ചേലക്കര: പി.വി അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്‍വറിന് നോട്ടീസ് നല്‍കി. നോട്ടീസ് നല്‍കാനെത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് കൂടിയായ ഉദ്യോഗസ്ഥനെ അന്‍വര്‍ അപമാനിച്ചു വിട്ടു. കണ്ണൂരില്‍ എഡിഎമ്മിന്റെ യാത്ര അയപ്പില്‍ പിപി ദിവ്യ നടത്തിയതിന് സമാനമായ അപമാന വാക്കുകള്‍ ഉദ്യോഗസ്ഥനെതിരെ അന്‍വര്‍ ചുമത്തുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അടിമത്വ ഭാവത്തില്‍ പെരുമാറുന്ന രാഷ്ട്രീയ നേതാക്കളുടെ സമീപനം തന്നെയാണ് ആ ഉദ്യോഗസ്ഥനും നേരിടേണ്ടി വന്നത്. എന്നാല്‍ വളരെ സമചിത്തതയോടെ ആ ഉദ്യോഗസ്ഥന്‍ പെരുമാറി. തിരഞ്ഞെടുപ്പ് തലേന്ന് അറസ്റ്റ് നാടകത്തിനായുള്ള അന്‍വറിന്റെ രാഷ്ട്രീയ ബുദ്ധിയാണ് ഈ ഉദ്യോഗസ്ഥന് മുന്നില്‍ തകര്‍ന്ന് വീണത്.

വിഷയത്തില്‍, അന്‍വറിനെതിരേ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് അന്‍വറിന്റെ വാദം. പറയാനുള്ളത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. 'തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നത് എന്ന് അറിയില്ല. രാവിലെ തന്നെ പോലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തുന്നു. ഒരു തിരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ലെന്ന് പറഞ്ഞ് ആ ഉദ്യോഗസ്ഥനെ വ്യക്തിപമായി അധിക്ഷേപിക്കുന്ന വാക്കുകളും ഉയര്‍ത്തി. നോട്ടീസ് നല്‍കാനെത്തിയ ഉദ്യോഗസ്ഥനെ കൊണ്ട് ചട്ടവും നിയമവും എല്ലാം വായിപ്പിക്കുന്ന അവസ്ഥയിലേക്ക് അന്‍വര്‍ പോവുകയും ചെയ്തു.

ചേലക്കരയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരി. എല്ലാ ജീവനക്കാരും കമ്മീഷന്റെ പരിധിയിലാണ്. കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌ക്വാഡ് ചുമതയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടാണ് നോട്ടീസ് നല്‍കാനെത്തിയത്. അന്‍വറിനെ അറസ്റ്റു ചെയ്യാനും ജയിലിലേക്ക് അയക്കാനുമെല്ലാം അധികാരമുള്ള ഉദ്യോഗസ്ഥന്‍. അങ്ങനെ ജ്യൂഡീഷ്യല്‍ അധികാരമുള്ള ഉദ്യോഗസ്ഥനോട് കയര്‍ത്താല്‍ അറസ്റ്റ് സംഭവിക്കുമെന്ന് അന്‍വര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തരമൊരു രാഷ്ട്രീയ മൈലേജുണ്ടാക്കാന്‍ അന്‍വറിന് ആ ഉദ്യോഗസ്ഥന്‍ അവസരം നല്‍കിയില്ല. വ്യക്തിപരമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് അപമാനിച്ചിട്ടും നിലമ്പൂര്‍ എംഎല്‍എയുടെ ചതിക്കുഴിയില്‍ ആ ഉദ്യോഗസ്ഥന്‍ വീണില്ലെന്നിടത്താണ് അന്‍വര്‍ തകര്‍ന്നു പോയത്. ചീഫ് ഇലക്ട്രല്‍ ഓഫീസറെ അറിയിച്ചാണ് പത്ര സമ്മേളനം നടത്തുന്നത് എന്നടക്കം അന്‍വര്‍ വിശദീകരിക്കുകയും ചെയ്തു.

പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിച്ചില്ല. നോട്ടീസ് കൈമാറുകയായിരുന്നു ലക്ഷ്യം. അന്‍വറിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, തര്‍ക്കിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും ഈ സമയത്ത് പാടില്ല എന്നതാണ് നിയമമെന്ന് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചട്ടലംഘനം റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. അന്‍വറിന് ഇപ്പോള്‍ നോട്ടീസ് നല്‍കിയെന്നും ഉടന്‍ തന്നെ നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്താനാകില്ലെന്ന കേരള പൊലീസ് നിലപാടിനെ വെല്ലുവിളിച്ചാണ് പി വി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം എന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് വാര്‍ത്താസമ്മേളനത്തിന് അനുമതി തടഞ്ഞത്. ഇതിന് പിന്നാലെയാണ് പൊലീസിനെ വെല്ലുവിളിച്ച് അന്‍വര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഇതോടെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് സ്ഥലത്തെത്തുകയായിരുന്നു.

തടയാനെത്തിയ ഉദ്യോഗസ്ഥനോട് അന്‍വര്‍ നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തിയത്. ഏത് നിയമ പ്രകാരമാണ് ലംഘനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് താന്‍ സംസാരിച്ചതാണെന്നും അന്‍വര്‍ ഉദ്യോഗസ്ഥനോട് പറഞ്ഞു. വെറുതെ പിണറായി പറഞ്ഞിട്ട് വന്നാല്‍ താന്‍ കോടതിയിലേക്ക് പോകുമെന്നും പിണറായി എന്തിനാണ് ഈ വായില്ലാ കോടാലിയെ ഭയപ്പെടുന്നതെന്നും അന്‍വര്‍ ചോദിച്ചു. ഉദ്യോഗസ്ഥന്‍ ചട്ടം വായിച്ചുകേള്‍പ്പിച്ചിട്ടും അന്‍വര്‍ വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ തയ്യാറായില്ല. തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചുകൊണ്ടാണ് പി വി അന്‍വര്‍ തുടങ്ങിയത്. പിണറായി വിജയന്‍ എന്തിനാണ് തന്നെ ഇത്ര ഭയപ്പെടുന്നതെന്നും, ഹോട്ടലുകാര്‍ തൊട്ട് എല്ലാവരെയും ഭീഷണിപ്പെടുത്തിയെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ഉത്തരവാദിത്തപ്പെട്ടവരോട് സംസാരിച്ചിട്ടാണ് പത്രസമ്മേളനം വിളിച്ചതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളെ സംബന്ധിച്ച് ഇവിടെ പ്രവര്‍ത്തിക്കാന്‍ ആളുകള്‍ കുറവാണ് എന്നത് വസ്തുതയാണ്. 98 എം.എല്‍.എ. മാരും മുഖ്യമന്ത്രിയും ഒരുഭാഗത്ത്. പ്രതിപക്ഷനേതാവും 40 എം.എല്‍.എ.യും മറുഭാഗത്ത്. സുരേഷ് ഗോപിയും കേന്ദ്രമന്ത്രിമാരും വേറൊരു ഭാഗത്ത്. ഇവരെല്ലാരുംകൂടെ വായ്പോയ കോടാലിക്ക് വേണ്ടി ഏറ്റുമുട്ടുകയാണ്. ഞങ്ങള്‍ ഈ ദിവസവും ഉപയോഗപ്പെടുത്തും. ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. ഭയപ്പെടുത്തിയിട്ടൊന്നും കാര്യമില്ല. 20-ലധികം എഫ്.ഐ.ആറുകള്‍ ഇതിനോടകം ഇട്ടുകഴിഞ്ഞു. രണ്ട് കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ് ഇന്നുവന്നത്-അന്‍വര്‍ ഇങ്ങനേയും പ്രതികരിച്ചു. അതായത് പത്ര സമ്മേളനം നടത്തിയത് പ്രചരണത്തിന് തന്നെയെന്ന് പറഞ്ഞു വയ്ക്കുകയാണ് അന്‍വര്‍. പരസ്യ പ്രചരണത്തിന് വിലക്കുള്ളപ്പോള്‍ പത്ര സമ്മേളനവും ആ പരിധിയില്‍ വരും. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് അന്‍വര്‍ നടത്തിയത്.

ഇപ്പോഴിതാ 25 ലക്ഷം ചെറുതുരുത്തില്‍ നിന്ന് പിടിച്ചിട്ടുണ്ട്. ആരാണ് അവിടെ ക്യാമ്പ് ചെയ്യുന്നത്. മരുമകനല്ലേ. അവിടെ നിന്നല്ലേ ഈ പണം മുഴുന്‍ ഒഴുകുന്നത്. ആര്‍ക്കുവേണ്ടി കൊണ്ടുവന്ന പണമാണിത്. കോളനികളില്‍ അവര്‍ സ്ലിപ്പ് കൊടുക്കുന്നത് കവറിലാണ്. ആ കവറിനുള്ളില്‍ പണമാണ്. ഇത്രയും മോശമായ കോളനി വേറെ എവിടെയാണുള്ളത്. ഇടതുമുന്നണി തന്നെയാണ് പണം കൊടുക്കുന്നത്. ആ നിലയിലേക്ക് അവരെത്തി', അന്‍വര്‍ പറഞ്ഞു.