- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാമ്പായി' രാത്രി വഴിയരികിൽ കിടന്നു, പാമ്പുപിടിച്ചു; കഴുത്തിൽ ചുറ്റിയത് പെരുമ്പാമ്പ്; രക്ഷകരായത് പെട്രോൾ പമ്പുജീവനക്കാരനും ലോറി ജീവനക്കാരും; വളപട്ടണത്തെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
കണ്ണൂർ: മദ്യപിച്ച് പൂസായി റോഡരികിൽ കിടന്നിരുന്ന മധ്യവയസ്‌കനെ പെരുമ്പാമ്പ് വിഴുങ്ങാൻ ശ്രമിച്ചു. കഴുത്തിൽ ചുറ്റിയ പാമ്പുമായി മരണവെപ്രാളത്തോടെ പെട്രോൾ പമ്പിലേക്ക് ആടിയെത്തിയ മധ്യവയസ്‌കനെ പെട്രോൾ പമ്പ് ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുത്തി. ദൃശ്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
രണ്ടു ദിവസം മുൻപ് രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം.കണ്ണൂർ -കാസർകോട് ദേശീയ പാതയിലെ വളപട്ടണം ടോൾ ബൂത്തിന് സമീപം മദ്യപിച്ചു ബോധരഹിതനായി കിടന്നിരുന്ന വളപട്ടണം കളരിവാതുക്കൽ സ്വദേശിയായ മധ്യവയസ്‌കന്റെ കഴുത്തിനാണ് പെരുമ്പാമ്പ് ചുറ്റിയത്. മദ്യലഹരിയിലായതിനാൽ ഇയാൾ ആദ്യം അറിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് ശ്വാസം കിട്ടാതെയായപ്പോൾ ഞെട്ടുകയായിരുന്നു.
ഉറക്കത്തിൽ നിന്നും ഒരുവിധം എഴുന്നേറ്റ ഇയാൾ തൊട്ടടുത്തുള്ള വളപട്ടണം ടോൾ ബൂത്തിന് സമീപത്തുള്ള പെട്രോൾപമ്പിലേക്ക് ഒരുവിധം എത്തിപ്പെടുകയായിരുന്നു. ഇതുകണ്ട ലോറി ഡ്രൈവർ പെട്രോൾ പമ്പുജീവനക്കാരനെ വിവരമറിയിക്കുകയും പാമ്പിന്റെ ഭാരം കൊണ്ടു തറയിൽ വീണ ഇയാളുടെ കഴുത്തിൽ നിന്നും പാമ്പിനെ സാഹസികമായി വേർപ്പെടുത്തുകയുമായിരുന്നു. ഒടുവിൽ പാമ്പ് ലോറിക്കടിയിലൂടെ ഇഴഞ്ഞ് കുറ്റിക്കാട്ടിലേക്ക് പോയി. പെരുമ്പാമ്പ് ചുറ്റിയ മധ്യവയസ്‌കൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പെട്രോൾ പമ്പുജീവനക്കാരന്റെ മന:സാന്നിധ്യമാണ് ഒരു ജീവൻ രക്ഷിച്ചത്. ഹിന്ദിക്കാരായ ലോറി ഡ്രൈവർമാരും ഇയാളുടെ സഹായത്തിനുണ്ടായിരുന്നു. വളപട്ടണം ടോൾ ബൂത്ത് പരിസരത്ത് പെരുമ്പാമ്പിന്റെ ശല്യം വ്യാപകമാണെന്നും ഇവ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കാറുണ്ടെന്നും കുട്ടികൾ വിദ്യാലയങ്ങളിലേക്ക് പോകുന്നത് അപകടഭീഷണിയിലുള്ള സാഹചര്യത്തിലാണെന്നും പൊതുപ്രവർത്തകനായകെ.സി സലീം പറഞ്ഞു.
ഇക്കാര്യത്തിൽ അധികൃതർ ഇനിയും നടപടിയെടുത്തില്ലെങ്കിൽ വൻദുരന്തത്തിന് സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വളപട്ടണം ടോൾ ബൂത്തിനടുത്തുള്ള കരിങ്കൽ കെട്ടിലെ കിണറിലാണ് പെരുമ്പാമ്പുകൾ പെരുകുന്നത്. അൻപതോളം പെരുമ്പാമ്പുകൾ ഇവിടെയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാതയോരത്തെ വനപ്രദേശമാണിത്. റോഡരികിൽ ഇറച്ചിമാലിന്യങ്ങൾ തള്ളുന്നതു ഭക്ഷിച്ചാണ് പെരുമ്പാമ്പുകൾ പെറ്റുപെരുകുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടു വന്നു അറവുമാലിന്യങ്ങൾ തള്ളുന്ന പ്രധാനകേന്ദ്രങ്ങളിലൊന്നാണ് തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ അതിരൂക്ഷമാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്