- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പരസ്യമായി ഒന്നു ചിരിക്കാന്‍ പോലും കഴിയാത്ത ജലീല്‍; ഗാന്ധി ജയന്തിയ്ക്ക് പൂര്‍ണ്ണ സ്വതന്ത്രനാകാന്‍ തവനൂര്‍ എംഎല്‍എ; പിടിഎ റഹിമും ആലോചനകളില്‍; കരാട്ടെ റസാഖും കളം മാറും; അന്‍വറിനൊപ്പം പുതിയ പാര്‍ട്ടിയില്‍ ആരെല്ലാം? സ്വതന്ത്രരെ നിരീക്ഷിച്ച് സിപിഎം
മലബാറിലെ ഇടതു സ്വതന്ത്ര എംഎല്‍എമാരെല്ലാം സിപിഎം നിരീക്ഷണത്തില്‍
മലപ്പുറം: മലബാറിലെ ഇടതു സ്വതന്ത്ര എംഎല്‍എമാരെല്ലാം സിപിഎം നിരീക്ഷണത്തില്‍. പുതിയ പാര്‍ട്ടിയെ കുറിച്ച് ആലോചന നടത്തുന്നുവെന്ന പിവി അന്‍വറിന്റെ പ്രഖ്യാപനത്തോടെയാണ് നിരീക്ഷണം ശക്തമാക്കിയത്. മുസ്ലീം ലീഗിനോടു പിണങ്ങി ഇടതുചേരിയിലെത്തി സിപിഎം സ്വതന്ത്രരായി എംഎല്‍എയായവര്‍ അന്‍വറിനൊപ്പം പോകുമെന്ന വിലയിരുത്തല്‍ സജീവമാണ്. ലീഗില്‍ നിന്നെത്തി സിപിഎമ്മുമായി സഹകരിക്കുന്ന നേതാക്കളുടെ പൊതുവേദി രൂപീകരിക്കാന്‍ നേരത്തേ ശ്രമം നടന്നിരുന്നു. ഇത് സിപിഎം അനുവദിച്ചില്ല. പുതിയ സാഹചര്യത്തില്‍ സ്വതന്ത്രരില്‍ മൂന്ന് പേര്‍ സിപിഎമ്മിനെ വിട്ടേക്കുമെന്നാണ് അഭ്യൂഹം.
എഡിജിപി അജിത്കുമാറിനും പൊലീസിനുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളോടു യോജിപ്പാണെന്നു കെ.ടി.ജലീല്‍ എംഎല്‍എ വ്യക്തമാക്കിക്കഴിഞ്ഞു. ആദ്യം അന്‍വറിനെ പിന്തുണച്ച മുന്‍ എംഎല്‍എ കാരാട്ട് റസാഖ് പിന്നീടു നിലപാടു മാറ്റി. പി.ടി.എ.റഹീം പ്രതികരണത്തിനു തയാറായിട്ടില്ല. പൊതു പ്ലാറ്റ്‌ഫോം എന്ന ആശയം ഉയര്‍ന്നുവന്നാല്‍ ഈ നാലു പേരും ഒരുമിക്കും. ചില സംഘടനകളും ഇതിന് പിന്നിലുണ്ട്. മുസ്ലീം ലീഗിന് ബദലാകുന്ന മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഈ സംഘടനകളുടെ ലക്ഷ്യം. സമ്മര്‍ദശക്തിയെന്ന നിലയില്‍ കരുത്തു വര്‍ധിക്കുകയാണ് ലക്ഷ്യം.
നിലമ്പൂരില്‍ അന്‍വറും തവനൂരില്‍ ജലീലും താനൂരില്‍ വി.അബ്ദുറഹിമാനുമെല്ലാം ജയിച്ചുകയറുന്നതു വ്യക്തിപ്രഭാവത്തിലാണ്. സിപിഎം ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമ്പോള്‍ വോട്ടുവിഹിതം ഗണ്യമായി കുറയുന്നതും ഇതിന് തെളിവാണ്. താനൂരില്‍ നിന്നും വി അബ്ദുറഹിമാന്‍ മന്ത്രിയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം ഇടതുപക്ഷത്ത് തുടരും. എന്നാല്‍ പിടിഎ റഹിമും ജലീലും അന്‍വറിനൊപ്പം പോകുമെന്ന സംശയം സിപിഎമ്മില്‍ സജീവമാണ്. ഈ നേതാക്കളുടെ നീക്കങ്ങളും സിപിഎം നിരീക്ഷിക്കുന്നുണ്ട്. പോകുന്നവരെല്ലാം പോകട്ടെ എന്നതാണ് സിപിഎം നിലപാട്.
എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ പി.വി.അന്‍വര്‍ ഉന്നയിച്ച പരാതികള്‍ ഏറെ ഗൗരവമുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്കു പറയാനുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 2നു വൈകിട്ട് 4നു മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയുമെന്നും കെ.ടി.ജലീല്‍ അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2നു താന്‍ പൂര്‍ണ 'സ്വതന്ത്ര'നാകുമെന്നും പറയാനുള്ളതെല്ലാം ഗാന്ധിജയന്തി ദിനത്തില്‍ പറയുമെന്നാണ് പ്രഖ്യാപനം.
എന്തുകൊണ്ടാണു താന്‍ പാര്‍ലമെന്ററി രാഷ്ട്രീയം ഇനി വേണ്ടെന്നു തീരുമാനിച്ചതെന്നു തന്റെ പുതിയ പുസ്തകമായ 'സ്വര്‍ഗസ്ഥനായ ഗാന്ധിജി' എന്ന പുസ്തകത്തിലെ അവസാന അധ്യായത്തില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ 2ന് ഈ പുസ്തകം പ്രകാശനം ചെയ്യും. പ്രകാശനച്ചടങ്ങിനുശേഷം താന്‍ മാനസികമായി സ്വതന്ത്രനാകുമെന്നും അതിനുശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തുമെന്നും ജലീല്‍ പറഞ്ഞു.
ഇപ്പോള്‍ പരസ്യമായി ഒന്നു ചിരിക്കാന്‍പോലും കഴിയുന്നില്ല. എന്തെങ്കിലും പറയുമ്പോള്‍ നമുക്ക് ഒരു പ്രത്യേക താല്‍പര്യവും ഉണ്ടാകാന്‍ പാടില്ല. ആ താല്‍പര്യങ്ങള്‍ ഇല്ലാത്ത മാനസികാവസ്ഥയില്‍ തനിക്ക് ചില കാര്യങ്ങള്‍ തുറന്നു പറയാനുണ്ടെന്നും അവയാണു വെളിപ്പെടുത്തുകയെന്നും ജലീല്‍ പറഞ്ഞു. ഈ വാക്കുകളും അന്‍വറിനൊപ്പം പോകുന്നതിന്റെ സൂചനയായി വിലയിരുത്തുന്നുണ്ട്.