ലണ്ടൻ: എലിസബത്ത് രാജ്ഞിക്കു ഇന്ന് ബ്രിട്ടൻ കണ്ണീരോടെ വിട നൽകും. സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ പത്ത് ലക്ഷം പേരെങ്കിലും ലണ്ടനിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 250 അധിക ട്രെയിൻ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2012 ലെ ലണ്ടൻ ഒളിംപിക്‌സിനു ശേഷം പൊതുഗതാഗതശേഷി ഇത്രയും കൂട്ടുന്നത് ഇതാദ്യമായാണ്. രാജ്ഞി മരിച്ച അന്നു മുതൽ ലണ്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നിരുന്നു.

വിൻഡ്‌സർ കൊട്ടാരത്തിലെയും വെസ്റ്റ്മിൻസ്റ്റർ ആബിയിലെയും സംസ്‌കാര ശുശ്രൂഷകൾക്കിടെ ശബ്ദശല്യം ഉണ്ടാകാതിരിക്കാൻ ഹീത്രോ വിമാനത്താവളത്തിലെ 100 വിമാനങ്ങൾ റദ്ദാക്കി. രാജ്ഞിയുടെ സംസ്‌കാര സമയത്ത് വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്റു ചെയ്യുമ്പോഴുമുണ്ടാകുന്ന ശബ്ദം ഇല്ലാതാക്കാൻ വേണ്ടിയാണിത്. പ്രാദേശിക സമയം പകൽ 11.40 മുതൽ 12.10 വരെ അര മണിക്കൂർ സമയം വിമാനങ്ങളൊന്നും സർവീസ് നടത്തില്ല. കൂടാതെ രാജ്ഞിയുടെ ഭൗതികശരീരവുമായി പ്രദക്ഷിണം നടക്കുന്ന ഉച്ചക്ക് 1.45 മുതൽ 35 മിനിറ്റ് സമയം ഹീത്രോയിൽ വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കില്ല.

വിന്റ്സർ കാസിലിലേക്ക് പ്രദക്ഷിണമടുക്കുമ്പോൾ വൈകിട്ട് 3.05 മുതൽ ഒരു മണിക്കൂർ 40 മിനിറ്റ് നേരം വിമാനങ്ങൾ പുറപ്പെടുന്നതിന് വിലക്കുണ്ടാവും. സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കുന്ന രാത്രി ഒമ്പതു മണി വരെ വിമാന സർവീസുകളിൽ നിയന്ത്രണമുണ്ടാകും. ബ്രിട്ടീഷ് എയർവേസ് നേരത്തെ ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുമെന്ന് എയർലൈൻ വൃത്തങ്ങൾ പറഞ്ഞു.

യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളിലെ പ്രധാന തെരുവുകളിൽ സ്ഥാപിച്ച വലിയ സ്‌ക്രീനുകളിലും സംസ്‌കാരച്ചടങ്ങുകൾ തൽസമയം കാണിക്കുന്നുണ്ട്. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ഇന്നു രാവിലെ 6.30 വരെയാണു പൊതുജനങ്ങൾക്കു പ്രവേശനം. ഇവിടേയ്ക്ക് ജനം പ്രവഹിക്കുകയാണ്. സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, രാഷ്ട്രപതി ദ്രൗപദി മുർമു തുടങ്ങി നൂറിലേറെ ലോകനേതാക്കൾ സംസ്‌കാരച്ചടങ്ങിനായി ലണ്ടനിലെത്തിയിട്ടുണ്ട്. നേതാക്കൾ ഇന്നലെ ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തി.

യുകെയിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. രാത്രി 8 നു ഒരു മിനിറ്റ് രാജ്യം മൗനാചരണം നടത്തും. രാവിലെ 11 നു വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് മൃതദേഹവുമായുള്ള പേടകം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കു കൊണ്ടുപോകും. 8 കിലോമീറ്റർ യാത്രയിൽ 1600 സൈനികർ അകമ്പടിയേകും.സുരക്ഷയ്ക്കായി 10,000 പൊലീസുകാരെയാണു വിന്യസിച്ചിരിക്കുന്നത്.

കൊട്ടാരത്തിലേക്കു നീളുന്ന 'ദ് ലോങ് വോക്' നിരത്തിലൂടെയാണ് അന്ത്യയാത്ര. കഴിഞ്ഞവർഷം മരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികെ, കിങ് ജോർജ് ആറാമൻ മെമോറിയൽ ചാപ്പലിലാണു രാജ്ഞിയുടെ അന്ത്യവിശ്രമം.

രാജ്ഞിയെ അവസാനമായി ഒരു നോക്ക് കാണാൻ ജനങ്ങൾ ക്യൂ നിൽക്കുകയാണ്. ദിവസം മുഴുവനും കാത്തുനിൽക്കേണ്ടിവരുന്ന സാഹചര്യത്തിൽ, യാത്ര ഒഴിവാക്കാൻ സർക്കാർ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ജനപ്രവാഹം തുടരുകയാണ്. ഇംഗ്ലണ്ടിന്റെ മുൻ ഫുട്‌ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാം 13 മണിക്കൂർ വരി നിന്നാണ് രാജ്ഞിക്ക് ആദരം അർപ്പിച്ചത്. നാളെയാണു സംസ്‌കാരച്ചടങ്ങുകൾ.

വെള്ളിയാഴ്ച രാത്രി ചാൾസ് രാജാവും മൂന്നു സഹോദരങ്ങളും രാജ്ഞിയുടെ മൃതദേഹത്തിനരികെ മൗനമായി നിന്നു. ഇന്നലെ വില്യവും ഹാരിയും അടക്കം രാജ്ഞിയുടെ 8 കൊച്ചുമക്കളും സന്നിഹിതരായിരുന്നു.

നാളെ അന്ത്യയാത്രയ്ക്ക് അകമ്പടി പോകുന്ന നൂറുകണക്കിനു ബ്രിട്ടിഷ് കരസേന, വ്യോമസേന, നാവികസേനാംഗങ്ങൾ ഇന്നലെ പൂർണ റിഹേഴ്‌സൽ നടത്തി. വിൻഡ്‌സർ കൊട്ടാരത്തിലേക്കു നീളുന്ന 'ദ് ലോങ് വോക്' നിരത്തിലാണു പരിശീലനം നടത്തിയത്.

നൂറിലേറെ രാഷ്ട്രത്തലവന്മാർ അടക്കം 2,000 അതിഥികളുടെ സാന്നിധ്യത്തിൽ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണു സംസ്‌കാരച്ചടങ്ങുകൾ. പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വിൻഡ്‌സറിലേക്കു കൊണ്ടുപോകും. കഴിഞ്ഞ വർഷം മരിച്ച ഭർത്താവ് ഫിലിപ് രാജകുമാരന് അരികെയാണു രാജ്ഞിയുടെ അന്ത്യവിശ്രമം.