- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നളിനി നെറ്റോയെ പുറത്താക്കാൻ ശിവശങ്കര ബുദ്ധിയിൽ തെളിഞ്ഞ നിയമനം; രണ്ടാം പിണറായി സർക്കാരിൽ ഓഫീസർ ഓൺ ഓഫീസ് ഡ്യൂട്ടി; സംസ്കൃത അദ്ധ്യാപികയെ മലയാളം നിഘണ്ടു നൽകാനുള്ള നീക്കവും രാജിയായി; ഇപ്പോൾ ഈ പ്രഫസറുടെ യാത്ര ഭർത്താവിന്റെ സർക്കാർ വാഹനത്തിൽ; മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്റെ കാർ ദുരുപയോഗം പുറത്ത്
തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയത്തെ വീട്ടിൽ നിന്ന് വഞ്ചിയൂരിലെ കാലടി സർവ്വകലാശാല ക്യാമ്പസിലേക്ക് രാവിലെ വരവ്. വൈകിട്ട് മടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആർ മോഹന്റെ ഭാര്യക്ക് യാത്രചെയ്യാൻ സെക്രട്ടറിയേറ്റിൽ നിന്നും വാഹനം എത്തുന്നത് വിവാദത്തിൽ. സർവകലാശാല അദ്ധ്യാപികയായ ഡോ.പൂർണ്ണിമ മോഹൻ വഞ്ചിയൂരിലെ കോളേജിലേക്ക് വരുന്നതും പോകുന്നതും ആർ മോഹനന് സർക്കാർ അനുവദിച്ച വാഹനത്തിലാണ്.
പ്രിൻസിപ്പൽ സെക്രട്ടറിമാർ മുതൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ വരെ പന്ത്രണ്ട് ഇനത്തിലെ ജീവനക്കാർക്കാണ് കാറു ഉപയോഗിക്കാൻ അനുവാദമുള്ളത്. എന്നാൽ വീട്ടിലുള്ളവർക്ക് അതിന് അർഹതയുമില്ല. ഇതാണ് ലംഘിക്കപ്പെടുന്നത്. ഇതിന് സമാനമായി മറ്റൊരു ഉന്നതന്റെ ഭാര്യ കൊച്ചിയിൽ ജോലിക്ക് പോകുന്നതും സർക്കാർ വാഹനത്തിലാണ്. ഇവർക്ക് വേണ്ടി എല്ലാ ആഴ്ചയും ഒരു കാർ സെക്രട്ടറിയേറ്റിൽ നിന്ന് കൊച്ചിയിലേക്ക് പോകും. ഒരാഴ്ചയാകുമ്പോൾ പകരം വണ്ടിയും പകരം ഡ്രൈവറും സെക്രട്ടറിയേറ്റിൽ നിന്ന് കൊച്ചിയിലെത്തും. ഇത്തരം കഥകൾ സെക്രട്ടറിയേറ്റിൽ പാട്ടാണ്. ഇതിനിടെയാണ് തിരുവനന്തപുരത്ത് കൈയോടെ കള്ളനെ കണ്ടെത്തുന്നത്.
അക്ഷരാർത്ഥത്തിൽ ഗുരുതര തെറ്റാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ആർ മോഹനനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലും പുറത്താക്കേണ്ടതുണ്ട്. എന്നാൽ അതൊന്നും നടക്കില്ലെന്നതാണ് വസ്തുത. എല്ലാ തെളിവുമായി കള്ളനെ പിടിച്ചാലും ഒന്നും സംഭവിക്കില്ലെന്നതാണ് വസ്തുത. ഈ വാർത്തയോട് ബന്ധപ്പെട്ട ആരും പ്രതികരിക്കുന്നുമില്ല. എല്ലാം പരിശോധനയിൽ ഒതുക്കി വിവാദം അവസാനിപ്പിക്കും വരെ മൗനം തുടരാനാകും സർക്കാർ നീക്കം.
ഇന്ത്യൻ റവന്യു സർവീസിൽ നിന്നും സ്വയം വിരമിച്ച ശേഷം ഒന്നാം പിണറായി മന്ത്രിസഭ മുതൽ മുഖ്യമന്ത്രിയുടെ ഓഫീസൽ ജോലി ചെയ്യുന്ന വ്യക്തിയാണ് ആർ മോഹൻ. മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സഹോദരൻ. ആദ്യ എൽഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഈ നിയമനം വന്നതോടെയാണ് നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി ഒഴിഞ്ഞത്. ഇതിന് ശേഷമാണ് എല്ലാ ആർത്ഥത്തിലും ശിവശങ്കർ പിടിമുറുക്കിയതും മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വർണ്ണ കടത്ത് വിവാദമെത്തിയതും. നളിനി നെറ്റോ സ്വയം ഒഴിയാനുള്ള ശിവശങ്കര ബുദ്ധിയായിരുന്നു ആർ മോഹനനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചത്.
രണ്ടാം പിണറായി സർക്കാരിൽ മോഹനന് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയിലേക്ക് നിയമനം ലഭിച്ചു. ഭാര്യ ഡോ.പൂർണ്ണിമ മോഹൻ കാലടി സർവകലാശാലയുടെ വഞ്ചിയൂരുള്ള സെന്ററിൽ പ്രൊഫസറാണ്. സർവകലാശാല അദ്ധ്യാപികമാർക്ക് സർക്കാർ വാഹനമില്ല. എന്നാൽ ഡോ.പൂർണ്ണിമാ മോഹനെ കോളേജിലെത്തിക്കാനും തിരികെ കൊണ്ടു പോകാനും സ്റ്റേറ്റ് കാർ എത്തും. ഡോ.പൂർണ്ണിമ മോഹൻ വഞ്ചിയൂരിലെ കോളേജിലേക്ക് വരുന്നതും പോകുന്നതും ആർ മോഹന് സർക്കാർ അനുവദിച്ച വാഹനത്തിലാണ്.
എല്ലാം ദിവസവും രാവിലെ കോളേജിലേക്കും വൈകിട്ട് നാല് മണിക്ക് കോളേജിൽ നിന്നും നേരെ പത്ത് കിലോമീറ്റർ അപ്പുറം നെട്ടയത്തുള്ള വീട്ടിലേക്കും പോക്ക് വരവ് സർക്കാർ വാഹനത്തിലാണ്. അദ്ധ്യാപികയെ വീട്ടിൽ ഇറക്കിയ ശേഷം തിരികെ വണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തും. പിന്നെ മോഹനനും വീട്ടിലെത്തും. സംസ്‌കൃതം അദ്ധ്യാപികയായ പൂർണിമാ മോഹനെ കേരള സർവകലാശാലയുടെ മലയാളം നിഘണ്ടു വിഭാഗത്തിന്റെ തലപ്പത്ത് ചട്ടംലംഘിച്ച് കൊണ്ടുവന്നത് നേരത്തെ വിവാദമായിരുന്നു.
ഗവർണറുടെ അടുക്കൽ പരാതി എത്തിയപ്പോൾ ഡോ. പൂർണ്ണിമ രാജിവച്ചു. അതിന് ശേഷമാണ് കാലടി സർവകലാശാലയുടെ തിരുവനന്തപുരത്തെ സെന്ററിലേക്ക് എത്തുന്നത്. രണ്ട് ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന സർവകലാശാല അദ്ധ്യാപികയാണ് അനർഹമായി സർക്കാർ വണ്ടി ഉപയോഗിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ