- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാമിയുടെ തിരോധാനത്തില്‍ അജിത് കുമാറിന്റെ കറുത്ത കരങ്ങള്‍; ഇനി ശശിയ്ക്കെതിരെ മിണ്ടില്ല; എഡിജിപിക്ക് ക്രമസമാധാനം നഷ്ടമാകുമെന്ന പ്രതീക്ഷയില്‍ അന്‍വര്‍; നിലമ്പൂര്‍ എംഎല്‍എ സിപിഎമ്മിന് വഴങ്ങുന്നോ?
ശശിയെ വെറുതെ വിടാന്‍ അന്‍വര്‍
മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിമര്‍ശനം തുടര്‍ന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. അതിനിടെ പി ശശിക്കെതിരായ രാഷ്ട്രീയ ആരോപണം അന്‍വര്‍ വിടുകയും ചെയ്തു. സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയില്‍ അജിത് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാനാണ് അന്‍വറിന്റെ നീക്കം. എഡിജിപി അവധിയില്‍ പോകുമെന്ന പ്രതീക്ഷയാണ് അന്‍വറിനുള്ളത്.
കോഴിക്കോട്ടെ വ്യവസായിയായ മാമിയുടെ തിരോധാനത്തിന് പിന്നില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നാണ് അന്‍വര്‍ പറയുന്നത്. ഇത് സംബന്ധിച്ചുള്ള തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അജിത് കുമാര്‍ അവധിയില്‍ പോയത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും അന്‍വര്‍ ആരോപിച്ചു. അജിത് കുമാര്‍ നെട്ടോറിയസ് ക്രിമിനലാണെന്നും അന്‍വര്‍ ആരോപിച്ചു. അജിത് കുമാറിന് സുജിത്ത് ദാസിന്റെ ഗതി വരുമെന്നും കാലചക്രം തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണം എന്നആവശ്യത്തില്‍ നിന്ന് തല്‍ക്കാലം പിന്നോട്ട് പോകണമെന്ന് മാമിയുടെ കുടുംബത്തോട് പി വി അന്‍വര്‍ ആവശ്യപ്പെട്ടു. 'ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. ഇനി രാഷ്ട്രീയമായി മറുപടി പറയാനില്ല. ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മാത്രമാണ് പ്രതികരിക്കുക. തെളിവുകള്‍ പുതിയ ക്രൈംബ്രാഞ്ച് സംഘത്തിന് സീല്‍ വച്ച കവറില്‍ നല്‍കും. മാമി തിരോധാനത്തില്‍ ക്രൈം ബ്രാഞ്ചിന് കുടുംബം പുതിയ പരാതി നല്‍കും,' അന്‍വര്‍ പറഞ്ഞു.
എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാര്‍ത്ഥിക്കാം എന്നും അന്‍വര്‍ മറുപടി പറഞ്ഞു. പി ശശിക്കെതിരായ ആരോപണത്തില്‍ നടപടിയൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന്, ഇനി രാഷ്ട്രീയ മറുപടിയില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഡിഐജി നേരിട്ടാണ് തന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തില്‍ ഇപ്പോള്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. മാമിയുടെ കുടുംബത്തെ അന്‍വര്‍ സന്ദര്‍ശിച്ചിരുന്നു.
സിപിഎം നേതൃത്വത്തിലെ പല പ്രമുഖരും അന്‍വറിനൊപ്പമുണ്ട്. എഡിജിപിയെ ലക്ഷ്യമിടാനും ഇടതു സര്‍ക്കാരിനും സിപിഎം നേതാക്കള്‍ക്കും കുഴപ്പമുണ്ടാക്കുന്നതൊന്നും പറയരുതെന്നും ഇവര്‍ അന്‍വറിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്‍വര്‍ ശശിക്കെതിരായ ആരോപണം പിന്നോട്ട വലിക്കുന്നത്.