തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുസ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ എന്ന രീതിയിൽ പുതിയ ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനം. ഇക്കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. സംസ്ഥാനത്തെ പൊതു സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ എന്ന രീതിയിലായിരിക്കും പുതിയ ഓർഡിനൻസ് എന്ന് ബിന്ദു പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളുടെ ഭാഗമാണ് ഇതെന്നും, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കാനുള്ള തീരുമാനം വിശദീകരിച്ചുകൊണ്ട് ബിന്ദു പറഞ്ഞു.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്‌കൃത സർവകലാശാലകൾക്ക് പൊതുവായി ഒരു ചാൻസലറെയാവും നിയമിക്കുക. സാങ്കേതിക സർവകലാശാല, കുസാറ്റ്, ഡിജിറ്റൽ സർവകലാശാല എന്നിവയ്ക്ക് പൊതുവായ ചാൻസലർ ഉണ്ടാവും. കാർഷിക, ആരോഗ്യ, ഫിഷറീസ് സർവകലാശാലകൾക്ക് പ്രത്യേകം ചാൻസലർമാരെ നിയോഗിക്കുമെന്നും ബിന്ദു പറഞ്ഞു.

വിദ്യാഭ്യാസ വിചക്ഷണരെ ചാൻസലർമാരായി നിയമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തു സർക്കാർ തുടക്കമിട്ടിട്ടുള്ള പരിഷ്‌കരണ നടപടികൾക്ക് ഇത് ഊർജം പകരം. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിനായി നിയോഗിച്ച വിവിധ സമിതികളുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. ഓർഡിനൻസിൽ ഒപ്പിടേണ്ട ഭരണഘടനാ ബാധ്യത ഗവർണർ നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, ചോദ്യത്തിനു മറുപടിയായി ആർ ബിന്ദു പറഞ്ഞു.

കേരളത്തിലെ മുഴുവൻ സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാമെന്ന് സംസ്ഥാന സർക്കാരിന് മുതിർന്ന ഭരണഘടന വിദഗ്ധരിൽനിന്ന് നിയമോപദേശം നേരത്തെ ലഭിച്ചു. മുൻ അറ്റോർണി ജനറൽ ഉൾപ്പെടെയുള്ളവരിൽനിന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചത്. ചാൻസലർമാരാകുന്ന വിദ്യാഭ്യാസ വിദഗ്ദർക്ക് ശമ്പളം ഉൾപ്പടെയുള്ള പ്രതിഫലം നൽകില്ല. അധികസാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നിർദേശമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സർവകലാശാലകളിൽ മുഖ്യമന്ത്രിയെ ചാൻസലർ ആക്കികൊണ്ടുള്ള ബില്ല് ബംഗാൾ നിയമസഭ പാസാക്കിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടാണ് മുഖ്യമന്ത്രിയെ ചാൻസലർ ആക്കിയത്. സമാനമായ രീതിയിൽ കേരളത്തിലും ബില്ല് പാസാക്കുന്നതിനെ സംബന്ധിച്ചാണ് സർക്കാർ നിയമ ഉപദേശം തേടിയിരുന്നത്.

എന്നാൽ വിവിധ കേന്ദ്ര നിയമങ്ങളും, ചട്ടങ്ങളും, കോടതി വിധികളും കണക്കിലെടുത്താണ് ഭരണഘടന വിദഗ്ദ്ധർ സർക്കാറിന് രണ്ട് ശുപാർശകൾ അടങ്ങിയ നിയമ ഉപദേശം കൈമാറിയത്. ഏത് ശുപാർശ അംഗീകരിക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.