- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടീസ് ഇറക്കി മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തുന്ന ക്ഷേത്രോത്സവം; എന്നിട്ടും വെടിക്കെട്ട് പുരയും സുരക്ഷാ സംവിധാനവും പരിശോധിക്കാന്‍ കഴിയാത്ത സംവിധാനങ്ങള്‍; അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന് പറയുന്നവരും ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല; നിലേശ്വരത്തുണ്ടായത് പുറ്റിങ്ങലിന്റെ 'ചെറുപതിപ്പ്'; വീഴ്ചകള്‍ പോലീസ് അറിയാതെ പോകുമ്പോള്‍
കാസര്‍കോട്: നീലേശ്വരം വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റത് വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവര്‍ക്ക്. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. ഇവര്‍ക്കെല്ലാം പൊള്ളലേറ്റു. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായി വരുന്നതേയുള്ളൂ.
വെടിക്കെട്ട് നടത്തുന്നതിനായി ജില്ലാ ഭരണക്കൂടത്തിന്റെ അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇന്‍പശേഖര്‍ കാളിമുക്ക് അറിയിച്ചു. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. സംഘാടകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ജില്ലാ ഭരണക്കൂടം സംഭവത്തില്‍ പ്രാഥമികമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതായത് അപേക്ഷ പോലും നല്‍കാതെ വെടിമരുന്ന് ശേഖരം സൂക്ഷിച്ചു. ഉത്തരമലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണ് തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രം. ഇവിടെ വെടിക്കെട്ടുണ്ടാകുമെന്നത് ഏവര്‍ക്കും അറിയാം. എന്നിട്ട് പോലീസ് പോലും അനുമതിയില്ലാതെ നടത്തിയ ഈ വെടിക്കെട്ടിനെ തടയാന്‍ വേണ്ട മുന്‍കരുതല്‍ എടുത്തില്ല. ഇത്തരത്തില്‍ വെടിമരുന്ന് സൂക്ഷിക്കുന്നത് കണ്ടെത്താനും പോലീസ് ഇന്റലിജന്‍സ് മെനക്കെട്ടില്ല. വലിയ തോതില്‍ ആളപായം ഈ ദുരന്തത്തില്‍ ഉണ്ടാകുന്നില്ല. പരിക്കേറ്റ വിരലില്‍ എണ്ണാവുന്നവരുടെ നില മാത്രമാണ് ഗുരുതരം. ഇത് ആശ്വാസം നല്‍കുമ്പോഴും അനധികൃത പടക്കപ്പുരകള്‍ ആശങ്ക കൂട്ടുകയാണ്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. തെയ്യം മഹോത്സവത്തിനായി പൊട്ടിക്കുന്നതിനായി കൊണ്ടുവന്ന ഓലപടക്കങ്ങളും മറ്റു പടക്കങ്ങളും ബോക്‌സുകളിലായി സൂക്ഷിച്ചുവെച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കലവറയിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇതിലേക്ക് പടക്കം പൊട്ടിയിലുള്ള തീപ്പൊരി വീണതോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. മതിയായ സുരക്ഷാ സംവിധാനൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് കാരണം പോലും അനുമതിയും മതിയായ സുരക്ഷാ അനുമതികളുമില്ലാത്ത വെടിക്കെട്ടായിരുന്നു. അവിടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതൊന്നും കണ്ട് മലയാളി പഠിക്കുന്നില്ലെന്നതിന് തെളിവാണ് നീലേശ്വരം അപകടം.
2016 ഏപ്രില്‍ 10 പുലര്‍ച്ചെ 03.11ന് ആണ് ലോകത്തെ നടുക്കിയ കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തം നടന്നത്. പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവവുമായി ബന്ധപ്പെട്ടു നടത്തിയ വെടിക്കെട്ട് ഉത്സവം ഒരു കിലോമീറ്റര്‍ അകലെ നിന്നവര്‍ പോലും മരിച്ചു വീണു. 110 പേര്‍ മരിച്ച ദുരന്തത്തില്‍ 750 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. കൈ, കാല്‍, കണ്ണ് എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെയും. 180 വീടുകള്‍ തകര്‍ന്നു. നൂറോളം കിണര്‍ ഉപയോഗശൂന്യമായി. 92 കോടി രൂപയുടെ നാശനഷ്ടം വിലയിരുത്തി. എന്നാല്‍ നീലേശ്വരത്ത് അപകട വ്യാപ്തി കുറഞ്ഞു. പുറ്റിങ്ങലിന് സമാനമായ വെടിക്കെട്ട് ശേഖരം ഇല്ലാത്തത് മാത്രമായിരുന്നു അതിന് കാരണം. സ്‌ഫോടനത്തില്‍ പുറ്റിങ്ങലില്‍ കെട്ടിടങ്ങളും മറ്റും തകര്‍ന്നു വീണതും ആളപായം കൂട്ടി. എന്നാല്‍ നീലേശ്വരത്ത് വെടിക്കെട്ട് പുര മാത്രമാണ് തകര്‍ന്നത്.
നോട്ടീസ് അടിച്ചും പരിപാടികള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചുമാണ് കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍. ക്ഷേത്ര ചടങ്ങുകളും എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഇത്തരം ഉത്സവങ്ങള്‍ നടക്കുമ്പോള്‍ മതിയായ പരിശോധന പോലീസോ ജില്ലാ ഭരണകൂടമോ നടത്തുന്നില്ല. പ്രദേശത്തെ പോലീസ് സ്‌റ്റേഷനുകള്‍ ക്ഷേത്രോത്സവത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരിക്കുമെന്ന് ഉറപ്പാണ്. പോലീസ് രഹസ്യാന്വേഷണത്തിനും അനധികൃത വെടിക്കെട്ട് മരുന്ന് ശേഖരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതാണ് നീലേശ്വരത്തെ ദുരന്തത്തിനും യഥാര്‍ത്ഥ കാരണമായി മാറുന്നത്. പരിക്കേറ്റവരെ കാസര്‍കോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ പ്രകാശന്‍, മകന്‍ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലര്‍ക്കും മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്. പടക്കങ്ങള്‍ പൊട്ടച്ചതിന് സമീപം തന്നെ പടക്കം സൂക്ഷിച്ചതാണ് അപകടകാരണമായത്. 100 മീറ്റര്‍ അകലം വേണമെന്നാണ് നിയമം. എന്നാല്‍ രണ്ടോ മൂന്നോ അടിമാത്രം ദൂരത്തിലാണ് പടക്കം പൊട്ടിച്ചത്. സ്ഥലത്ത് നിന്നും സാമ്പിള്‍ ശേഖരിച്ചുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
നീലേശ്വരം, തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രം, മൂവാളംകുഴി ചാമുണ്ഡി തെയ്യം, ദുരന്തം, പുറ്റിങ്ങല്‍, കാസര്‍കോട്, വീരാര്‍ക്കാവ്, തെയ്യംകെട്ട് മഹോത്സവം, വെടിക്കെട്ട് പുരം,
തീപിടിത്തം, veerarkave temple, fire cracker rommfired