറിയാതെ വന്നതോടെ പുഷ്പ മാനസികമായി തളർന്നു.എന്നാൽ ഭാര്യയുടെ ്അവസ്ഥ കണ്ട ഭർത്താവ് കുഞ്ഞപ്പൻ മകനെത്തേടിയുള്ള യാത്ര ദൗത്യം ഏറ്റെടുത്തു.കുഞ്ഞപ്പൻ നടത്തിയ അന്വേഷണത്തിൽ മകൻ കോട്ടയം തിരുവഞ്ചൂരിലുള്ള ചിൽഡ്രൻസ് ഹോമിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.ഇതോടെ മകനെ സ്വന്തമാക്കാമെന്ന് കരുതിയെങ്കിലും അവിടെ സാങ്കേതിക തടസ്സങ്ങൾ വില്ലനായി.

കാരണം അപ്പു തന്റെ മകനെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പുഷ്പയ്ക്ക് കഴിഞ്ഞിരുന്നില്ല. അപ്പുവിന്റെ ഇടതു കൈയുടെ മുകളിൽ ചെറുപ്പത്തിൽ വെട്ടേറ്റതിന്റെ പാട് ഉള്ളത് നിരവധി കുട്ടികളുടെ കൂട്ടത്തിൽ നിന്നും അപ്പുതന്നെ മകനെന്ന് ഉറപ്പിക്കുന്നതിന് സഹായകമായി.പക്ഷെ സാങ്കേതികമായി അതൊന്നും മതിയാകുമായിരുന്നില്ല.മകനെ കൺവെട്ടത്ത് കണ്ടിട്ടും ചേർത്തുപിടിക്കാൻ കഴിയാതെ ആ അമ്മ നിസ്സഹായയായി നിന്നു.എങ്ങിനെ തെളിയിക്കും എന്ന് കാര്യത്തിൽ കുഴങ്ങിയപ്പോഴാണ് പുഷ്പ പറയുന്നത് പോലെ അദൃശ്യശക്തിയുടെ ഇടപെടൽ ഉണ്ടായത്.

തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോമിലെ സെക്യൂരിറ്റി ബാബുരാജിന്റെ ദേഹത്ത് അപ്രതീക്ഷിതമായി ഒരു ഫയൽ വീണു.ഫയലിൽ അപ്പുവും അമ്മയും നിൽക്കുന്ന പഴയ ഫോട്ടോയുണ്ടായിരുന്നു.ഫോട്ടോ കിട്ടിയത് മകനെ തിരിച്ചു കിട്ടുന്നതിനുള്ള നടപടികൾ എളുപ്പത്തിലാക്കി.അമ്മ -മകൻ ബന്ധം തെളിയിക്കുന്ന ഡി. എൻ. എ. പരിശോധനയ്ക്ക് ചെലവായ 18000 രൂപ ഉൾപ്പെടെ ചൈൽഡ് വെൽഫയർ കമ്മറ്റി മുടക്കി.ഇപ്പോൾ അപ്പുവിന് 18 വയസായിരിക്കുന്നു.

ആദ്യമായി വീട്ടിൽ താമസിക്കാനായതിന്റെ സന്തോഷമാണ് അപ്പുവിന് പറയാനുള്ളത്. എന്നാൽ കൂട്ടുകാരെ വിട്ടുപിരിഞ്ഞതിന്റെ സങ്കടവുമുണ്ട്.പഠനത്തോടൊപ്പം ചെറിയജോലിയും ചെയ്ത് അമ്മയെയും കുടുംബത്തെയും നേൽക്കണമെന്നും അപ്പു പറഞ്ഞു.തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോമിൽ നിന്നുമാണ് പുഷ്പയ്ക്ക് മകനെ തിരിച്ചു കിട്ടുന്നത്.15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പുഷ്പയ്ക്ക് സ്വന്തം മകനെ താലോലിക്കാനായത്.അതിന്റെ സന്തോഷം ഇരുവരുടെയും കണ്ണുകളിൽ പ്രകടമായിരുന്നു.എല്ലാത്തിനും കൈത്താങ്ങായി പുഷ്പയുടെ ഇപ്പോഴത്തെ ഭർത്താവ് കുഞ്ഞപ്പനും കൂടയുണ്ടായിരുന്നു.