കൊച്ചി: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനു പിന്നാലെ സിന്‍ഡിക്കറ്റംഗവും മുന്‍ എംഎല്‍എയുമായ ആര്‍. രാജേഷ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന്റെ പേരില്‍ സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഒരുങ്ങുമ്പോള്‍ പ്രതിരോധമൊരുക്കുക അസാധ്യമെന്ന തിരിച്ചറിവില്‍ സിപിഎം. ഹര്‍ജി പരിഗണിക്കവെ, രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണു നടപടി തുടങ്ങിയത്. രാജേഷ് പരിധി വിട്ടുവെന്നാണ് സിപിഎം വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ രാജേഷ് പരസ്യ മാപ്പപേക്ഷ നല്‍കും. ഇത് ഹൈക്കോടതി മുഖവിലയ്ക്ക് എടുക്കുമോ എന്നതാണ് നിര്‍ണ്ണായകം. സര്‍വ്വകലാശാലകളുടെ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബഞ്ചില്‍ കടുത്ത സംഘപരിവാര്‍ അനുകൂലികളെ ബോധപൂര്‍വ്വം നിയമിക്കുന്നുവെന്നും രാജേഷ് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

'ഹൈക്കോടതിയില്‍ ഇരിക്കുന്നത് നീതിദേവതയാണ്, കാവിക്കൊടിയേന്തിയ സ്ത്രീയല്ല' എന്ന തലക്കെട്ടില്‍ കുറിച്ച പോസ്റ്റിനെയാണു കോടതി വിമര്‍ശിച്ചത്. പോസ്റ്റ് ന്യായാധിപന്റെ സല്‍പ്പേരിനെയും കോടതിയെയുമാണ് കളങ്കപ്പെടുത്തുന്നത്. സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട രാജേഷിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. ഇതു വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമമായി കാണേണ്ടിവരും. ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം ജസ്റ്റീസ് ഡികെ സിങാണ് രൂക്ഷ വിമര്‍ശനം രാജേഷിനെതിരെ ഉന്നയിച്ചത്. അതിന് മുമ്പ് ഈ കേസ് പരിഗണിച്ചത് ജസ്റ്റീസ് നഗരേഷ് ആയിരുന്നു. ജസ്റ്റീസ് നഗരേഷിനെയാണ് രാജേഷ് പോസ്റ്റിലൂടെ വിമര്‍ശിച്ചതെന്നാണ് വിലയിരുത്തല്‍.

സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ജഡ്ജിമാരെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട രാജേഷിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി നല്‍കുന്നത് കടുത്ത നടപടികളുടെ സൂചനയാണ്. 'ഹൈക്കോടതിയില്‍ ഇരിക്കുന്നത് നീതിദേവതയാണ്, കാവിക്കൊടിയേന്തിയ സ്ത്രീയല്ല' എന്ന തലക്കെട്ടില്‍ കുറിച്ച പോസ്റ്റിനെയാണ് ജസ്റ്റിസ് ഡി.കെ. സിങ് കടുത്തഭാഷയില്‍ വിമര്‍ശിച്ചത്. രാജേഷിന്റെപേരില്‍ സ്വമേധയാ ക്രിമനല്‍കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ കോടതി 'മരിച്ചാലേ തന്നെ സമ്മര്‍ദത്തിലാക്കാനാകൂ' എന്നും പറഞ്ഞു.

പോസ്റ്റ് ന്യായാധിപന്റെ സത്പേരിനെയും ഹൈക്കോടതിയെയുമാണ് കളങ്കപ്പെടുത്തുന്നത്. അതിനാല്‍ സ്വമേധയാ ക്രിമിനല്‍നടപടി സ്വീകരിക്കുകയാണ് -കോടതി പറഞ്ഞു. കോടതിയില്‍ നിന്നും നോട്ടീസ് കിട്ടിയാല്‍ ഉടന്‍ തന്നെ രാജേഷ് സ്വമേധയാ മാപ്പു പറയും. വിവാദ പോസ്റ്റ് ഇനിയും രാജേഷ് പിന്‍വലിച്ചിട്ടില്ല. പ്രത്യക്ഷ കോടതിയലക്ഷ്യം തന്നെയാണ് ആ പോസ്റ്റ്.

ആര്‍ രാജേഷിന്റെ വിവാദ പോസ്റ്റ് ചുവടെ

ഹൈക്കോടതിയില്‍ ഇരിക്കുന്നത് നീതിദേവതയാണ് കാവിക്കൊടിയേന്തിയ സ്ത്രീയല്ല

നിങ്ങളില്‍ ചിലര്‍ ആരുടെ പാതയാണ് പിന്തുടരുതെന്ന് നാട് മനസ്സിലാക്കട്ടെ ...

നിങ്ങളുടെ വിധികള്‍ ആര്‍ക്കുവേണ്ടിയാണെന്ന് നാട് വിലയിരുത്തട്ടെ .....

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനാണ് തകര്‍ത്ത് കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് ....

ഇതിന് വ്യത്യസ്ഥമായ വഴികളാണവര്‍ സ്വീകരിക്കുന്നത്

1. സര്‍വ്വകലാശാലകളെ രാഷ്ട്രീയമായി നിയന്ത്രിക്കുവാന്‍ മാത്രമായി ചാന്‍സലര്‍മാരെ ചുമതലപ്പെടുത്തുന്നു.

2. തങ്ങള്‍ക്കിഷ്ടപ്പെട്ട വൈസ് ചാന്‍സലര്‍മാരെ യോഗ്യതകള്‍ പോലും പരിഗണിക്കാതെ നിയമിക്കുന്നു....

ഇതിനെ ചോദ്യം ചെയ്യാന്‍ ആവില്ലേ ?

അവിടെയാണ് ഏറ്റവും വലിയ ഇടപെടല്‍ കേന്ദ്രം നടത്തുന്നത്. സര്‍വ്വകലാശാലകളുടെ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബഞ്ചില്‍ കടുത്ത സംഘപരിവാര്‍ അനുകൂലികളെ ബോധപൂര്‍വ്വം നിയമിക്കുന്നു.

ഹൈക്കോടതിയിലെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ച് വിധി പറയുന്നത്...

സംഘപരിവാര്‍

ആഭിമുഖ്യമുള്ളവര്‍ ...

നമുക്ക് സമീപകാല ചില വിധികള്‍ പരിശോധിക്കാം

കേസ് 1

കേരള സര്‍വ്വകലാശാല VC യുടെ താത്കാലിക ചുമതല വഹിക്കുന്ന മോഹന്‍ കുന്നുമ്മല്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ മാത്രം. ആണ് .. പ്രായം 68 കഴിഞ്ഞു.

എന്താണ് കേരളസര്‍വകലാശാല VC ആകുന്നതിനുള്ള നിയമപരമായ യോഗ്യത ?

വൈസ് ചാന്‍സലര്‍ ആകുവാന്‍ പ്രൊഫസറായി 10 വര്‍ഷം പരിചയം ഉണ്ടാകണം

പ്രായം 65 കഴിയുവാന്‍ പാടില്ല.

എന്നാല്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലാറുകുവാന്‍ മോഹന്‍ കുന്നുമ്മലിന് ഈ 2 യോഗ്യതകള്‍ ഉണ്ടോ ?

(a) പത്ത് വര്‍ഷംഅനുഭവ സമ്പത്തില്ലായെന്ന് മാത്രമല്ല ,പ്രൊഫസറേ അല്ല അദ്ദേഹം.

(b) 65 വയസ്സ് കഴിഞ്ഞ് 68 ആയപ്പോഴാണ് പുനര്‍ നിയമനം ചാന്‍സലര്‍ കൊടുത്തത്.

ഈ കാര്യം ചോദ്യം ചെയ്ത് യോഗ്യരായവര്‍ കൊടുത്ത ഹര്‍ജിയില്‍ എന്തായിരുന്നു വിധി ?

ഹര്‍ജി പരിഗണിക്കവേ താത്കാലിക VC ക്ക് ഈ യോഗ്യതകള്‍ ഇല്ല എന്ന വാദം അംഗീകരിച്ച കോടതി താത്കാലിക VC യെ ചുമതലയില്‍ തുടരാന്‍ അനുവദിച്ചത് എന്തിന് ?

താത്കാലിക വിസി സംഘപരിവാറുകാരനാണ് എന്നത് മാത്രം കാരണം

ഇവിടെ വിജയിച്ചത് നീതിദേവതയോ കാവിക്കൊടിയേന്തിയ സ്ത്രീയോ ?

Case 2

സര്‍വ്വകലാശാല സെനറ്റിലേക്ക് നിയമിക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധിക്ക് 30 വയസ്സ് കഴിയാത്തയാളാവണം എന്നതാണ് നിയമം

30 വയസ്സു കഴിഞ്ഞ വ്യക്തിയുടെ സെനറ്റ് പ്രവേശനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ എത്ര കാലമായി വിധി പറയാതെ മാറ്റി വച്ചിരിക്കുന്നു ?

വലതുപക്ഷ പ്രതിനിധിക്കെതിരായ വിധി വരും എന്നതുകൊണ്ടാണ് വൈകുന്നത് എന്ന് സംശയിച്ചാല്‍ തെറ്റുപറയാനാകുമോ ?

Case 3

രജിസ്ട്രാര്‍കേസില്‍ എന്താണ് സംഭവിക്കുന്നത് ?

(a) കേരള സര്‍വ്വകലാശാല രജിസ്ട്രാറെ Suspend ചെയ്യാന്‍ VC ക്കധികാരമുണ്ടാ ?

* ഇല്ല .

രജിസ്ട്രാറുടെ നിയമനം നടത്തുന്നത് പൂര്‍ണ്ണമായി സിന്‍ഡിക്കേറ്റാണ്

(b) രജിസ്ട്രാറെ നിലവില്‍ Suspend ചെയ്യുവാന്‍ VC എടുത്ത മാര്‍ഗ്ഗം എന്ത് ?

* സര്‍വ്വകലാശാലയില്‍ 2 സിന്‍ഡിക്കേറ്റുകള്‍ കൂടുന്നതിനിടയില്‍ അടിയന്തിരമായി ഏതെങ്കിലും നയപരമല്ലാത്ത തീരുമാനം എടുക്കണമെങ്കില്‍ VC ക്ക് university act ന്റെ 10 (13) അനുസരിച്ച് തീരുമാനിക്കാം

* act 10 (13) അനുസരിച്ച് VC ക്ക് എന്തും തീരുമാനിക്കാമോ ?

* ഇല്ല , അനിവാര്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ചെറിയ ചില ഫണ്ടുകള്‍ എന്നിവ അനുവദിക്കാം

* അതില്‍ത്തന്നെ അച്ചടക്ക നടപടികളോ, നിയമനങ്ങളോ സ്വീകരിക്കാന്‍ പാടില്ല.

* അച്ചടക്ക നടപടി സ്വീകരിക്കാന്‍ പാടില്ല എന്ന് university act ന്റെ തന്നെ 10 (14) പറയുന്നു,

VC ക്ക് 10 ( 13 ) ഉപയോഗിച്ച് മേല്‍പ്പറഞ്ഞ ചില അപ്രധാന തീരുമാനങ്ങളെടുക്കാമെങ്കിലും 10(14) അനുസരിച്ച് അച്ചടക്ക നടപടികള്‍ എടുക്കാന്‍ പാടില്ല എന്ന് കര്‍ശനമായി പറയുന്നു.

10(13) അനുസരിച് താത്കാലികമായി VC ഏത് കാര്യം തീരുമാനിച്ചാലും അന്തിമ അനുവാദത്തിനായി ഈ വിഷയം സിന്‍ഡിക്കേറ്റിന്റെ മുന്‍പാകെ കൊണ്ടുവന്ന് സിന്‍ഡിക്കേറ്റ് അന്തിമ തീരുമാനമെടുക്കണം .

(e) VC ക്ക് registrar നെ Suspend ചെയ്യാന്‍ അധികാരമുണ്ടോ ?

ഇല്ല , രജിസ്ട്രാര്‍ ന് താഴെ ജോയിന്റ് രജിസ്ട്രാര്‍മാര്‍ , താഴെ ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ , താഴെ അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍

പിന്നീട് സെക്ഷന്‍ ആഫീസര്‍മാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ എന്ന നിലയിലാണ് സര്‍വ്വകലാശാല ഉദ്യോഗസ്ഥരുടെ ശ്രേണി

ഇതില്‍ താഴെ നിന്ന് AR (അസിസ്റ്റന്റ് രജിസ്ട്രാര്‍ ) വരെയുള്ളവരെ മാത്രമേ VC ക്ക് നടപടി സ്വീകരിക്കാനാകൂ.

DR, JR മാര്‍ & രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരായി നടപടി VC ക്ക് സ്വീകരിക്കാനാവില്ല

നടപടി സ്വീകരിക്കാന്‍ അധികാരം നിയമനാധികാരിയായ സിന്‍ഡിക്കേറ്റാണ്.

ഇത് മറികടന്നാണ് VC രജിസ്ട്രാറെ സസ്പന്റ് ചെയ്തത്.

(f) സസ്പന്റ് ചെയ്യുന്നതിന് മുന്‍പ് ഏതൊരാള്‍ക്കും കിട്ടേണ്ട ആനുകൂല്യം തന്റെ ഭാഗം കേള്‍ക്കുക എന്നത് ലഭിച്ചിട്ടുണ്ടോ ?

അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കുവാന്‍ ഒരു കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരുന്നോ ?

ഇത്രയും നിയമ വിരുദ്ധതയാണ് ഈ സസ്‌പെന്‍ഷന്റെ പിറകിലുള്ളത്..

പ്രഥമദൃഷ്ട്യാ തന്നെ ഈ നിയമ വിരുദ്ധതകള്‍ എന്തേ കോടതി കാണാതെ പോയി ?

എന്തുകൊണ്ട് പരിപൂര്‍ണ്ണമായ ഈ നിയമ വിരുദ്ധത നിര്‍ത്തി വച്ചില്ല ?

ഈ കേസിന്റെ മെറിറ്റ് കാണാതെ കേവലം ഭാരതാംബയെ അറിയില്ലേ എന്ന അപക്വമായ ഭാഗത്തല്ലേ കോടതി നിന്നത് ?

കോടതി യിലെ ചിലര്‍ ആര്‍ക്കൊപ്പമാണ്

നീതിദേവതയ്‌ക്കൊപ്പമോ

കാവിക്കൊടിയേന്തിയ സ്ത്രീക്കൊപ്പമോ ....

- R. രാജേഷ്

കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം