- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ സാക്ഷിയാകാൻ പോകുന്നത് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള രാഷ്ട്രത്തലവന്മാരുടെ ഒഴുക്കിന്; രണ്ടായിരത്തോളം വിശിഷ്ടാതിഥികൾക്കായി പുഴുതില്ലാത്ത സുരക്ഷാക്രമീകരണങ്ങൾ; എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ശുശ്രൂഷാ വേളയിൽ ശബ്ദവും പാടില്ല; വിമാനങ്ങൾ റദ്ദാക്കി ബ്രിട്ടീഷ് എയർവേയ്സ്
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക ബഹുമതികളോടെ ഉള്ള സംസ്‌കാരത്തിനായി ഒരുങ്ങുകയാണ് ലണ്ടൻ. ബ്രിട്ടനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച ഭരണാധികാരിക്ക് അന്തിമ വിടവാങ്ങൽ നൽകുന്ന നാളിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഒഴിവാക്കാൻ വയ്യ. കാരണം, പതിറ്റാണ്ടുകൾക്കിടെ, ലണ്ടൻ സാക്ഷിയാകുന്നത് ഏറ്റവും വലിയ ലോകരാഷ്ട്രത്തലവന്മാരുടെ ഒഴുക്കിനാണ്. വെസ്റ്റിമിനിസ്റ്റർ ആബെയിലെ സംസ്‌കാര ശുശൂഷ ആലങ്കാരികം മാത്രമല്ല, വികാരഭരിതം കൂടിയാവും. വെസ്റ്റ് മിൻസ്റ്റർ ഹാളിൽ വച്ചിരിക്കുന്ന ശവമഞ്ചത്തിൽ ആയിരങ്ങളാണ് ആദരം അർപ്പിക്കാനെത്തുന്നത്.
ചടങ്ങുകൾ ഇങ്ങനെ
തിങ്കളാഴ്ച ബ്രീട്ടീഷ് സമയം, രാവിലെ 11 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. 2000 ത്തോളം വിശിഷ്ടാതിഥികൾ പങ്കെടുക്കും. വെസ്റ്റ്മിൻസ്റ്റർ ഡീൻ ഡേവിഡ് ഹോയിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്‌കാരച്ചടങ്ങുകളിൽ കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി ചരമപ്രഭാഷണം നടത്തും. രാജകീയ ആചാരങ്ങളോടെയുള്ള മറ്റു നിരവധി ചടങ്ങുകളെ തുടർന്നായിരിക്കും സംസ്‌കാരം.
വെസ്റ്റ്മിൻസ്റ്റർ ഹാളിലെ ഉയർന്ന പ്ലാറ്റ്ഫോമായ കാറ്റഫാൽക്കിൽനിന്ന് ശവമഞ്ചം രാവിലെ 10.30ന് ഹാളിന്റെ വടക്കേ വാതിലിനു പുറത്തെത്തുന്ന ഗൺ കാര്യേജ് വാഹനത്തിലേക്കു മാറ്റും. തുടർന്ന് പ്രത്യേകം തെരഞ്ഞെടുപ്പെട്ട നാവികർ ഈ വാഹനം കയറുപയോഗിച്ചു വലിച്ചുകൊണ്ടുപോകും. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ഗ്രേറ്റ് വെസ്റ്റ് ഡോറിലേക്കുള്ള യാത്രയിൽ രാജകുടുംബാംഗങ്ങൾ കാൽനടയായി മൃതദേഹപേടകത്തെ അനുഗമിക്കും. അവിടെയെത്തിയശേഷം പടിഞ്ഞാറൻ പടവുകൾ കയറി മധ്യഭാഗത്തുകൂടി പ്ലാറ്റ്ഫോമിലേക്കു കൊണ്ടുപോകും. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ 2,200 പേർക്കാണു പ്രവേശനസൗകര്യമുള്ളത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് വൻ സുരക്ഷാ നടപടികൾക്ക് ബ്രിട്ടൻ തുടക്കമിട്ടു. ദ് ബീസ്റ്റ് എന്നറിയപ്പെടുന്ന െബെഡന്റെ കവചിത വാഹനത്തിൽത്തന്നെ സംസ്‌കാരസ്ഥലത്തേക്കു പോകാൻ അദ്ദേഹത്തെ അനുവദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് തുടങ്ങിയവരും അവരവരുടെ വാഹനത്തിൽത്തന്നെ എത്തുമെന്നറിയുന്നു. മറ്റുള്ളവരെ പ്രത്യേക ബസിലായിരിക്കും ആബിയിലേക്കു കൊണ്ടുപോകുക. റഷ്യ, ബെലാറസ്, അഫ്ഗാനിസ്ഥാൻ, മ്യാന്മർ, സിറിയ, വെനിസ്വേല എന്നീ രാഷ്ട പ്രതിനിധികൾ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
സംസ്‌കാര സമയത്ത് ശബ്ദം അരുത്
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സമയത്ത് ശബ്ദം കുറയ്ക്കാനും നടപടി സ്വീകരിച്ചു. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്നുള്ള 100 വിമാനങ്ങളുടെ സർവീസ് ബ്രിട്ടീഷ് എയർവേസ് റദ്ദാക്കി. മറ്റു വിമാനങ്ങളുടെ സമയക്രമം മാറ്റി. ഇതോടെ, 15% സർവീസുകളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രാദേശിക സമയം പകൽ 11.40 മുതൽ 12.10 വരെ അരമണിക്കൂർ നേരം വിമാനസർവീസുകൾ ഒന്നുമുണ്ടാകില്ല. സംസ്‌കാരത്തിന്റെ അവസാന സമയം രണ്ടു മിനിറ്റ് നിശബ്ദത പാലിക്കും ഈ സമയവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മാത്രമല്ല, രാജ്ഞിയുടെ ഭൗതികശരീരവുമായി പ്രദക്ഷിണം നടക്കുമ്പോൾ ഉച്ചകഴിഞ്ഞ് 1.45 മുതൽ 35 മിനിറ്റു നേരം ഹീത്രോയിൽ വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കില്ല. പ്രദക്ഷിണം വിൻഡ്‌സർ കാസിലിലേക്ക് അടുക്കുമ്പോൾ വൈകുന്നേരം 3.05ന് ഒരു മണിക്കൂർ 40 മിനിറ്റ് നേരം വിമാനങ്ങൾ പുറപ്പെടുന്നതിനും വിലക്കുണ്ടാകും. സംസ്‌കാര ചടങ്ങുകൾ പൂർത്തിയാകുന്ന രാത്രി 9 മണി വരെ വിമാന സർവീസുകളിൽ നിയന്ത്രണം ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ