തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ സജീവമാകുമ്പോഴും എഡിജിപി അജിത് കുമാറിന് സംരക്ഷണം തീര്‍ത്ത് സിപിഎമ്മും. പൊളിട്ടിക്കല്‍ സെക്രട്ടറി പി ശശിയ്‌ക്കെതിരെ അന്‍വറിന്റെ പരാതിയില്‍ അന്വേഷണവും നടത്തില്ല. അന്‍വറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും പിണറായി നിലപാട് ആവര്‍ത്തിച്ചു. അന്വേഷണം തീരും വരെ എഡിജിപിയേയും മാറ്റില്ല. തൃശൂര്‍ പൂരത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സാധ്യതയും സിപിഎം യോഗത്തെ പിണറായി അറിയിച്ചിട്ടുണ്ട്. ഫലത്തില്‍ ജ്യഡീഷ്യല്‍ അന്വേഷണം തീരും വരെ അജിത് കുമാര്‍ തല്‍സ്ഥാനത്ത് തുടരാനാണ് സാധ്യത. കഴിഞ്ഞ ദിവസം അജിത് കുമാറിനെ പ്രതിക്കൂട്ടിലാക്കി പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് കുറിപ്പ് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതോടെ അജിത് കുമാറിനെ ഉടന്‍ മാറ്റുമെന്ന പ്രതീതിയുമെത്തി.

ഇതിനിടെയാണ് അജിത് കുമാറിനെതിരെ പരസ്യ പ്രതികരണവുമായി അന്‍വര്‍ വീണ്ടും എത്തിയത്. 'അദ്ദേഹത്തെ സര്‍വീസില്‍ നിന്നും പുറത്താക്കണം. സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാല്‍, കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാര്‍. പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്' - എം.എല്‍.എ. മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് അജിത് കുമാറിനെ ഉടന്‍ മാറ്റേണ്ടതില്ലെന്ന നിലപാടില്‍ സിപിഎം സെക്രട്ടറിയേറ്റും എത്തുന്നത്. പി ശശിക്കെതിരായ അന്‍വറിന്റെ പരാതി ഒരു കാരണവശാലും അന്വേഷിക്കില്ലെന്നതാണ് സെക്രട്ടറിയേറ്റിലെ തീരുമാനം. മുഖ്യമന്ത്രി പറഞ്ഞതിനൊപ്പം നില്‍ക്കാനാണ് സിപിഎം തീരുമാനം.

അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ പി ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം വേണ്ടെന്നാണ് തീരുമാനം. എഡിജിപി എം.ആര്‍ അജിത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും അവസാനിച്ച ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം. കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയല്ലോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചര്‍ച്ചയില്‍ ഔദ്യോഗിക വിശദീകരണം വന്നത്. തൃശൂര്‍ പൂരം കലക്കല്‍ സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശക്ക് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും. വിജിലന്‍സ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തില്‍ മറ്റൊരു അന്വേഷണവും എഡിജിപിക്കെതിരെ നടക്കുന്നതിനാല്‍ ഇതിന്റെയെല്ലാം റിപ്പോര്‍ട്ട് വന്ന ശേഷം അത് പരിശോധിച്ച് ആവശ്യമെങ്കില്‍ എഡിജിപിയെ മാറ്റാമെന്നാണ് സിപിഎം എടുത്ത തീരുമാനം.

നേരത്തെ, പി.വി. അന്‍വര്‍ ണ്ടഎം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ക്കൂടി അലയൊലി തീര്‍ത്തതോടെ, സി.പി.എം. അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നു. അന്‍വര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. തുടര്‍ന്ന്, പാര്‍ട്ടിനിര്‍ദേശം ശിരസ്സാവഹിക്കാന്‍ ബാധ്യസ്ഥനാണെന്നു വ്യക്തമാക്കിയ അന്‍വര്‍ പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ, ഇതേ വിഷയത്തില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.

എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ തത്കാലം തൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെപേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ആരോപണത്തില്‍ അന്വേഷണംനടത്തി കഴമ്പുണ്ടെന്നു കണ്ടാല്‍മാത്രം നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണം പ്രഖ്യാപിക്കുമെന്ന സൂചന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയിരുന്നു. പൂരം കലക്കലില്‍ ശക്തമായ നടപടി വേണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടു. എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ശുപാര്‍ശ പരിഗണിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

പൂരം കലക്കലില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട് ഡിജിപിയുടെ കവറിംഗ് ലെറ്ററോടെ കിട്ടിയെന്ന് മുഖ്യമന്ത്രിയാണ് ആദ്യം മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ജ്യൂഡീഷ്യല്‍ അന്വേഷണമാണ് സര്‍ക്കാര്‍ ആലോചനയില്‍ എന്നാണ് സൂചന.