കൊച്ചി: നിലമ്പൂരാന്‍ അറസ്റ്റ് ഭീതിയില്‍ തന്നെ. കെ.എഫ്.സി. വായ്പാ തട്ടിപ്പുകേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ടു പി.വി. അന്‍വര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തേടി. ഈ വിഷയത്തില്‍ ഇഡി കേസെടുത്തിട്ടുണ്ട്. വിജിലന്‍സ് എഫ് ഐ ആര്‍ അടിസ്ഥാനമാക്കിയാണ് കേസ്. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് കേസ് റദ്ദാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. വിജിലന്‍സ് കേസ് റദ്ദാക്കിയാല്‍ ഇഡി നടപടിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും. വിജിലന്‍സ് കേസിനെതിരായ ഹര്‍ജി ആയതു കൊണ്ട് ഇഡിയോട് ഹൈക്കോടതി വിശദീകരണം ചോദിക്കുകയുമില്ല. ഇപ്പോഴും വിജിലന്‍സില്‍ അടക്കം അന്‍വറിന് ചില പിടിത്തങ്ങളുണ്ട്. ഇത് മുതലെടുത്ത് കേസ് ഒഴിവാക്കാനാണ് നീക്കം.

അന്വേഷണ റിപ്പോര്‍ട്ടില്‍ തനിക്കെതിരേ തെളിവുകളില്ലെന്നാണ് അന്‍വറിന്റെ വാദം. 2015-ല്‍ കെ.എഫ്.സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത അന്‍വര്‍ അതു തിരിച്ചടച്ചില്ലെന്നാണു പരാതി. പലിശയടക്കം 22 കോടി രൂപയാണിപ്പോള്‍ തിരികെ നല്‍കാനുള്ളത്. ഇത് കെ.എഫ്.സിക്കു വന്‍നഷ്ടം വരുത്തിയെന്നാണു പരാതി. തിരുവനന്തപുരത്തുനിന്നെത്തിയ വിജിലന്‍സ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയെന്നാണു വിവരം. പിന്നീട് ഇഡിയും പരിശോധിച്ചു. അന്‍വറിന്റെ ബിനാമി ഇടപാടും കണ്ടെത്തി. ഇഡിയില്‍ നിന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും കിട്ടി. ഇത് അറസ്റ്റിനുള്ള സാധ്യതയാണ്. ഇതോടെയാണ് വേറിട്ടൊരു നീക്കം അന്‍വര്‍ നടത്തുന്നത്.

കൊല്ലത്തെ വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം. ഇതേത്തുടര്‍ന്നു കള്ളപ്പണ ഇടപാടില്‍ പി.വി. അന്‍വറിനും ൈഡ്രവര്‍ അടക്കമുള്ളവര്‍ക്കുമെതിരേ ഇ.ഡി. കൊച്ചി സോണ്‍ ഓഫീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇ.ഡി. ഓഫീസില്‍ ഹാജരാകാന്‍ കഴിഞ്ഞയാഴ്ച അന്‍വറിനു നോട്ടിസും നല്‍കി. വിജിലന്‍സ് കേസ് റദ്ദായാല്‍ ഇഡിക്ക് ഇടപെടാന്‍ കഴിയില്ലെന്ന നിയമോപദേശം അന്‍വറിന് കിട്ടിയിട്ടുണ്ട്.

അന്‍വറിന്റെ ൈഡ്രവറായ സിയാദ് അമ്പായത്തിങ്ങലിന് വരുമാനം നോക്കാതെ 2015 ല്‍ 7.50 കോടിയുടെ വായ്പയാണു കെ.എഫ്.സി മലപ്പുറം ബ്രാഞ്ചില്‍നിന്ന് അനുവദിച്ചത്. മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരിയുടമ എന്ന പേരിലാണു സിയാദിനു നിര്‍മ്മാണ ആവശ്യങ്ങള്‍ക്കു വായ്പ അനുവദിച്ചത്. സിയാദ് വായ്പ തിരിച്ചടയ്ക്കാതെ വീഴ്ച വരുത്തി. ഈ വായ്പയ്ക്ക് ഈടുവച്ച വസ്തുതന്നെ പണയംവച്ചു പി.വി.ആര്‍ ഡെവലപ്പേഴ്സ് എന്ന കമ്പനിയുടെ പേരില്‍ പി.വി. അന്‍വറിനു രണ്ടു വായ്പകളിലായി അഞ്ചുകോടി രൂപയും അനുവദിച്ചു.

സിയാദ് മറ്റൊരു കമ്പനിയുടെ പേരില്‍ വായ്പയെടുത്തതും തിരിച്ചടവു മുടക്കിയതും മറച്ചുവച്ച് കെ.എഫ്.സിയില്‍ വായ്പയേ ഇല്ലെന്നു സാക്ഷ്യപ്പെടുത്തിയാണ് അതേ ഈട് വച്ച് അന്‍വറിന് അഞ്ചു കോടിയുടെ വായ്പ കൂടി നല്‍കിയത്. പി.വി. അന്‍വറും ഡ്രൈവര്‍ സിയാദ് അടക്കമുള്ളവര്‍ നടത്തിയ കള്ളപ്പണ ഇടപാടും മാലാംകുളം കണ്‍സ്ട്രക്ഷന്‍സ്, പി.വി.ആര്‍ ഡെവലപ്പേഴ്സ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കെ.എഫ്.സി. ചീഫ് മാനേജര്‍ അബ്ദുള്‍ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ മുനീര്‍ അഹമ്മദ്, പി.വി. അന്‍വര്‍, അന്‍വറിന്റെ അടുപ്പക്കാരന്‍ സിയാദ് എന്നിവരാണ് എന്നിവരാണു പ്രതിപ്പട്ടികയില്‍. നാലാം പ്രതിയാണ് അന്‍വര്‍. ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്നും വായ്പ അനുവദിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നുമാണ് കേസ്.