- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാ കാര്യങ്ങൾക്കും എന്നും കൂടെ നിന്നയാൾ'; പ്രിയ സഖാവ് കോടിയേരിയെ അവസാനമായി കാണാൻ പുഷ്പനുമെത്തി; കണ്ണീരണിഞ്ഞ് ഇടറിയ കണ്ഠത്തോടെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ; തലശേരി ടൗൺഹാൾ സാക്ഷ്യം വഹിക്കുന്നത് വികാരനിർഭരമായ രംഗങ്ങൾക്ക്
തലശേരി: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരുനോക്കു കാണാൻ കൂത്തുപറമ്പ് വെടിവെയ്‌പ്പിൽ പരിക്കേറ്റ പുഷ്പനുമെത്തി. മുദ്രാവാക്യം വിളികളോടെയാണ് ടൗൺ ഹാളിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ അടക്കം പുഷ്പനെ സ്വീകരിച്ചത്. എല്ലാ കാര്യങ്ങൾക്കും അങ്ങോളമിങ്ങോളം കൂടെയുണ്ടായിരുന്ന ആളാണ് കോടിയേരിയെന്നും അവസാനമായി കാണാനെത്തിയതാണെന്നും പുഷ്പൻ പ്രതികരിച്ചു.
തലശ്ശേരി ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോഴായിരുന്നു പുഷ്പൻ എത്തിയത്. ചെങ്കൊടി പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ദേഹത്തിനരികെ പ്രവർത്തകർ എടുത്തുകൊണ്ടുവന്നപ്പോൾ തല ചരിച്ച് പുഷ്പൻ ആ മുഖത്തേക്ക് നോക്കി. രണ്ടരപ്പതിറ്റാണ്ടിലേറെയായി അവശതയുടെ കിടക്കയിൽ കഴിയുന്ന തനിക്ക് താങ്ങായും കരുത്തായും എന്നും ഉണ്ടായിരുന്ന പ്രിയ സഖാവിന് ഹൃദയം കൊണ്ട് അന്ത്യാഭിവാദ്യങ്ങൾ നേർന്നു.
പാർട്ടി പ്രവർത്തകരുടെ സഹായത്തോടെയാണ് പുഷ്പൻ കോടിയേരിക്ക് അന്തിമോപചാരമർപ്പിച്ചത്. കിടന്ന കിടപ്പിൽ കോടിയേരി സഖാവിനെ ഒരു നോക്ക് കണ്ട് പുഷ്പൻ തിരികെ മടങ്ങുമ്പോൾ കൂടെ നിന്നവരുടെ കണ്ണ് നിറഞ്ഞു. 'ഇല്ലാ ഇല്ല മരിക്കുന്നില്ല...' മുദ്രാവാക്യം വിളിച്ച് പ്രവർത്തകരും.
1994ലെ കൂത്തുപറമ്പ് വെടിവെപ്പിൽ മാരക പരിക്കേറ്റ് തളർന്നുകിടക്കുന്ന പുഷ്പന് പിന്നീട് താങ്ങും തണലും ജീവിതവുമെല്ലാം നൽകിയത് പാർട്ടിയും പ്രവർത്തകരുമാണ്. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ മാർച്ചിലും കോടിയേരി ബാലകൃഷ്ണൻ പുഷ്പനെ ചൊക്ലിയിലെ വീട്ടിലെത്തി കണ്ടിരുന്നു.
ആയിരക്കണക്കിനാളുകളാണ് സഖാവിന് അന്തിമോപചാരമർപ്പിക്കാനായി കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത്. കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന തലശേരി ടൗൺഹാൾ വികാരനിർഭരമായ അനേകം രംഗങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഹാളിലെത്തുന്നവരൊക്കെയും കണ്ണ് തുടച്ചു കൊണ്ടാണ് മടക്കം. മൃതദേഹത്തിനരികെ കോടിയേരിയുടെ ഭാര്യ വിനോദിനി വികാരാധീനയായി കുഴഞ്ഞുവീണത് ഏവരെയും കണ്ണീരിലാഴ്‌ത്തിയിരുന്നു.
തലശ്ശേരിയിലെ പൊതുദർശനത്തിന് ശേഷം രാത്രി 12 മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദർശനം ഉണ്ടാകും. 11 മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്താണ് സംസ്‌കാരം.
മറുനാടന് മലയാളി ബ്യൂറോ