തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തെന്ന കേസിൽ റിവ്യൂ ഹർജി നൽകിയ ആർ എസ് ശശികുമാറിനെ ലോകായുക്ത രൂക്ഷമായി വിമർശിച്ചിരുന്നു. ടി വിയിലൊക്കെ നന്നായി വാദിക്കുന്നുണ്ടല്ലോ, മുഖ്യമന്ത്രി സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടിട്ടുണ്ടോേ എന്നും റിവ്യൂ ഹർജി പരിഗണിക്കവേ ലോകായുക്ത ചോദിച്ചിരുന്നു. അതസമയം, ന്യായാധിപന്മാരിൽ നിന്ന് ഒരിക്കലും വില കുറഞ്ഞ തരത്തിലുള്ള വിമർശനങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഹർജിക്കാരനായ ആർ എസ് ശശികുമാർ പ്രതികരിച്ചു.

ലോകായുക്തയുടെ ഭാഗത്ത് നിന്നുണ്ടായ വിമർശനങ്ങൾ നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. 2019ൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് തീർപ്പ് കൽപ്പിച്ച ഹർജിയുടെ നിലനിൽപ് പരിശോധിക്കാൻ വീണ്ടും തീരുമാനിച്ചതിനാലാണ് റിവ്യൂ ഹർജി ഫയൽ ചെയ്തത്. അതിനെ വ്യക്തിപരമായ അധിക്ഷേപമായി കാണേണ്ടതില്ല. ഒരു വർഷം നീണ്ട വാദം പൂർത്തിയായിട്ടും വീണ്ടും കേസിന്റെ നിയമ സാധുത പരിശോധിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ലംഘനമാണ്. ഇക്കാര്യമാണ് റിവ്യൂ ഹർജിയിൽ ചൂണ്ടിക്കാട്ടിയതെന്നും ശശികുമാർ വ്യക്തമാക്കി.

ഒരിക്കലും ന്യായാധിപന്മാരിൽ നിന്നും വില കുറഞ്ഞ ഇത്തരത്തിലുള്ള വിമർശനങ്ങൾ പ്രതീക്ഷിച്ചതല്ല. കെ ടി ജലീലും മറ്റൊരു രാഷ്ട്രീയ നേതാവും ലോകായുക്തയെക്കുറിച്ച് മോശമായ ഭാഷയിൽ സംസാരിച്ചത് പോലെ ഞാൻ സംസാരിച്ചിട്ടില്ല. ലോകായുക്തയിൽ വിശ്വാസമുണ്ടെന്നും ലോകായുക്തയുടെ നടപടികളെയാണ് വിമർശിക്കുന്നതെന്നും ആർ എസ് ശശികുമാർ പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ചുചേർത്ത ഇഫ്താർ വിരുന്നിൽ ലോകായുക്തമാർ പങ്കെടുത്തത് സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ്. സ്‌നേഹിതരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അല്ലാതെ മറ്റാരിൽ നിന്നും സമ്മാനങ്ങളോ ആതിഥ്യ മര്യാദയോ സ്വീകരിക്കാൻ പാടില്ലെന്നിരിക്കെ, ഈ നിർദ്ദേശങ്ങൾ മറികടന്ന്, മുഖ്യമന്ത്രിക്കെതിരായ കേസ് സജീവ പരിഗണനയിലിരിക്കെ അതിഥിമാരായി ഇവർ പങ്കെടുത്തതിലെ അനൗചിത്യമാണ് വിമർശിക്കപ്പെട്ടത്.

നടപടികളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വിമർശിച്ച ഹർജിക്കാരനെ തുറന്ന കോടതിയിൽ പരസ്യമായി പേപ്പട്ടിയെന്ന് അധിക്ഷേപിച്ചതിന്റെ ഔചിത്യം ജനങ്ങൾ വിലയിരുത്തും. പേപ്പട്ടി ഹർജിക്കാരെന്റേതായാലും, ലോകയുക്തയുടെതായാലും പേ പിടിച്ചാൽ മാറിപോവുകയല്ല, തല്ലികൊല്ലുകയാണ് വേണ്ടത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്തു ചെയ്യുമെന്നും ആർ.എസ്.ശശികുമാർ ചോദിച്ചു.

ലോകായുക്തയുടെ വിധികൾ പൊതുജനം ചർച്ച ചെയ്യുന്നതാണ്. അതിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുകയാണെന്നും സർക്കാർ ലോകായുക്തയിൽ സ്വാധീനം ചെലുത്തിയതിന് തെളിവുണ്ടെങ്കിൽ പറയണമെന്നും ആർ എസ് ശശികുമാറിന്റെ അഭിഭാഷകനോട് ലോകായുക്ത പറഞ്ഞു. റിവ്യൂ ഹർജി നാളെ വീണ്ടും പരിഗണിക്കും.