തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശന് 12,090 രൂപ പ്രതിമാസ പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തേതുൾപ്പടെ ആറു വർഷം സേവന കാലയളവായി പരിഗണിച്ചാണ് ഉത്തരവ്. 2.88 ലക്ഷം ഗ്രാറ്റുവിറ്റിയായും 6.44 ലക്ഷം പെൻഷൻ കമ്യൂട്ടേഷനായും അനുവദിച്ചു. സാമ്പത്തിക വർഷം അവസാനിക്കുന്ന തിരക്കുകൾക്കിടെയാണ് ദിനേശന്റെ പെൻഷനവും ഗ്രാറ്റുവിറ്റിയും അടക്കം അനുവദിച്ചത്. ക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനികളിൽ ഒരാളായിരുന്നു പുത്തലത്ത് ദിനേശൻ. കൂടാതെ രണ്ടാം പിണറായി സർക്കാറിന്റെ തുടക്കത്തിലും അദ്ദേഹം കുറച്ചുകാലം സ്ഥാനം വഹിച്ചിരുന്നു. 2016 ജൂൺ മുതൽ 2022 ഏപ്രിൽ വരെയായിരുന്നു പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നത്. 1,30,000 രൂപയായിരുന്നു അന്നത്തെ ശമ്പളം. ആറു വർഷം ജോലി ചെയ്ത വകയിൽ ടെർമിനൽ സറണ്ടറായി 7,80,000 രൂപ കിട്ടുന്നതിനും പുത്തലത്ത് ദിനേശന് അർഹതയുണ്ട്. ഇക്കാര്യം ഉത്തരവിൽ പറഞ്ഞിട്ടില്ല.

നിലവിൽ സിപിഎം മുഖപത്രത്തിന്റെ എഡിറ്ററാണ് പുത്തലത്ത് ദിനേശൻ. അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി എന്ന് രേഖപ്പെടുത്തുന്നതിന് പകരം മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്നാണ് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് പി ശശിയാണ് നിയമിതനായിരിക്കുന്നത്.

അതേസമയം യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനും അടുത്തിടെ ശമ്പള കുടിശ്ശിക അനുവദിച്ചു കൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുക. ചിന്ത നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവർക്ക് ശമ്പളം അനുവദിച്ചത്.

അധ്യക്ഷയായി നിയമിതയായ 14.10.16 മുതൽ ചട്ടങ്ങൾ രൂപവൽക്കരിക്കപ്പെട്ട കാലയളവ് വരെ കൈപറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും ആയതിനാൽ 14.10.16 മുതൽ 25.5.18 വരെയുള്ള കാലയളവിൽ അഡ്വാൻസായി കൈപറ്റിയ തുകയും യുവജന കമ്മീഷൻ ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശ്ശിക അനുവദിക്കണമെന്നായിരുന്നു 20.8.22 ൽ ചിന്ത ജെറോം സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ താൻ സർക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാൽ, ഇത് തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു. അതേസമയം സഖാക്കൾക്ക് പണം അനുവദിക്കുകയും മറ്റു ചെയ്യുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാരെ അടക്കം കൈവിട്ട അവസ്ഥയിലാണ് സർക്കാർ. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ സർക്കാറിന് ബാധ്യതയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.