മലപ്പുറം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആര്‍.എസ്.എസുമായും അജിത് കുമാറുമായും ബന്ധമുണ്ടെന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. കോണ്‍ഗ്രസിലെ ഒരുവിഭാഗം ആര്‍.എസ്.എസിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എ.ഡി.ജി.പി. അജിത് കുമാറും വി.ഡി. സതീശനും തമ്മില്‍ കൃത്യമായ ബന്ധമുണ്ട്. അജിത് കുമാറിന് യു.ഡി.എഫ്. നേതൃത്വത്തിലെ ചിലരുമായും കേന്ദ്രത്തെ പ്രീണിപ്പിക്കാന്‍ ആര്‍.എസ്.എസുമായും ബന്ധമുണ്ടെന്നത് പ്രപഞ്ചസത്യമാണെന്നും അദ്ദേഹം പറഞ്ഞു.

'എം.ആര്‍. അജിത് കുമാര്‍-ആര്‍.എസ്.എസ്. നേതാവ് കൂടിക്കാഴ്ച വി.ഡി. സതീശന്‍ വെളിപ്പെടുത്തത്തിന് മുമ്പ് എനിക്ക് വിവരം ലഭിച്ചു. വിവരം എനിക്ക് ലഭിച്ചത് അജിത് കുമാറിന്റെ സൈബര്‍ സംഘം അറിഞ്ഞു. അപ്പോഴാണ് ഇവര്‍ തമ്മില്‍ ഗൂഢാലോചന നടത്തി പ്രതിപക്ഷ നേതാവ് അടിയന്തര പത്രസമ്മേളനം നടത്തിയത്. പി.വി. അന്‍വറിന് വിവരം ലഭിച്ചിരിക്കുന്നു, വെളിപ്പെടുത്താന്‍ പോകുന്നു. ഇതിന് നേരെ വിപരീതമായി, പിണറായി വിജയന്റെ ആവശ്യപ്രകാരം എ.ഡി.ജി.പിയെ ബി.ജെ.പിക്ക് സീറ്റുണ്ടാക്കിക്കൊടുക്കാന്‍ പിണറായി വിജയന്‍ പറഞ്ഞുവെന്ന ആരോപണം ഉന്നയിച്ചു', അന്‍വര്‍ പറഞ്ഞു.

പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ആര്‍എസ്എസും വിഡി സതീശനും തമ്മില്‍ നേരത്തേ ധാരണയുണ്ട്. അതുകൊണ്ട് തൃശ്ശൂരില്‍ ഒരു സീറ്റ് നല്‍കി സഹായിച്ചു. കോണ്‍ഗ്രസിന്റെ വോട്ടാണ് പൂര്‍ണ്ണമായും അവിടെ ബിജെപിയിലേക്ക് പോയതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. എഡിജിപി എം ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട കേസില്‍ മൊഴി കൊടുക്കാനെത്തിയപ്പോഴായിരുന്നു എംഎല്‍എയുടെ പ്രതികരണം. പുനര്‍ജനി കേസില്‍ നിന്ന് തടിയൂരാന്‍ സതീശന് ബിജെപിയെ ആവശ്യമായിരുന്നുവെന്നും, ഇതിന് പ്രത്യുപകാരമായി തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാമായിരുന്നു ധാരണയെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ ശനിയാഴ്ച രാവിലെ സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പി വി അന്‍വറിന്റെ മറുപടി. 'അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഞാന്‍ ആദ്യം തന്നെ അറിഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയ വി ഡി സതീശന്‍ പെട്ടന്ന് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ചയുണ്ടാക്കി എന്നും ഇത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എന്നും പറയുകയായിരുന്നു.'-അന്‍വര്‍ പറഞ്ഞു.

'പൊന്നാനി സ്വദേശിനിയുടെ മൊഴിയില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ല. എന്നാല്‍, ഇടതുപക്ഷ എം.എല്‍.എയായ മുകേഷിനെതിരെ പത്തുവര്‍ഷം മുമ്പ് തോണ്ടി, പിടിച്ചു എന്നൊക്കെയുള്ള ആരോപണത്തില്‍ കേസെടുത്തത് എന്തടിസ്ഥാനത്തിലാണ്. സ്വന്തം നാട്ടില്‍ ഉത്തരവാദപ്പെട്ട പാര്‍ട്ടി നേതാക്കളുടേയും പൊതുപ്രവര്‍ത്തകരുടേയും വനിതാനേതാക്കളുടേയും സാന്നിധ്യത്തില്‍, മാധ്യമപ്രവര്‍ത്തകനുമുന്നില്‍ ഒരു സ്ത്രീ മണിക്കൂറുകളോളം സ്വന്തം അനുഭവങ്ങള്‍ വിവരിച്ചിട്ടും, എസ്.പിക്ക് പരാതി കൊടുത്തിട്ടും കേസെടുത്തില്ല', അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസില്‍ തനിക്ക് നല്ല വിശ്വാസമുണ്ട്. എന്നാല്‍, 10 ശതമാനം ക്രിമിനലുകളാണ് ജില്ലയിലെ കാര്യങ്ങള്‍ മുഴുവന്‍ കൈകാര്യംചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.