മോസ്‌കോ: സാങ്കൽപിക ശാസ്ത്ര സിനിമകളിലെ ഒരു സ്ഥിരം വിഷയമാണ് പാശ്ചാത്യ നാടുകൾക്കെതിരെയുള്ള ആണവായുധ ആക്രമണം. എന്നാൽ, യുക്രെയിനിൽ ഏൽകുന്ന പരാജയത്തിന്റെ കയ്പ് നീർ കുടിച്ചുകൊണ്ട് പുടിൻ കൂടെക്കൂടെ ആ ഭീഷണി ഉയർത്തുമ്പോൾ അത്ര നിസാരമായി തള്ളിക്കളയാനും ആകില്ല. പാരിസ്, ലണ്ടൻ, ന്യുയോർക്ക്, വാഷിങ്ടൺ ഡി സി തുടങ്ങിയ നഗരങ്ങളിൽ ഒരു ആണവായുധാക്രമണത്തിന് സാധ്യതയില്ലെന്ന് ഒട്ടുമിക്ക യുദ്ധ വിശാരദന്മാരും പറയുമ്പോഴും, അത്തരമൊരു കാര്യം പാടെ തള്ളിക്കളയാൻ ആകില്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

ക്യുബൻ മിസൈൽ പ്രതിസന്ധിക്ക് ശേഷം ലോകം അന്തിമയുദ്ധത്തിലേക്ക് കൂടുതൽ അടുത്തു വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും മുന്നറിയിപ്പ് നൽകിയിരുന്നു. ഏത് നിമിഷവും വ്ളാഡിമിർ പുടിന്റെ കൈയിലെ ബ്രീഫ്കേസിലുള്ള ആണവ ആയുധങ്ങളുടെ കോഡ് താഴെ മിസൈൽ വിഭാഗത്തിലേക്ക് കൈമാറപ്പെടാം. ഏതാനും നിമിഷങ്ങൾക്കകം ഒരു ഭൂഖണ്ഡാന്തര മിസൈൽ ആകാശത്തേക്ക് പറന്നുയരും.

ബഹിരാകാശത്തുകൂടി സഞ്ചരിച്ച് വീണ്ടും ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ഇത്തരം മിസൈലുകൾക്ക് റഷ്യയിൽ നിന്നും ബ്രിട്ടനിലെത്താൻ വേണ്ടത് കേവലം 15 മിനിറ്റുകൾ മാത്രമാണെന്നറിയുക. അമേരിക്കയിലേക്കാണെങ്കിൽ അര മണിക്കൂറും. ആണവ ബോംബുകൾ വീഴുന്ന നഗരങ്ങളിൽ അഗ്‌നിപ്രളയമുണ്ടായി ആ നഗരവും പരിസര പ്രദേശങ്ങളും ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമായതിനു ശേഷം മാത്രമായിരിക്കും ഈ ആക്രമണത്തെ കുറിച്ച് അറിയുക. സ്ഫോടനം നടന്നയിടത്തു നിന്നും അരമൈൽ ചുറ്റളവിൽ ഉള്ളഎല്ലാത്തിനേയും ബാഷ്പീകരിക്കാൻ പോന്നതാണ് ഈ ആയുധങ്ങൾ എന്നതോർക്കുക.

ഉദാഹരണത്തിന് വെസ്റ്റ്മിനിസ്റ്ററിൽ ബോംബ് സ്ഫോടനം ഉണ്ടായാൽ, പാർലമെന്റ് ഹൗസ്, ഡൗണിങ് സ്ട്രീറ്റ്, സെയിന്റ് തോമസ് ഹോസ്പിറ്റൽ, വെസ്റ്റ് മിനിസ്റ്റർ ആബി തുടങ്ങിയവയൊക്കെ തീർത്തും അപ്രത്യക്ഷമാകും എന്നു മാത്രമല്ല, ആ പ്രദേശങ്ങളിൽ ആ സമയത്ത് ഉള്ള 100 ശതമാനം പേരും മരണമടയുകയും ചെയ്യും. അതേസമയം വാഷിങ്ടണിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്ടിനെയാണ് ഉന്നം വയ്ക്കുന്നതെങ്കിൽ വൺ വേൾഡ് ട്രേഡും ബ്രൂക്കിലിൻ പാലത്തിന്റെ പടിഞ്ഞാറെ അറ്റവും വരെ ചാരമാകും.

അതിനുശേഷം സ്ഫോടനം മൂലമുണ്ടാകുന്ന പ്രകമ്പനത്തിന്റെ തരംഗങ്ങൾ ഒരു മൈൽ അകലെയുള്ള ശക്തമായ കോൺക്രീറ്റ് കെട്ടിടങ്ങളെ പോലും തകർക്കുവാൻ കെൽപുള്ളവയാണ്. മാത്രമല്ല, അത്രയും ഭാഗത്തു കനത്ത തോതിൽ മരണം വിതക്കും.അതായത്, ലണ്ടനിൽ ബക്കിങ്ഹാം കൊട്ടാരം നിലം പരിശാകും എന്നുമാത്രമല്ല, വിക്ടോറിയ വാട്ടർലൂ സ്റ്റേഷനുകളും തകർന്ന് തരിപ്പണമാകും. ഓവൽ ക്രിക്കറ്റ് ഗ്രൗണ്ട് മൈതാനം ഒരു ഓർമ്മയായി മാറും.

എന്നാൽ അതുകൊണ്ടൊന്നും ഈ പ്രകമ്പന തരംഗങ്ങൾ നിലയ്ക്കുകയില്ല. ശക്തി ക്ഷയിക്കുന്നതിനു മുൻപായി ഏകദേശം രണ്ടര മൈലിലേറെ ദൂരത്തിൽ ഇവ സഞ്ചരിച്ച് നാശം വിതക്കും. ഈഫൽ ടവർ ഉൾപ്പടെ ലോകത്തിലെ പല പ്രമുഖ ലാൻഡ് മാർക്കുകളും ചരിത്രപുസ്തക താളുകളിലേക്ക് ഒതുങ്ങും. റേഡിയേഷൻ മൂലമുള്ള വേദന നിറഞ്ഞ മരണം മറ്റൊരു കാര്യം. ഈ റേഡിയേഷന്റെ പ്രഭാവം വർഷങ്ങളോളം നിലനിൽക്കും എന്നതിനാൽ സ്ഫോടനം നടക്കുന്ന ഒരു ദിവസത്തേക്ക് മാത്രമായി ദുരന്തം ചുരുങ്ങുകയില്ല.