- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജ് കാലത്തെ ചുവടുകളും ഓർമ്മകളും കൂടൽമാണിക്യത്തിൽ തിരിച്ചു പിടിക്കാൻ മന്ത്രി ബിന്ദു ടീച്ചർ! കഥകളി ചുവടുമായി അവതരിപ്പിക്കുക ദമയന്തിയുടെ വേഷം; തോഴിമാരും ഹംസവും എല്ലാം കൂട്ടുകാരികൾ; ശിഷ്യയുടെ തിരിച്ചുവരവ് ഗംഭീരമാക്കാൻ ഗുരു കലാനിലയം രാഘവൻ; പിണറായിയുടെ വനിതാ മന്ത്രി ദമയന്തിയാകുമ്പോൾ
തൃശൂർ : മന്ത്രി ഡോ.ആർ.ബിന്ദു ദമയന്തിയാകുന്നു. കോളേജ് കാലത്തെ ചുവടും ഓർമ്മകളും തിരിച്ചുപിടിച്ച് ദമയന്തിയുടെ ചമയങ്ങളുമായി ബിന്ദു അരങ്ങിലെത്തുകയാണ്. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് മന്ത്രി ബിന്ദു കഥകളി അരങ്ങിലേക്ക് എത്തുന്നത്. പത്തുവർഷം ഭരതനാട്യവും, കലാനിലയം രാഘവന്റെ ശിഷ്യയായി പതിമൂന്നുവർഷം കഥകളിയും പരിശീലിച്ചിട്ടുണ്ട് മന്ത്രി ബിന്ദു. കേരള വർമ്മ കോളേജ് ഇംഗ്ലീഷ് വകുപ്പ് മേധാവിയും വൈസ് പ്രിൻസിപ്പാളുമായിരുന്ന അവർ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന കവി, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയാണ്.
കൂടൽമാണിക്യം ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ അഞ്ചാം ദിനമായ നാളെ രാത്രി ഏഴിന് സംഗമം വേദിയിൽ നളചരിതം ഒന്നാം ദിവസം കഥകളിയിലാണ് മന്ത്രി ആർ.ബിന്ദു വീണ്ടും ചായമിടുന്നത്. 1980കളുടെ അവസാനം കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കഥകളി കിരീടം നേടിയിരുന്നു ബിന്ദു. ബിന്ദുവിന്റെ പ്രിയപ്പെട്ട കഥാപാത്രമാണ് ദമയന്തി. പതിമൂന്നാം വയസ് മുതൽ ഗുരുവായ കലാനിലയം രാഘവൻ ആശാന്റെ നേതൃത്വത്തിലാണ് കഥകളി അവതരണം. പിണറായി മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ് ബിന്ദുവിന്. ഔദ്യോഗിക തിരക്കിനിടെയിലും ചിട്ടയായ പരിശീലനവുമായാണ് ബിന്ദു അരങ്ങിലേക്ക് എത്തുന്നത്.
ആശാന്റെ മകൾ ജയശ്രീ ഗോപിയും സി.എം.ബീനയും ദമയന്തിയുടെ തോഴിമാരായി അരങ്ങത്തെത്തും. ഒന്നര മണിക്കൂർ കഥകളിയിൽ ജയന്തി ദേവരാജ് 'ഹംസ' മായി ചേരും. മന്ത്രിയെ അരങ്ങിലെത്തിക്കാൻ രാഘവനാശാൻ മുന്നിലുണ്ട്. കുട്ടിക്കാലം മുതൽ കഥകളിയുൾപ്പെടെ എല്ലാ മേഖലയിലും മികവ് തെളിയിച്ച വിദ്യാർത്ഥിയായിരുന്നു ആർ.ബിന്ദു. ക്ഷേത്രപരിസരത്തോട് ചേർന്ന് കൂടൽമാണിക്യം ദേവസ്വം നിർമ്മിച്ച പുതിയ വേദിയിൽ ബിന്ദുവിനൊപ്പം നൂറ് കണക്കിന് കലാകാരന്മാരും പരിപാടികൾ അവതരിപ്പിക്കും.
വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനരംഗത്തേയ്ക്ക് വന്ന ഡോ. ആർ. ബിന്ദു പതിനെട്ടാം വയസ്സിൽ വിദ്യാർത്ഥി പ്രതിനിധിയായും, പിന്നീട് അദ്ധ്യാപികയായിരിക്കെയും കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കെറ്റ് അംഗമായി പ്രവർത്തിച്ചിരുന്നു. കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലും അക്കാദമിക് കൗൺസിലിലും അംഗമായിരുന്നു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്, ജവഹർലാൽ നെഹ്റു സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നാണ് ഡോ. ആർ ബിന്ദു പഠനം പൂർത്തിയാക്കിയ പൂർത്തിയാക്കിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ മൂന്നാം റാങ്കോടെ എംഎയും, തുടർന്ന് എംഫിലും പിഎച്ച്ഡിയും നേടി. രണ്ടുതവണ തൃശൂർ കോർപ്പറേഷൻ കൗൺസിലർ, തൃശൂർ കോർപ്പറേഷനിലെ ആദ്യ വനിത മേയർ. ആദ്യ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ അഡൈ്വസറി ബോർഡ് അംഗം. കുടുംബശ്രീ സംസ്ഥാന ഗവേണിങ് ബോഡി അംഗം, ദേശീയ സാക്ഷരതാമിഷൻ സംസ്ഥാന റിസോഴ്‌സ് സെന്റർ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
സിപിഎം തൃശൂർ ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര നിർവാഹകസമിതി അംഗവും എകെപിസിടിഎ മുൻ സംസ്ഥാന പ്രവർത്തകസമിതി അംഗവുമാണ് ബിന്ദു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജരാഘവനാണ് ഭർത്താവ്. ഇരിങ്ങാലക്കുടയിൽ നിന്നാണ് ബിന്ദു ജയിച്ച് എംഎൽഎയായത്.
മറുനാടന് മലയാളി ബ്യൂറോ